കുടുംബശ്രീയുടെ നേട്ടങ്ങൾ എണ്ണിയെണ്ണി മന്ത്രിഎ.കെ. ശശീന്ദ്രൻ; ‘കേരളത്തിലെ വനിതാ വിമോചന മുന്നേറ്റത്തിൻ്റെ പ്രതീകം’
കയ്യൂർ: (KasargodVartha) കേരളത്തിൻ്റെ സാംസ്കാരിക, സാമൂഹിക, സാമ്പത്തിക മേഖലകളിലെ വനിതാ വിമോചന മുന്നേറ്റത്തിൻ്റെ പ്രതീകമാണ് കുടുംബശ്രീയെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. കുടുംബശ്രീ-അയൽക്കൂട്ട ഓക്സിലറി അംഗങ്ങളുടെ സർഗോത്സവം അരങ്ങ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് സാമൂഹിക വ്യവസ്ഥിതിയിൽ നിലനിന്നിരുന്ന ആധിപത്യത്തിനെതിരെ പോരാടി വീര ഇതിഹാസങ്ങൾ രചിച്ച കയ്യൂർ പോലൊരു മണ്ണിൽ കുടുംബശ്രീ പോലുള്ള ഒരു പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ സർഗോത്സവം സംഘടിപ്പിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
1998-ൽ തുടക്കം കുറിച്ച് ഇന്ന് ഇവിടെ എത്തിനിൽക്കുമ്പോൾ ഏഷ്യയിലെ തന്നെ ഏറ്റവും കരുത്തുറ്റ വനിതാ സംഘടിത പ്രസ്ഥാനമായി കുടുംബശ്രീ മാറിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് തിരഞ്ഞെടുപ്പ് നടന്നപ്പോൾ 51 ശതമാനം വനിതകൾ ഭരണാധികാരികളായി മാറിയത് വലിയ വിപ്ലവമായിരുന്നു. മൂന്നു ലക്ഷത്തി പതിനായിരത്തോളം സംരംഭങ്ങൾ കേരളത്തിൽ ഉടനീളം ആരംഭിക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിൽ നിലനിൽക്കുന്ന അനാചാരങ്ങൾ, ലഹരി, മയക്കുമരുന്ന് ഉപയോഗങ്ങൾ എന്നിവയ്ക്കെതിരെ ശക്തമായി ഇടപെട്ട് കേരളത്തെ മാതൃകയാക്കുന്നതിൽ കുടുംബശ്രീക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്ന് ദിവസത്തെ കലോത്സവത്തിൽ 49 ഇനങ്ങളിലായി ജില്ലയിലെ നാല് താലൂക്കുകളിൽ നടന്ന താലൂക്ക് തല കലോത്സവത്തിൽ വിജയികളായ 1500 പ്രതിഭകൾ മാറ്റുരയ്ക്കുന്നു. 33 സ്റ്റേജ് മത്സരങ്ങളും 16 സ്റ്റേജിതര മത്സരങ്ങളുമാണ് നടക്കുന്നത്. സ്കൂൾ അങ്കണത്തിൽ ക്രമീകരിച്ചിട്ടുള്ള തേജസ്വിനി, ചന്ദ്രഗിരി എന്നീ വേദികളിലാണ് സ്റ്റേജ് മത്സരങ്ങൾ അരങ്ങേറുന്നത്.
എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഇൻ ചാർജ്ജ് സി.എച്ച്. ഇക്ബാൽ റിപ്പോർട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ കെ.വി. സുജാത, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അഡ്വ. എ.പി. ഉഷ, കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.ജി. അജിത്ത് കുമാർ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ശകുന്തള, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. സുമേഷ്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.ബി. ഷീബ, എം. കുഞ്ഞിരാമൻ, കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാരായ കെ. സുകുമാരൻ, പി. ശശിധരൻ, സി. യശോദ, വാർഡ് മെമ്പർ പി. ലീല, കുടുംബശ്രീ ജില്ലാ മിഷൻ പ്രതിനിധി കിഷോർകുമാർ, പിലിക്കോട് കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ പി. ശാന്ത, നീലേശ്വരം കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ പി.എം. സന്ധ്യ, പടന്ന കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ റീന തുടങ്ങിയവർ പങ്കെടുത്തു. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സംഘാടക സമിതി ചെയർപേഴ്സണുമായ പി. ബേബി ബാലകൃഷ്ണൻ സ്വാഗതവും കയ്യൂർ ചീമേനി കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ ആർ. രജിത നന്ദിയും പറഞ്ഞു.
കുടുംബശ്രീയുടെ നേട്ടങ്ങളെക്കുറിച്ചുള്ള ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Minister A.K. Saseendran praised Kudumbashree as a symbol of women's liberation at an event in Kayyoor, highlighting its significant contributions to Kerala's social and economic development.
#Kudumbashree, #KeralaWomen, #AKsaseendran, #WomenEmpowerment, #Kayyoor, #Sargolsavam






