Event | കെഎസ്ഇബി ഉപഭോക്തൃ സേവന വാരാചരണ: വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു
● ചടങ്ങിന് ഉത്തര മലബാർ വിതരണ വിഭാഗം ചീഫ് എഞ്ചിനീയർ ഹരീശൻ മൊട്ടമ്മൽ തുടക്കം കുറിച്ചു.
● 'ഉന്നയിച്ച വിഷയങ്ങൾ ഉന്നതതലത്തിൽ ചർച്ച ചെയ്ത് ആവശ്യമായ പരിഹാരം ഉണ്ടാക്കും'.
വിദ്യാനഗർ: (KasargodVartha) കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഉപഭോക്തൃ സേവന വാരാചരണയുടെ ഭാഗമായി കാസർകോട് ഡിവിഷനിൽ ഒവൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു. വിദ്യാനഗർ വൈദ്യുതി ഭവൻ കോൺഫറൻസ് ഹാളിൽ നടന്ന ഈ ചടങ്ങിന് ഉത്തര മലബാർ വിതരണ വിഭാഗം ചീഫ് എഞ്ചിനീയർ ഹരീശൻ മൊട്ടമ്മൽ തുടക്കം കുറിച്ചു.
കാസർകോട് സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എസ്. ബി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. കെ. ഹനീഫ്, തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷരായ സുബ്ബണ്ണ ആൾവ (പുത്തിഗെ), അബ്ദുൽ ഖാദർ ബദ്‌രിയ (ചെങ്കള), എം. ധന്യ (ബേഡഡുക്ക), സമീറ ഫൈസൽ (മൊഗ്രാൽപുത്തൂർ), ബി. ശാന്ത ( ബദിയടുക്ക), ലെവിനാ മൊന്തേരോ (മഞ്ചേശ്വരം), ഹമീദ് (കുമ്പഡാജെ), പി. മിനി (മുളിയാർ), ഫാത്തിമത്ത് റുബീന (മംഗൽപാടി), സുന്ദരി ആർ ഷെട്ടി (മീഞ്ച), ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്ത് കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീപദി (ബെള്ളൂർ), വി എസ് ഗംഭീർ (എൻമകജെ), മാലിനി (വൊർക്കാടി), വ്യാപാരി വ്യവസായി ചെറുകിട വ്യവസായ പ്രതിനിധികൾ റെസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ, ഉപഭോക്താക്കൾ എന്നിവർ സംസാരിച്ചു. ചീഫ് സേഫ്റ്റി ഓഫീസർ കെ.ലത സുരക്ഷാ സന്ദേശം നല്കി. വൈദ്യുതി ബോർഡിന്റെ വിവിധ സേവനങ്ങൾ അസിസ്റ്റന്റ് എഞ്ചിനീയർ കപിൽ മോഹൻ പരിചയപ്പെടുത്തി.
കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം സമയബന്ധിതമായി പ്രദാനം ചെയ്യുക, ഉപഭോക്താക്കളുമായുള്ള ഹൃദയബന്ധം കൂടുതൽ ഊഷ്മളവും വിശ്വസ്തവുമാക്കുക, തുടങ്ങിയ ലക്ഷ്യത്തോടെ വിവിധ ഉപഭോക്തൃ സൗഹൃദ പരിപാടികളാണ് കെഎസ്ഇബി ആസൂത്രണം ചെയ്തിട്ടുള്ളത്. സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ കാസറഗോഡ് ഡിവിഷൻ തല ഉപഭോക്തൃ സംഗമത്തിൽ ഉയർന്നുവന്നു. ജീവനക്കാരുടെ അഭാവം, ഉപഭോക്താക്കളുടെ ബാഹുല്യം, വാഹനലഭ്യതക്കുറവ് തുടങ്ങിയ കാരണങ്ങളാൽ ചില ഓഫീസുകളിൽ സമയബന്ധിതമായി സേവനങ്ങൾ ഉറപ്പാക്കാൻ കഴിയുന്നില്ലെന്നും, വലിയ സെക്ഷൻ ഓഫീസുകൾ വിഭജിച്ച് പുതിയ സെക്ഷൻ ഓഫീസുകൾ ആവശ്യമാണെന്നും ജനപ്രതിനിധികളും ഉപഭോക്താക്കളും ആവശ്യപ്പെട്ടു.
സെക്ഷൻ തലത്തിൽ ഉപഭോക്തൃ സംഗമം സംഘടിപ്പിക്കണമെന്നും ജനപ്രതിനിധികളെ ഉൾപ്പെടുത്തി സെക്ഷൻ തല ഉപഭോക്തൃ സമിതി വേണമെന്നും നിർദ്ദേശമുയർന്നു. മൈലാട്ടി - വിദ്യാനഗർ മൾട്ടി സർക്ക്യൂട്ട് -മൾട്ടി വോൾട്ടേജ് ലൈൻ നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്നും കുറ്റിക്കോൽ, സീതാംഗോളി സബ്സ്റ്റേഷനുകൾ വേഗത്തിൽ നിർമ്മിക്കണമെന്നും പ്രസരണ രംഗത്ത് ജില്ലയുടെ വടക്കൻ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു. ഉന്നയിച്ച വിഷയങ്ങൾ വൈദ്യുതി ബോർഡ് ഉന്നതതലത്തിൽ ചർച്ച ചെയ്ത് ആവശ്യമായ പരിഹാരം ഉണ്ടാക്കുമെന്ന് ഉത്തര മലബാർ വിതരണ വിഭാഗം ചീഫ് എൻജിനീയർ ഹരീശൻ മൊട്ടമ്മൽ ഉറപ്പ് നല്കി.
കാസറകോട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. നാഗരാജ ഭട്ട് സ്വാഗതവും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ.മനോജ് നന്ദിയും പറഞ്ഞു.
#KSEB #consumermeet #electricity #Kasargod #Kerala #customerservice