city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ അധ്യാപികമാരെ ആക്ഷേപിച്ച ചെക്കിംഗ് ഉദ്യോഗസ്ഥന് അരലക്ഷം രൂപ പിഴ

ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ അധ്യാപികമാരെ ആക്ഷേപിച്ച ചെക്കിംഗ് ഉദ്യോഗസ്ഥന് അരലക്ഷം രൂപ പിഴ
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രക്കാരായ നാല് അധ്യാപികമാരെ ആക്ഷേപിച്ച ചെക്കിംഗ് ഇന്‍സ്‌പെക്ടറെ ജില്ലാ ഉപഭോക്തൃകോടതി 50,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു. ചെമ്മനാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികമാരായ പ്രേമ, അരുണ, ഹിത, സവിത എന്നിവരുടെ പരാതിയിലാണ് ശിക്ഷ.

ഒരുമാസത്തിനകം ചെക്കിംഗ് ഇന്‍സ്‌പെക്ടറില്‍ നിന്ന് പിഴയായ അരലക്ഷം രൂപയും കോടതി ചിലവിനത്തില്‍ അഞ്ചായിരം രൂപയും ഈടാക്കി പരാതിക്കാരായ അധ്യാപികമാര്‍ക്ക് നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി. മാനേജിംഗ് ഡയറക്ടര്‍, അസിസ്റ്റന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവരോട് കോടതി ആവശ്യപ്പെട്ടു. 2011 ഡിസംബര്‍ 23നാണ് പരാതിക്കിടയായ സംഭവം നടന്നത്. സഹപ്രവര്‍ത്തകന്റെ മാതാവിന്റെ ശവസംസ്‌ക്കാരചടങ്ങില്‍ പങ്കെടുക്കാന്‍ കാഞ്ഞങ്ങാട്ടേക്ക് യാത്രചെയ്യുമ്പോഴാണ് അധ്യാപികമാര്‍ സ്വന്തം വിദ്യാര്‍ത്ഥികര്‍ക്കുമുമ്പില്‍ അപമാനിക്കപ്പെട്ടത്.

കോട്ടരുവം സ്‌റ്റോപ്പില്‍ നിന്നാണ് അധ്യാപികമാര്‍ ബസില്‍ കയറിയത്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. പൂച്ചക്കാട്ട് നിന്ന് ബസില്‍ കയറിയ ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍ അധ്യാപികമാരോട് ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ കണ്ടക്ടര്‍ തങ്ങളെ സമീപിക്കാത്തതിനാല്‍ ടിക്കറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധ്യാപികമാര്‍ അറിയിച്ചു. തുടര്‍ന്ന് കാഞ്ഞങ്ങാട്ടേക്ക് നാല് ടിക്കറ്റിനായി നൂറ് രൂപ ചെക്കിംഗ് ഇന്‍സ്‌പെക്ടറെ ഏല്‍പിക്കുകയും ചെയ്തു. പിന്നീട് കണ്ടക്ടര്‍ക്കൊപ്പം എത്തിയ ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍ നാല് പേര്‍ക്കുമുള്ള ടിക്കറ്റ്തുകയായ 68 രൂപയ്ക്കുള്ള ടിക്കറ്റുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ടിക്കറ്റിന്റെ ബാക്കിതുകയായ 32 രൂപ നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതിനെ അധ്യാപികമാര്‍ ചോദ്യംചെയ്യുകയും അതിനെതുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ചെയ്തു.

2000 രൂപ പിഴനല്‍കണമെന്നും നാല് പേരേയും പോലീസില്‍ ഏല്‍പിക്കുമെന്നും ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍ ഭീഷണി മുഴക്കി. ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം കാശുകൊടുക്കാതെ പോകുന്നവരെപോലെയാണ് അധ്യാപികമാര്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യാന്‍ ശ്രമിച്ചതെന്നും ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍ കളിയാക്കി. ഇതില്‍ മനംനൊന്ത അധ്യാപികമാര്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

വനിതായാത്രക്കാരോട് ചെക്കിംഗ് ഇന്‍സ്‌പെകടര്‍ പെരുമാറിയരീതി മാന്യതയോടെ ഉള്ളതല്ലെന്നും ടിക്കറ്റിന്റെ ബാക്കിതുക നല്‍കാത്തത് അനീതിയാണെന്നും കോടതി കണ്ടെത്തി. ബസുകളില്‍ കണ്ടക്ടര്‍ യാത്രക്കാരുടെ അടുത്തെത്തി ടിക്കറ്റ് ആവശ്യപ്പെടുന്ന രീതിയാണുള്ളതെന്നും മറിച്ച് യാത്രക്കാര്‍ തങ്ങള്‍ക്ക് വേണം എന്ന് ആവശ്യപ്പെടുന്ന രീതിയില്ലെന്നും കോടതി വിധിന്യായത്തില്‍ അഭിപ്രായപ്പെട്ടു. ചെക്കിംഗ് ഇന്‍സ്‌പെകട്‌റുടെ ജോലി ടിക്കറ്റുകള്‍ പരിശോധിക്കുക എന്നതും ടിക്കറ്റെടുക്കാത്തവര്‍ക്ക് നിയമാനുസൃതമുള്ള പിഴചുമത്തുക എന്നതും മാത്രമാണ്. യാത്രക്കാരെ ഒരുതരത്തിലും അപമാനിക്കാനുള്ള അധികാരം അദ്ദേഹത്തിനില്ല. പരാതിക്കാര്‍ സ്ത്രീകളും സമൂഹം മാന്യതയോടെ കാണുന്ന അധ്യാപികമാരുമാണ്. അവര്‍ക്കെതിരെ ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍ നടത്തിയ അധിക്ഷേപം ശരിയായ രീതിയായില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അധ്യാപികമാര്‍ക്ക് ടിക്കറ്റ് ബാക്കി 32 രൂപ നല്‍കാനും കോടതി ഉത്തരവിട്ടു.

Keywords:  Bus, Teachers, Court, Case, School, Police, Court-Order, Hotel, Food, Women, Kasaragod, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia