കുമ്പളയിൽ പുതിയ വിവാദം: ബസ് ഷെൽട്ടർ നിർമ്മാണത്തിൽ ഒളിച്ചുകളിയോ? സെക്രട്ടറിയുടെ വാട്ട്‌സ്ആപ്പ് കുറിപ്പ് പുറത്ത്!

● പദ്ധതി തുക ആവശ്യപ്പെട്ട് കരാറുകാർ ഭീഷണിപ്പെടുത്തിയെന്ന് സെക്രട്ടറി.
● പരാതി നൽകാൻ ഒരുങ്ങിയപ്പോൾ ഭരണസമിതി പിന്തിരിപ്പിച്ചു.
● ജീവൻ ഭീഷണിയുണ്ടായതുകൊണ്ടാണ് കുറിപ്പിട്ടതെന്ന് സെക്രട്ടറി.
കുമ്പള: (KasargodVartha) ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നാല് ബസ് ഷെൽട്ടറുകളുടെയും, വിശ്രമകേന്ദ്രത്തിന്റെയും (ടേക്ക് എ ബ്രേക്ക്) പേരിൽ പുതുതായി ചുമതലയേറ്റ പഞ്ചായത്ത് സെക്രട്ടറി സുമേശൻ ചൊവ്വാഴ്ച പഞ്ചായത്ത് ജീവനക്കാരുടെയും, വാർഡ് മെമ്പർമാരുടെയും വാട്സ്ആപ്പ് ഗ്രൂപ്പിലേക്കയച്ച കുറിപ്പ് ചർച്ചയും, വിവാദവുമായി.
കുറിപ്പ് സമൂഹമാധ്യമങ്ങളിൽ കൂടി വന്നതോടെ പദ്ധതിയിൽ വൻ അഴിമതി നടന്നുവെന്ന് പ്രധാന രാഷ്ട്രീയ പാർട്ടികൾ ആക്ഷേപവുമായി രംഗത്തുവരികയും ചെയ്തു. ഇത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പഞ്ചായത്ത് ഭരണസമിതിക്ക് പുതിയ തലവേദനയായി.
പദ്ധതിക്ക് വിനിയോഗിച്ച തുക എത്രയും പെട്ടെന്ന് നൽകണമെന്ന് കരാറുകാർക്ക് വേണ്ടി രണ്ടുപേർ തന്നെ സമീപിക്കുകയും, അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകാതെ നൽകാൻ സാധ്യമല്ലെന്ന് അറിയിച്ചപ്പോൾ തന്റെ ക്യാബിനിൽ വന്ന് ബഹളമുണ്ടാക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു സെക്രട്ടറിയുടെ കുറിപ്പ്.
സമാനമായ സംഭവം 10 ദിവസം മുമ്പുണ്ടായിട്ടുണ്ടെന്നും, ഇതേ തുടർന്ന് താൻ പോലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചപ്പോൾ ഭരണസമിതി അംഗങ്ങൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും കുറിപ്പിൽ പറയുന്നുണ്ട്. തന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് ഈ കുറിപ്പ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യേണ്ടി വന്നതെന്നും സെക്രട്ടറി പറയുന്നുണ്ട്.
പദ്ധതി തുകയ്ക്ക് വേണ്ടി ഓഫീസിൽ വന്ന് സമ്മർദ്ദം ചെലുത്തുന്നതിന് പിന്നിൽ ‘എന്തോ ഒരു ഒളിച്ചുകളി’ ഉണ്ടെന്ന ആക്ഷേപവും സെക്രട്ടറി ഉന്നയിക്കുന്നുണ്ട്. ബസ് ഷെൽട്ടർ നിർമ്മാണം എന്ന പ്രവൃത്തിക്കുവേണ്ടി ഗ്രാമപഞ്ചായത്തിൽ എഗ്രിമെന്റ് വെച്ചത് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഹാബിറ്റാറ്റ്’ എന്ന കമ്പനിയാണ്. ഈ കമ്പനിയുമായി ബന്ധമില്ലാത്തവർ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് തന്നെ സമീപിക്കുന്നത് എന്തിനാണെന്നും സെക്രട്ടറി കുറിപ്പിൽ ചോദിക്കുന്നുണ്ട്.
