കെ സുരേന്ദ്രന്റെ തൃക്കരിപ്പൂര്‍ മണ്ഡലം രണ്ടാംവട്ട പര്യടനം പൂര്‍ത്തിയായി
Apr 1, 2014, 20:43 IST
തൃക്കരിപ്പൂര്‍:(kasargodvartha.com 01.04.2014) മലയോരത്തിന്റെ മണ്ണിലൂടെ മാറ്റത്തിന്റെ തേര്‍ തെളിച്ച് ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പര്യടനം. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ രണ്ടാംവട്ട പര്യടനത്തിനിറങ്ങിയ സുരേന്ദ്രന് പിന്തുണ വര്‍ദ്ധിക്കുന്നതിന്റെ തെളിവായി വിവിധ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച ആവേശോജ്വല സ്വീകരണങ്ങള്‍. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ സ്ഥാനാര്‍ത്ഥിക്ക് തങ്ങളുടെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
ബാരിക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം വാങ്ങിയാണ് സുരേന്ദ്രന്‍ ഇന്നലെ പര്യടനത്തിന് തുടക്കം കുറിച്ചത്. ക്ഷേത്രത്തിലെത്തിയ സുരേന്ദ്രനെ മാനേജിംഗ് ട്രസ്റ്റി ബി.രതന്‍കുമാര്‍ കാമ, കേളുമണിയാണി, ബി.കുമാരന്‍ എന്നിവര്‍ സ്വീകരിച്ചു.
സുരേന്ദ്രനു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. പത്ത് വര്‍ഷത്തിനുശേഷം ഉത്സവം നടക്കുന്ന പനയാല്‍ മീത്തല്‍ വീട് തറവാടാണ് പിന്നീട് സുരേന്ദ്രന്‍ സന്ദര്‍ശിച്ചത്. മഹാലിംഗേശ്വര ക്ഷേത്രത്തില്‍ പനയാലച്ഛന്റെ തിരുമുഖ ദര്‍ശനം കഴിഞ്ഞ് ചേണിച്ചേരി ഭഗവതി തറവാട്ടിലേക്ക് തിരിച്ചെഴുന്നള്ളുന്നതിനിടെ ആയിരുന്നു സുരേന്ദ്രനെത്തിയത്. തുടര്‍ന്ന് അനുഗ്രഹം വാങ്ങി നീലമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്നും പ്രസാദം സ്വീകരിച്ചു. ക്ഷേത്ര ഭാരവാഹികളായ കെ.രാഘവന്‍ നായര്‍ കൊടവലം, സുകുമാരന്‍ നായര്‍ കോടോത്ത്, ഗോപാലകൃഷ്ണന്‍ നായര്‍ തച്ചങ്ങാട്, എം.കെ.കൃഷ്ണന്‍, ചിണ്ടന്‍കുട്ടി നായര്‍ എന്നിവര്‍ ഷാളണിയിച്ച് സ്വീകരിച്ചു. നേരിട്ട് കണ്ടതിലെ സന്തോഷം പങ്കുവയ്ക്കാനും ഫോട്ടോയെടുക്കാനും നിരവധി പേരെത്തി.
കാലിക്കടവിലായിരുന്നു ആദ്യ പൊതുപരിപാടി. ഏറെ വൈകിയാണ് എത്തിയതെങ്കിലും സ്ഥാനാര്‍ത്ഥിയെ കണ്ടതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലായി. ചുരുക്കം ചില വാക്കുകളില്‍ പ്രസംഗം അവസാനിപ്പിച്ച് വോട്ടര്‍മാരെ നേരില്‍ക്കണ്ട് പിന്തുണ അഭ്യര്‍ത്ഥിച്ചു. തൃക്കരിപ്പൂര്‍ നടക്കാവിലെത്തിയ സുരേന്ദ്രനെ താമര നല്‍കിയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പൊതുയോഗത്തിനുശേഷം പ്രവര്‍ത്തകനായ സുനിലിന്റെ വീട്ടിലേക്ക്.
എഴുപത് വയസ്സായ അയല്‍വാസി കൃഷ്ണന്‍ സുരേന്ദ്രനെ കാണാന്‍ വീട്ടിലെത്തി. ഇത്രയും വര്‍ഷം സിപിഎമ്മിനാണ് വോട്ടുചെയ്തതെന്നും ഫലമുണ്ടായിട്ടില്ലെന്നും ഇത്തവണ സുരേന്ദ്രന് വോട്ട് ചെയ്യുമെന്നും കൃഷ്ണന്റെ ഉറപ്പ്. പിന്തുണക്ക് നന്ദിയറിയിച്ച് സുരേന്ദ്രന്‍ പിന്നീട് ചെന്നത് പയ്യന്നൂരിലേക്ക്. പയ്യന്നൂര്‍ അന്നൂരില്‍ ബിജെപിയുടെ ചുമരെഴുത്തുള്ള മതില്‍ സിപിഎം കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു. അന്നൂരിലെ രാജന്‍, രവി, ജനകന്‍ എന്നിവരുടെ മതിലുകളാണ് പൊളിച്ചു കളഞ്ഞത്. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതനുസരിച്ച് സുരേന്ദ്രന്‍ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു. സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ വെള്ളച്ചാലിലെ ലോഹിതാക്ഷന്റെ വീടും സുരേന്ദ്രന്‍ സന്ദര്‍ശിച്ചു.
ഉച്ചവെയിലിന്റെ മൂര്‍ധന്യത്തിലാണ് ചീമേനിയിലെത്തിയതെങ്കിലും സ്വീകരണത്തെ അതൊന്നും ബാധിച്ചില്ല. പ്രസംഗത്തിനു ശേഷം വോട്ടഭ്യര്‍ത്ഥിക്കവെ വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ സുരേന്ദ്രനെ പരിചയപ്പെടാനെത്തി. രാഷ്ട്രീയ നേതാക്കളില്‍ ആദരവുള്ള വ്യക്തിയാണ് സുരേന്ദ്രനെന്നും ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അബ്ദുള്‍ ഖാദര്‍ വ്യക്തമാക്കി. കൂട്ടത്തില്‍ ഒരു അഭ്യര്‍ത്ഥനയും.
ചെറുകിട മേഖലയിലെ വിദേശ നിക്ഷേപം എതിര്‍ക്കണം. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന നേതാവായ സുരേന്ദ്രന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാകുമെന്നും അബ്ദുള്‍ഖാദര്‍ പറഞ്ഞു. ചീമേനിയില്‍ സുരേന്ദ്രന് അപ്രതീക്ഷിതമായി ചില അതിഥികളുണ്ടായിരുന്നു. ചേളന്നൂര്‍ എസ്എന്‍ കോളേജിലെ സഹപാഠികളില്‍ ചിലര്‍ സുരേന്ദ്രന് വിജയാശംസ നേരാനെത്തി.
കുന്നുംകൈയില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ഇരുപത്തഞ്ചോളം പേരെ സുരേന്ദ്രന്‍ സ്വീകരിച്ചു. തുടര്‍ന്ന് ഭീമനടി ഗവ വനിതാ ഐടിഐയില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കണ്ട് വോട്ടഭ്യര്‍ത്ഥന. ചെന്നടുക്കം കോളനിയിലെ പരിപാടിക്കു ശേഷം പ്ലാച്ചിക്കരയില്‍ സ്വീകരണം ഏറ്റുവാങ്ങി പ്ലാച്ചിക്കര കോളനിയില്‍ ഏതാനും വീടുകള്‍ സന്ദര്‍ശിച്ചു. കോളനിയില്‍ സുരേന്ദ്രനെ നേരിട്ട് കാണാനും സംസാരിക്കാനും നിരവധി പേരെത്തി. കോളനിയിലെ വികസന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുരേന്ദ്രന്‍ ജയിച്ച് പരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷയും ഇവര്‍ പങ്കു വച്ചു. തുടര്‍ന്ന് മാലോം, പുങ്ങംചാല്‍, എളേരി, പറമ്പ, ചിറ്റാരിക്കാല്‍, കടുമേനി, ആയന്നൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കമ്പല്ലൂരില്‍ സമാപനം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