കെഎസ്ആർടിസി ബസുകൾ സ്റ്റോപ്പുകളിൽ നിർത്താതെ പോയ സംഭവം: ഡ്രൈവർക്കെതിരെ നടപടിക്ക് ശുപാർശ

● സർവീസ് റോഡ് ഒഴിവാക്കി ഓടി.
● താജുദ്ദീൻ മൊഗ്രാൽ പരാതി നൽകി.
● ഗതാഗത വകുപ്പ് മന്ത്രിക്കാണ് പരാതി.
● മുൻപും സമാന പരാതികൾ നൽകിയിരുന്നു.
● വിദ്യാർത്ഥികളും രോഗികളും ദുരിതത്തിൽ.
കാസർകോട്: (KasargodVartha) കാസർകോട്-മംഗളൂരു റൂട്ടിലോടുന്ന കേരള കെഎസ്ആർടിസി ബസുകൾ സ്റ്റോപ്പുകളിൽ നിർത്താതെയും, സർവ്വീസ് റോഡ് ഒഴിവാക്കി ഓടുന്നതിലും സാമൂഹിക പ്രവർത്തകൻ നൽകിയ പരാതിയിൽ ഡ്രൈവർക്കെതിരെ നടപടിക്ക് ശുപാർശ. ഇത് മറ്റ് ഡ്രൈവർമാർക്ക് മുന്നറിയിപ്പായി കണക്കാക്കപ്പെടുന്നു.
ജൂൺ മാസം മൂന്നാം തീയതി രാവിലെ 6.35-ന് കാസർകോട് നിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന രണ്ട് കെഎസ്ആർടിസി ബസുകൾ മൊഗ്രാൽ സർവീസ് റോഡിൽ കയറാതെ, മൊഗ്രാൽ ടൗണിലും പെറുവാടിലും ബസ് കാത്തുനിന്നിരുന്ന നിരവധി വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാരെ ഒഴിവാക്കി ദേശീയപാതയിലൂടെ ഓടുന്നത് ശ്രദ്ധയിൽപ്പെട്ട മൊഗ്രാലിലെ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ) മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറിയുമായ താജുദ്ദീൻ മൊഗ്രാൽ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന് പരാതി നൽകുകയായിരുന്നു. ഈ പരാതിയിന്മേലാണ് ഡ്രൈവർക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രസ്തുത ദിവസം രണ്ട് കെഎസ്ആർടിസി ബസുകളും സമയക്രമം പാലിക്കാതെ ഒരുമിച്ചാണ് വന്നതെന്നും, മത്സരിച്ച് ഓടിയ ബസുകൾ സർവീസ് റോഡ് ഒഴിവാക്കി ഓടുകയായിരുന്നുവെന്നുമാണ് താജുദ്ദീൻ മൊഗ്രാൽ പരാതിയിൽ സൂചിപ്പിച്ചത്.
ബസിന്റെ നമ്പർ ഉൾപ്പെടെ പരാതിയിൽ രേഖപ്പെടുത്തിയിരുന്നു. ഇതിൽ ഒരു കെഎസ്ആർടിസി ബസ് നിരന്തരമായി മൊഗ്രാൽ സർവീസ് റോഡിൽ നിർത്താതെ പോകുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ബസ് ഡ്രൈവർക്കെതിരെയാണ് ഗതാഗത വകുപ്പ് ചെയർമാൻ നടപടിയെടുക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
നേരത്തെയും താജുദ്ദീൻ മൊഗ്രാൽ കാസർകോട് കെഎസ്ആർടിസി ഡിപ്പോ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ഗതാഗത വകുപ്പ് മന്ത്രിക്കും ചെയർമാനും പരാതി അയച്ചത്.
നേരത്തെ ഒരു ഡ്രൈവർക്കെതിരെ താജുദ്ദീൻ മൊഗ്രാൽ ഡിപ്പോയിൽ നൽകിയ പരാതിയിൽ, ഡ്രൈവർ മാപ്പ് അപേക്ഷിച്ചതിനെ തുടർന്ന് പരാതി പിൻവലിച്ചിരുന്നു. എന്നാൽ ഇത് വീണ്ടും ആവർത്തിച്ചതോടെയാണ് ഗതാഗത മന്ത്രിക്കു പരാതി നൽകാൻ അദ്ദേഹം തീരുമാനിച്ചത്.
കുമ്പളയിൽ ആവശ്യത്തിന് ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതിനാൽ നൂറുകണക്കിന് വിദ്യാർത്ഥികൾ മംഗളൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകാൻ കെഎസ്ആർടിസി ബസുകളെയാണ് ആശ്രയിക്കുന്നത്.
ഒപ്പം രോഗികളും വ്യാപാരികളും മംഗളൂരിലെ ആശുപത്രികളിലേക്കും വ്യാപാര ആവശ്യങ്ങൾക്കും രാവിലെ കെഎസ്ആർടിസി ബസുകളെയാണ് ഏറെ ആശ്രയിക്കുന്നത്.
ഇത്തരം ബസുകൾ സ്റ്റോപ്പുകളിൽ നിർത്താതെയും സർവീസ് റോഡ് ഒഴിവാക്കിയും പോകുന്നത് യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് ഡ്രൈവർക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: KSRTC driver faces action after complaint about buses skipping stops and service roads on Kasaragod-Mangaluru route, inconveniencing passengers.
#KSRTC #Kasaragod #Mangaluru #PublicTransport #PassengerRights #KeralaNews