ഓരോ ഫയലും നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ, മാനദണ്ഡങ്ങൾ പ്രകാരമാണോ, നേരാംവണ്ണം പ്രവൃത്തികൾ നടന്നിട്ടുണ്ടോ എന്നെല്ലാം നോക്കിയാണ് ഓരോ ഉദ്യോഗസ്ഥനും ഫയലിൽ ഒപ്പിടാൻ കഴിയുക. പ്രസ്തുത പദ്ധതിയുടെ ഫയൽ ഇതുവരെ തന്റെ മേശപ്പുറത്ത് എത്തിയിട്ടുമില്ല. ജെ.എസ്സിന്റെ മേശപ്പുറത്താണ് ഇപ്പോഴും ഫയൽ ഉള്ളത്. തന്റെ മേശപ്പുറത്ത് ഫയൽ എത്തുന്നതിന് മുൻപ് തന്നെ ഫണ്ടിനായി സമ്മർദ്ദം ചെലുത്തുന്നത് സംശയങ്ങൾക്ക് കാരണമാകും.
പദ്ധതിക്ക് കൃത്യമായ ടെൻഡർ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ട്. എസ്റ്റിമേറ്റ് തുകയിലും ആക്ഷേപമുണ്ട്. പ്രസ്തുത പദ്ധതിയെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം പരാതി വന്ന സാഹചര്യത്തിൽ ഇതെല്ലാം കൃത്യമായി പരിശോധിച്ചശേഷമേ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാവൂ എന്നും സെക്രട്ടറി പറയുന്നുണ്ട്.
ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുക എന്നതാണ് തന്റെ ചുമതലയെന്നും, വികസന പ്രവർത്തനങ്ങളുടെയും സേവന പ്രവർത്തനങ്ങളുടെയും ഫയൽ നടപടിക്രമങ്ങൾ പാലിച്ച് നിയമപരമായി നടത്തിക്കൊടുക്കുകയാണ് തന്റെ ഉത്തരവാദിത്വം.
ഇതിൽ വീഴ്ച ഉണ്ടായാൽ സെക്രട്ടറി തന്നെയാകും ഉത്തരവാദിയും. തന്റെ സേവനം ഈ പഞ്ചായത്തിൽ വേണ്ടെങ്കിൽ തന്നോട് ലീവ് എടുത്ത് പോകാൻ ഭരണസമിതിക്ക് പറയാവുന്നതാണെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.
‘ധർമ്മോ രക്ഷിത രക്ഷിത’ എന്നതാണ് പ്രമാണം. ധർമ്മത്തെ സംരക്ഷിക്കുന്നവരെ ധർമ്മം സംരക്ഷിച്ചോളും എന്ന ഉത്തമ വിശ്വാസത്തിലാണ് ഇത്രയും കാലം ജീവിച്ചതെന്നതിനാൽ ഇത്തരം സമ്മർദ്ദ തന്ത്രങ്ങളിലൊന്നും വഴങ്ങാൻ തൽക്കാലം ഉദ്ദേശമില്ല.
ഇനി ഇവിടെ കുമ്പളയിൽ നിന്ന് ജീവൻ പോകാനാണ് യോഗമെങ്കിൽ അത് അങ്ങനെയേ സംഭവിക്കൂ.. ‘യദ ഭാവി ന തദ് ഭാവി ഭാവി ചേത് തദന്യഥാ’ എന്ന് എഴുതിയാണ് സെക്രട്ടറി കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുമ്പള ബസ് ഷെൽട്ടർ വിവാദത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ കമന്റ് ചെയ്യുക, ഷെയർ ചെയ്യുക.
Article Summary: Kumbala bus shelter controversy, secretary's WhatsApp note exposes alleged corruption and threats.
#Kumbala #BusShelter #Controversy #Panchayat #Corruption #KeralaNews