പഞ്ചായത്ത് സെക്രട്ടറിക്ക് പിന്നാലെ യൂത്ത് ലീഗ് നേതാവിനും ഭീഷണി: കുമ്പള ബസ് ഷെൽട്ടർ വിവാദം ആളിക്കത്തുന്നു, പരാതി പോലീസിൽ

● സബ് കരാറുകാരനെതിരെ പോലീസിൽ പരാതി നൽകി.
● ബസ് ഷെൽട്ടർ അഴിമതിയിൽ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു.
● ബിജെപിയും സിപിഎമ്മും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു.
● പഞ്ചായത്ത് പ്രസിഡൻ്റ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു.
● യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും.
കുമ്പള: (KasargodVartha) ഗ്രാമപഞ്ചായത്തിലെ ആരിക്കാടി കടവ് പൂഴി വിവാദവും തുടർന്നുണ്ടായ ബസ് ഷെൽട്ടർ അഴിമതി ആരോപണവും കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയെയും ഭരണസമിതിയെയും പിടിച്ചുലയ്ക്കുമ്പോൾ വിവാദങ്ങൾക്കും കേസുകൾക്കും പരാതികൾക്കും അവസാനമില്ല.
ബസ് ഷെൽട്ടർ നിർമ്മാണ ഫണ്ടിന്റെ ഫയൽ വേഗത്തിലാക്കാൻ കുമ്പള ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സബ് കരാറുകാരനെതിരെ സെക്രട്ടറി പോലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തത് കുമ്പളയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസം യൂത്ത് ലീഗ് നേതാവും കുമ്പള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റുമായ കെ.എം. അബ്ബാസിന് ഇതേ സബ് കരാറുകാരനിൽ നിന്ന് ഭീഷണി നേരിട്ടത്. അബ്ബാസും ഇന്നലെ കുമ്പള പോലീസിൽ പരാതി നൽകിയതോടെ ബസ് ഷെൽട്ടർ വിവാദത്തിൽ ലീഗ് പഞ്ചായത്ത് കമ്മിറ്റിയും യൂത്ത് ലീഗ് കമ്മിറ്റിയും രണ്ട് ചേരികളിലായി.
ബസ് ഷെൽട്ടർ നിർമ്മാണ അഴിമതിയുമായി ബന്ധപ്പെട്ട് കുമ്പളയിൽ രാഷ്ട്രീയ വിവാദങ്ങൾ കൊഴുക്കുകയാണ്. പ്രധാന പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പി.യും സി.പി.ഐ.എം. ഉം ഇതിനകം പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. മുസ്ലിം ലീഗ് നേതാക്കൾക്കിടയിലെ സമ്മർദ്ദം എന്നോണം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തന്നെ വിഷയത്തിൽ ഇടപെട്ട് പദ്ധതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തുകയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
പ്രതിഷേധം തണുപ്പിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം സബ് കരാറുകാരൻ വീണ്ടും യൂത്ത് ലീഗ് നേതാവിനെ ഭീഷണിപ്പെടുത്തുന്നതും, യൂത്ത് ലീഗ് നേതാവ് കേസ് കൊടുക്കുന്നതും. വിഷയം ചർച്ച ചെയ്യാൻ ചേർന്ന യു.ഡി.എഫ്. യോഗം കുമ്പളയിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, ആരോപണവിധേയരായ മുസ്ലിം ലീഗ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ മുസ്ലിം ലീഗ് നേതൃത്വത്തെയും എം.എൽ.എ.യെയും ഇടപെടുപ്പിക്കാനുള്ള ലീഗ് അസംതൃപ്തരുടെ നീക്കം ഇതുവരെ ഫലം കാണാത്തത് തിരിച്ചടിയായിട്ടുണ്ട്. നേരത്തെ എടുത്ത അച്ചടക്ക നടപടി മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്നാണ് ലീഗ് അസംതൃപ്തരുടെയും യൂത്ത് ലീഗ് കമ്മിറ്റിയുടെയും ആവശ്യം.
കുമ്പളയിലെ ഈ ബസ് ഷെൽട്ടർ വിവാദത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Kumbala bus shelter controversy escalates with new threats and police complaints.
#Kumbala #BusShelter #Controversy #YouthLeague #Corruption #KeralaPolitics