Crisis | കെഎസ്ആർടിസി ബസുകളുടെ എണ്ണം കുറവ്; മംഗ്ളുറു-കാസർകോട് റൂടിലും, കാഞ്ഞങ്ങാട്-കാസർകോട് ദേശസാത്കൃത പാതയിലും യാത്രക്കാർ വലയുന്നു
* കെഎസ്ആർടിസി അധികൃതർ ഗതാഗതക്കുരുക്കാണ് പ്രശ്‌നമെന്ന് പറയുന്നു.
കാസർകോട്: (KasargodVartha) ദേശീയപാതയിൽ മംഗ്ളുറു-കാസർകോട് റൂടിലും, കാഞ്ഞങ്ങാട്-കാസർകോട് ദേശസാത്കൃത റൂടിലും കെഎസ്ആർടിസി ബസുകളുടെ അഭാവം രൂക്ഷമായിരിക്കുകയാണ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാരാണ് ഈ ഗതാഗത പ്രതിസന്ധിയിൽ വലയുന്നത്. മുൻകാലങ്ങളിൽ സർവീസ് നടത്തിയിരുന്ന ബസുകളുടെ എണ്ണത്തിൽ കുറവുണ്ടെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്.
ദീർഘനേരം കാത്തുനിന്നാലും ബസ് ലഭിക്കാത്ത സാഹചര്യം, പ്രത്യേകിച്ച് രാവിലെയും വൈകീട്ടും, യാത്രക്കാരുടെ ദൈനംദിന ജീവിതത്തെ താളം തെറ്റിക്കുന്നു. വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, രോഗികൾ തുടങ്ങിയവർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. സ്ഥാപനങ്ങളിൽ സമയത്തിന് എത്താനാകാതെ ഇവർ വലയുന്നു. ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ഇത് ബസുകളുടെ സമയപാലനത്തെ ബാധിക്കുകയും യാത്രാ സമയം വർധിപ്പിക്കുകയും ചെയ്യുന്നു.
മംഗ്ളുറു-കാസർകോട് ദേശീയപാതയിൽ കർണാടക ആർടിസി ബസുകൾ തോന്നിയത് പോലെയാണ് സർവീസ് നടത്തുന്നതെന്ന ആക്ഷേപവും യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യം ബന്ധപ്പെട്ടവർ കർണാടക ആർടിസി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട്-കാസർകോട് ദേശസാത്കൃത റൂടിൽ സഞ്ചരിക്കുന്ന ബസുകൾ യാത്രക്കാരെ കയറ്റാൻ വിമുഖത കാണിക്കുന്നതായും പരാതിയുണ്ട്. പല സ്റ്റോപുകളിലും ബസുകൾ നിർത്താത്തതിനാൽ വിദ്യാർഥികൾ അടക്കമുള്ളവർക്കാണ് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നത്.
അതേസമയം ബസുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടില്ലെന്നും ഗതാഗതക്കുരുക്ക് കാരണം ബസുകൾ റോഡിൽ കുടുങ്ങിക്കിടക്കുന്നതും സമയത്തിന് ഓടിയെത്താനാകാത്തതുമാണ് നേരിടുന്ന പ്രശ്‌നമെന്നും കെഎസ്ആർടിസി കാസർകോട് ഡിപോ അധികൃതർ കാസർകോട് വാർത്തയോട് പറഞ്ഞു. പലയിടത്തും, പ്രത്യേകിച്ച് ആരിക്കാടി മുതൽ ഉപ്പള വരെ ഗതാഗത കുരുക്ക് രൂക്ഷമാണ്. കൂടാതെ ചട്ടഞ്ചാൽ-ചെർക്കള ദേശീയപാത അടച്ചതോടെ ദേളി, കോളിയടുക്കം വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇടുങ്ങിയ റോഡായ ദേളി -ചെമനാട് റൂടിൽ ഇത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ജനപ്രതിനിധികൾ, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒത്തുചേർന്ന് പ്രശ്നത്തിന് സ്ഥിരമായ പരിഹാരം കാണണമെന്നും യാത്രക്കാരുടെ ദുരിതം അവസാനിപ്പിക്കണമെന്നും ഇവർ പറയുന്നു.
#KSRTC #busshortage #Kasaragod #Kerala #publictransport #transportation #traveldifficulties