Accident | കെഎസ്ആർടിസി ബസ് ബ്രേക് പൊട്ടി നിയന്ത്രണം വിട്ട് ഇടറോഡിലേക്ക് പാഞ്ഞുകയറി; ഇരുചക്ര വാഹനങ്ങൾ തകർന്നു; ഒഴിവായത് വൻ ദുരന്തം
● കാസർകോട് ട്രാഫിക് ജംക്ഷന് സമീപമായിരുന്നു അപകടം.
● സമീപത്തെ കലുങ്കിലും മതിലിലും ബസ് ഇടിച്ചു
● ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് വൻ ദുരന്തം ഒഴിവായി.
കാസർകോട്: (KasargodVartha) കെഎസ്ആർടിസി ബസ് ബ്രേക് പൊട്ടി നിയന്ത്രണം വിട്ട് ഇടറോഡിലേക്ക് പാഞ്ഞുകയറി. ബുധനാഴ്ച രാവിലെ 11.30 മണിയോടെ കാസർകോട് ട്രാഫിക് ജംക്ഷന് സമീപം പള്ളം റോഡിലാണ് അപകടമുണ്ടായത്. ബസിൽ കുറച്ച് പേർ മാത്രമാണ് ഉണ്ടായിരുന്നത്. ആർക്കും പരുക്കില്ല.
ചട്ടഞ്ചാൽ - ദേളി ഭാഗത്ത് നിന്നും വന്ന ബസ് എംജി റോഡ് വഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകവേ ട്രാഫിക് ജംക്ഷന് സമീപം എത്തിയപ്പോഴാണ് ബ്രേക് പൊട്ടിയത്. ഇറക്കത്തിലായിരുന്നത് കൊണ്ട് വേഗത കൂടിയ ബസ് വലത് ഭാഗത്തെ റോഡിലേക്ക് കയറ്റാൻ കഴിയാത്തത് കൊണ്ട് നേരെ പള്ളം റോഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇവിടെ പാർക് ചെയ്തിരുന്ന അഞ്ചോളം ഇരുചക്രവാഹനങ്ങളാണ് തകർന്നത്. ബസിന്റെ മുൻ ഭാഗത്തെ ചില്ലും തകർന്നു. സമീപത്തെ കലുങ്കിലും മതിലിലും ഇടിച്ചാണ് ബസ് നിന്നത്. ഡ്രൈവർ ബാലകൃഷ്ണന്റെ മനസാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ് വൻ അപകടം ഒഴിവായത്. ട്രാഫിക് ഡ്യൂടിയിൽ ഉണ്ടായിരുന്ന എഎസ്ഐ അശ്‌റഫ് ഇതുവഴി വരികയായിരുന്ന കാറിനെ ഒതുക്കി നിർത്തുകയും വഴി യാത്രക്കാരെ മാറ്റി നിർത്തുകയും ചെയ്തു. സ്ഥിരമായി നിരവധി പേർ സഞ്ചരിക്കുന്ന റോഡിൽ അപകടം നടന്ന സമയത്ത് ആരും ഉണ്ടാകാതിരുന്നതും അനുഗ്രഹമായി.
#KSRTCaccident #Kasaragod #Kerala #India #trafficaccident #roadsafety