Power Crisis | കെഎസ്ഇബി ചെയർമാന്റെ സന്ദർശനം: കാസർകോട്ടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാവുമോ? പ്രതീക്ഷയിൽ ഉപഭോക്താക്കൾ

● നിലവിലുള്ള ജീവനക്കാരെ വെച്ച് ജില്ലയിലെ മൊത്തം വൈദ്യുതി പ്രതിസന്ധി തീർക്കാനുമാവില്ല.
● മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ ശനിയാഴ്ച ജില്ലയിലെത്തിയത്.
● ഈ വിഷയം ജനപ്രതിനിധികൾ കെഎസ്ഇബി ചെയർമാനെ അറിയിച്ചതായാണ് വിവരം.
കാസർകോട്: (KasargodVartha) ജില്ലയിലെ വൈദ്യുതി പ്രതിസന്ധി കീറാമുട്ടിയായി തുടരുന്നു. അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിൽ വലഞ്ഞ് ഉപഭോക്താക്കൾ വിയർക്കുകയാണ്. വ്യാപാര വാണിജ്യ മേഖലകളെയാണ് ജില്ലയിലെ വൈദ്യുതി പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത്. തുടർച്ചയായുള്ള വൈദ്യുതി തടസ്സം മൂലം ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങളിൽ ലക്ഷങ്ങളുടെ നഷ്ടകണക്കുകളാണ് വ്യാപാരികൾക്ക് പറയാനുള്ളത്.
എന്താണ് ജില്ലയിലെ യഥാർത്ഥ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന ചോദ്യത്തിന് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന വിശദീകരണം ഒന്ന് മാത്രമാണ്, ആവശ്യത്തിന് ജീവനക്കാരില്ല. നിലവിലുള്ള ജീവനക്കാരെ വെച്ച് ജില്ലയിലെ മൊത്തം വൈദ്യുതി പ്രതിസന്ധി തീർക്കാനുമാവില്ല. ജില്ലയിലെ വൈദ്യുതി പ്രതിസന്ധി ജനപ്രതിനിധികൾ മുഖേനയും സന്നദ്ധ സംഘടനകൾ വഴിയും വൈദ്യുതി വകുപ്പ് മന്ത്രിയെയും ഉദ്യോഗസ്ഥരെയും അറിയിക്കാറുണ്ട്. കഴിഞ്ഞമാസം സർക്കാർ തലത്തിൽ നടന്ന താലൂക്ക് തല അദാലത്തുകളിൽ പോലും വൈദ്യുതി തടസ്സങ്ങൾ പരാതിയായി ഉപഭോക്താക്കൾ നൽകുകയും ചെയ്തിരുന്നു.
ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാകണം കെഎസ്ഇബി ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ ശനിയാഴ്ച ജില്ലയിലെത്തിയത്. വിവിധ വൈദ്യുതി പദ്ധതി പ്രദേശങ്ങൾ അദ്ദേഹം സന്ദർശിക്കുകയും ചെയ്തിരുന്നു. സന്ദർശനം ജില്ലയിൽ വൈദ്യുതി രംഗത്ത് അനുഭവപ്പെടുന്ന രൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പൊതുവേ പ്രതീക്ഷ വെച്ചു പുലർത്തുന്നുമുണ്ട്.
ജില്ലയിൽ കാസർകോട് വികസന പദ്ധതിയിൽ വിവിധ കാലയളവുകളിലായി ചെയ്തുതീർക്കാനുള്ള 383 കോടി രൂപയുടെ പദ്ധതി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഇത് യാഥാർഥ്യമാകണമെങ്കിൽ നിർമ്മാണ ജോലികൾക്കായി ഒരു പ്രത്യേക 'ടാസ്ക് ഫോഴ്സി'നെ ജില്ലയിലേക്ക് നിയമിക്കണമെന്ന ആവശ്യം ഉയർന്നു വരുന്നുണ്ട്.
ഇത് ജില്ലയിലെ തലപ്പത്തുള്ള വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സമ്മതിക്കുന്ന വിഷയവുമാണ്. അത്തരത്തിലൊരു നിയമനം ഉണ്ടായാൽ പദ്ധതികളിൽ വേഗതയുണ്ടാകുമെന്നും ഇത് വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാവുമെന്നും ഉപഭോക്താക്കളും കരുതുന്നു. ഈ വിഷയം ജനപ്രതിനിധികൾ കെഎസ്ഇബി ചെയർമാനെ അറിയിച്ചതായാണ് വിവരം.
#KSEBVisit #PowerCrisis #Kasaragod #ElectricityIssues #KSEB #PowerShortage