Conflict | യാത്രക്കാർ കെഎസ്ആർടിസിയിൽ കയറാതിരിക്കാൻ സ്വകാര്യ ബസുകൾ സർവീസ് റോഡിൽ കുറുകെ ഇട്ട് യാത്ര മുടക്കുന്നതായി ആക്ഷേപം; ജീവനക്കാർ തമ്മിൽ തർക്കം പതിവ്
● ബസുകള്‍ തമ്മിൽ യാത്രക്കാരെ പിടിക്കാനുള്ള മത്സരം രൂക്ഷമാണ്.
● സ്വകാര്യ ബസുകൾ നടുറോഡിൽ നിർത്തിയിടുന്നു.
● ജീവനക്കാർ തമ്മിലുള്ള വാക് തർക്കത്തിലേക്ക് നയിക്കുന്നു.
കുമ്പള: (KasargodVartha) ഇടുങ്ങിയ സർവീസ് റോഡിൽ യാത്രക്കാരെ പിടിക്കാനുള്ള ചില സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലും, വെപ്രാളവും കേരള- കർണാടക കെഎസ്ആർടിസി ബസുകളുടെ യാത്ര തടസപ്പെടുത്തുന്നതായി ആക്ഷേപം. കുമ്പളയിൽ നിന്ന് കാസർകോട്ടേക്കും മറിച്ചും സർവീസ് നടത്തുമ്പോഴാണ് പലപ്പോഴും ജീവനക്കാരും കെഎസ്ആർടിസി ജീവനക്കാരും സർവീസ് റോഡിൽ കൊമ്പ് കോർക്കുന്നത്.
കെഎസ്ആർടിസി ബസുകൾക്ക് നിലവിൽ സ്റ്റോപ്പുള്ള മൊഗ്രാൽ, മൊഗ്രാൽപുത്തൂർ, ചൗക്കി തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള യാത്രക്കാരെ പിടിക്കാനാണ് ഇടുങ്ങിയ സർവീസ് റോഡിൽ സ്വകാര്യ ബസുകൾ നടു റോഡിലിട്ട് യാത്രക്കാരെ കയറ്റുന്നത് എന്നാണ് ആക്ഷേപം. ഇതുമൂലം പിറകെയുള്ള കെഎസ്ആർടിസി ബസുകൾക്കോ, മറ്റു വാഹനങ്ങൾക്കോ മറികടന്നു പോകാൻ സാധിക്കുന്നില്ല. ഇത് ജീവനക്കാർ തമ്മിലുള്ള വാക് തർക്കത്തിന് കാരണമാവുന്നു. പലപ്പോഴും സ്വകാര്യ വാഹനങ്ങളിൽ പോകുന്നവരും വിഷയത്തിൽ ഇടപെടാറുണ്ട്. കയ്യാങ്കളിയിലെത്തിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്.
ദേശീയപാതയിൽ തുറന്നുകൊടുത്ത ആറുവരിപ്പാതയിൽ സർവീസ് നടത്തുമ്പോൾ സ്വകാര്യ ബസുകൾക്ക് ഇങ്ങനെ തടസപ്പെടുത്താൻ കഴിയാറില്ല. കാരണം വിശാലമായ റോഡ് സൗകര്യമുള്ളതുകൊണ്ടുതന്നെ കെഎസ്ആർടിസി ബസുകൾ സ്വകാര്യബസുകളെ മറികടന്ന് പോകുന്നുമുണ്ട്. അതുകൊണ്ടുതന്നെയാണ് സർവീസ് റോഡുകളിൽ എത്തിയാൽ കൂടുതൽ യാത്രക്കാരെ ലഭിക്കുന്ന സ്റ്റോപ്പുകളിൽ സ്വകാര്യ ബസുകളുടെ 'കളി' തുടങ്ങുന്നത്.
എങ്ങിനെ ഗതാഗതം മനപൂർവം തടസപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെടുന്ന കെഎസ്ആർടിസിയിലെ യാത്രക്കാരും ജീവനക്കാർ തമ്മിലുള്ള വാക് തർക്കത്തിൽ ഇടപെടാറുണ്ട്. അതേസമയം, സർവീസ് റോഡുകളിലെ പരിമിതമായ സ്ഥലസൗകര്യമാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്ന് സ്വകാര്യ ബസ് ഉടമകൾ വാദിക്കുന്നു. മതിയായ യാത്രക്കാരെ ലഭിച്ചില്ലെങ്കിൽ തങ്ങളുടെ വരുമാനം തന്നെ പ്രതിസന്ധിയിലാവുമെന്നും ഇവർ പറയുന്നു. വിഷയം കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർമാർ റിപ്പോർട്ട് ചെയ്തതായാണ് വിവരം.
#KSRTC #privatebuses #Kumbla #Kerala #traffic #competition #publictransport #transportation #roadsafety