Urgent Action | കുമ്പള സിഎച്ച്സിയിലെ ഡയാലിസിസ് കേന്ദ്രം: അനിശ്ചിതത്വം നീക്കണമെന്ന് ആവശ്യം

● ആശുപത്രിയുടെ നവീകരണ പദ്ധതി പോലെ തന്നെ ഡയാലിസിസ് കേന്ദ്രത്തിന്റെ കാര്യവും അനിശ്ചിതത്വത്തിൽ അകപ്പെടുകയായിരുന്നു.
● ഇത് സംബന്ധിച്ച് ദേശീയവേദി യോഗത്തിൽ പ്രസിഡണ്ട് ടികെ അൻവർ അധ്യക്ഷത വഹിച്ചു.
● ട്രഷറർ പിഎം മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.
കുമ്പള: (KasargodVartha) തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ താലൂക്ക് ആശുപത്രിക്ക് താഴെയുള്ള സ്ഥാപനങ്ങളിൽ പുതിയ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കാനുള്ള അനുമതി സർക്കാർ റദ്ദാക്കിയ സാഹചര്യത്തിൽ കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സിഎച്ച്സി) നേരത്തെ അനുവദിച്ചിരുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ അനിശ്ചിതത്വം നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
ഇനിമുതൽ സർക്കാർ താലൂക്ക്, ജനറൽ ആശുപത്രികളിൽ മാത്രമാണ് ഡയാലിസിസ് യൂണിറ്റുകൾ നടത്താൻ അനുമതി നൽകുക എന്നാണ് പുതിയ സർക്കാർ പ്രഖ്യാപനം. എന്നാൽ മുൻപ് ആരംഭിച്ച യൂണിറ്റുകളുടെ പ്രവർത്തനം തുടരാൻ അനുമതി ഉണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ഡയാലിസിസ് കേന്ദ്രങ്ങൾ വ്യാപകമായതോടെ പല സർക്കാർ ആശുപത്രികളിലെയും ഡയാലിസിസ് സെന്ററുകൾക്ക് പ്രവർത്തനമില്ലാതാവുകയും, പലയിടത്തും സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
ഈ കാരണത്താലാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് വിവരം. അതേസമയം, തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള ഡയാലിസിസ് സെന്ററുകൾ എല്ലാം പൊതുജനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും, വ്യവസായ പ്രമുഖരുടെയും സഹായത്തോടെയാണ് പ്രവർത്തിച്ചു വരുന്നത് എന്നതും ശ്രദ്ധേയമാണ്. ഏകദേശം രണ്ടുവർഷം മുമ്പാണ് കുമ്പള സിഎച്ച്സിയിൽ ഡയാലിസിസ് കേന്ദ്രം തുടങ്ങാൻ അനുമതി ലഭിച്ചതായി ആശുപത്രി അധികൃതർക്ക് വിവരം ലഭിക്കുന്നത്.
അന്നത്തെ മെഡിക്കൽ ഓഫീസർ ഡോക്ടർ ദിവാകർ റൈയുടെ നേതൃത്വത്തിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് കേന്ദ്രത്തിനായുള്ള റൂമും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിരുന്നു. എന്നാൽ, ആശുപത്രിയുടെ നവീകരണ പദ്ധതി പോലെ തന്നെ ഡയാലിസിസ് കേന്ദ്രത്തിന്റെ കാര്യവും അനിശ്ചിതത്വത്തിൽ അകപ്പെടുകയായിരുന്നു. സ്വകാര്യ ആശുപത്രികളുടെ ഇടപെടലുകളാണ് ഡയാലിസിസ് കേന്ദ്രം തുടങ്ങാത്തതിന് പിന്നിലെന്ന ആരോപണവും നാട്ടുകാർക്കിടയിൽ ശക്തമായിരുന്നു.
നടപടി വേണമെന്ന് മൊഗ്രാൽ ദേശീയവേദി
നിലവിൽ സർക്കാർ പുതിയ നയം സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ, നേരത്തെ അനുമതി ലഭിച്ച ഡയാലിസിസ് കേന്ദ്രം കുമ്പള സിഎച്ച്സിയിൽ എത്രയും പെട്ടെന്ന് ആരംഭിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗ്, പ്രശസ്ത സാഹിത്യകാരൻ എംടി വാസുദേവൻ നായർ, തബലിസ്റ്റ് സക്കീർ ഹുസൈൻ, ഗായകൻ പി ജയചന്ദ്രൻ, എംപി ഹംസ മൊഗ്രാൽ, ഡ്രൈവർ അബ്ദുല്ല പെർവാഡ് എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
യോഗത്തിൽ പ്രസിഡണ്ട് ടികെ അൻവർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എംഎം മൂസ സ്വാഗതം പറഞ്ഞു. ഗൾഫ് പ്രതിനിധി എൽ ടി മനാഫ്, അബ്‌കോ മുഹമ്മദ്, എംജിഎ റഹ്മാൻ, ബിഎ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്റഫ് സാഹിബ്, എംഎ അബൂബക്കർ സിദ്ദീഖ്, എംഎം റഹ്മാൻ, അഷ്റഫ് പെർവാഡ്, മുഹമ്മദ് സ്മാർട്ട്, അബ്ദുള്ളക്കുഞ്ഞി നടുപ്പളം, എഎം സിദ്ദീഖ് റഹ്മാൻ, റിയാസ് കരീം, ശരീഫ്, ബികെ അൻവർ കൊപ്പളം, എം എസ് മുഹമ്മദ് കുഞ്ഞി, കെ മുഹമ്മദ് കുഞ്ഞി നാങ്കി തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ പിഎം മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.
#KumbalaHealth #DialysisCenter #HealthNews #Kumbala #GovernmentDecision #KeralaNews