എല്ലാ കണ്ണുകളും ബേഡകത്തേക്ക്; സി.പി.എമ്മിനെ വെല്ലുവിളിച്ച് ചൊവ്വാഴ്ച വിമതരുടെ കൃഷ്ണപിള്ള ദിനാചരണം
Aug 18, 2014, 18:53 IST
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം
ബേഡകം: (www.kasargodvartha.com 18.08.2014) സി.പി.എം നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ട് വിമത പക്ഷം സമാന്തരമായി ചൊവ്വാഴ്ച കൃഷ്ണപിള്ളാ ദിനാചരണം നടത്തും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം ബേഡകത്ത് ഒരുക്കിയിട്ടുണ്ട്.
കുറ്റിക്കോല്‍, ബന്തടുക്ക, പടുപ്പ് എന്നിവിടങ്ങളിലാണ് വിമത വിഭാഗം കൃഷ്ണപിള്ള ദിനാചരണ പരിപാടി സംഘടിപ്പിക്കുന്നത്. ബേഡകത്തെ 25 ബ്രാഞ്ചുകളിലും ഔദ്യോഗിക പക്ഷത്തോടൊപ്പം വിമതപക്ഷവും പതാക ഉയര്‍ത്തും. ഇതിന് ശേഷം കുറ്റിക്കോല്‍ അറുത്തൂട്ടിപ്പാറ കേന്ദ്രീകരിച്ച് പുലര്‍ച്ചെ 6.30 മണിയോടെ പ്രകടനമായാണ് കുറ്റിക്കോല്‍ ടൗണില്‍ കൃഷ്ണപിള്ള ദിനാചരണ പരിപാടികള്‍ വിമത വിഭാഗം നടത്തുന്നത്.
വിമതപക്ഷത്തിന് നേതൃത്വം നല്‍കുന്ന കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. ഗോപാലന്‍ മാസ്റ്റര്‍, ഏരിയാ കമ്മിറ്റിയംഗം രാജേഷ് ബാബു, ജില്ലാ കമ്മിറ്റിയംഗം പി. ദിവാകരന്‍ എന്നിവര്‍ പരസ്യമായി പങ്കെടുക്കുന്ന ചടങ്ങില്‍ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടാണ് പോലീസ് വന്‍ സുരക്ഷ ഒരുക്കിയിട്ടുള്ളത്.
സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ബേഡകത്ത് ക്യാമ്പ് ചെയ്താണ് ഔദ്യോഗിക പക്ഷത്തിന്റെ കൃഷ്ണപിള്ള ദിനാചരണ പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ബ്രാഞ്ച് തലങ്ങളില്‍ മാത്രമാണ് പതാക ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഇത്തവണ ഏരിയാ തലത്തിലും കൃഷ്ണപിള്ള ദിനാചരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടിയില്‍ ഏരിയാ കമ്മിറ്റിയംഗങ്ങളും ലോക്കല്‍ സെക്രട്ടറിമാരും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും പങ്കെടുക്കണമെന്നാണ് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുള്ളത്.
ഔദ്യോഗിക പക്ഷത്തിന്റെയും വിമത പക്ഷത്തിന്റെയും കൃഷ്ണപിള്ള ദിനാചരണ പരിപാടി റിപോര്‍ട്ട് ചെയ്യാന്‍ വന്‍ മാധ്യമ പടയും കുറ്റിക്കോലില്‍ എത്തുമെന്നാണ് വിവരം. വിമത പക്ഷം വേറിട്ട് കൃഷ്ണപിള്ള ദിനാചരണ പരിപാടി നടത്തിയാല്‍ ഒന്നുകില്‍ പരിപാടിയില്‍ പങ്കെടുക്കുന്ന പാര്‍ട്ടി അംഗങ്ങളെയും നേതാക്കളെയും പുറത്താക്കേണ്ടി വരും. അല്ലെങ്കില്‍ ബേഡകം ഏരിയാ കമ്മിറ്റി പിരിച്ചുവിടുകയോ ചെയ്യേണ്ടി വരും.
വിമത പരിപാടിയില്‍ പങ്കെടുക്കുന്നവരെ പുറത്താക്കാന്‍ തന്നെയാണ് കൂടുതല്‍ സാധ്യത. അങ്ങിനെ വന്നാല്‍ അടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ കോട്ടയായ കുറ്റിക്കോല്‍ പഞ്ചായത്ത് സി.പി.എമ്മിന് നഷ്ടപ്പെടാന്‍ സാധ്യത ഏറെയാണ്. കൂടാതെ ഇതിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദുമ സീറ്റ് എല്‍.ഡി.എഫിന് നഷ്ടപ്പെടാനും സാധ്യതയുണ്ട്. പി. ദിവാകരന്‍ ഉദുമ മണ്ഡലത്തില്‍ മത്സരിക്കുമെന്ന സൂചനയും വിമത വിഭാഗം സി.പി.എം കേന്ദ്രങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു.
ലോകസഭാ തിരഞ്ഞെടുപ്പുമായി നോക്കുമ്പോള്‍ ഉദുമ മണ്ഡലത്തില്‍ 835 വോട്ടുകള്‍ക്ക് യു.ഡി.എഫ് മുന്നിലാണ്. അതുകൊണ്ടു തന്നെ വിമതര്‍ക്കെതിരെ കടുത്ത നടപടിക്ക് മുതിരില്ലെന്ന് കരുതുന്നവരുമുണ്ട്. അതിനിടെ പഞ്ചായത്ത് പ്രസിഡണ്ടും വിമത നേതാവുമായ ഗോപാലന്‍ മാഷുമായി ചില പാര്‍ട്ടി കേന്ദ്രങ്ങള്‍ അനുരഞ്ജന ചര്‍ച്ച ഊര്‍ജിതമാക്കിയതായും വിവരം പുറത്തുവന്നിട്ടുണ്ട്.
ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ നേരത്തെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വിമത വിഭാഗം കുറ്റിക്കോല്‍ വ്യാപാര ഭവനില്‍ കണ്‍വെന്‍ഷനും നടത്തിയിരുന്നു. 340 ഓളം പേര്‍ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. യുവാക്കള്‍ ആവേശത്തോടെയാണ് കണ്‍വെന്‍ഷന് എത്തിയത്. നേരത്തെ പടുപ്പിലും വിമത വിഭാഗം കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തിരുന്നു.
മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരില്‍ ഗോപാലന്‍ മാസ്റ്റര്‍ അടക്കമുള്ള വിമത നേതാക്കളെ നേതൃത്വം ശാസിച്ചിരുന്നുവെങ്കിലും കടുത്ത നടപടിക്ക് പാര്‍ട്ടി മുതിരില്ലെന്ന് തന്നെയാണ് ബേഡകത്തെ പ്രബലരായ വിമത വിഭാഗം കരുതുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ കാഞ്ഞങ്ങാട്ട് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മതേതര സംഗമത്തില്‍ കുറ്റിക്കോല്‍, പടുപ്പ്, ബന്തടുക്ക മേഖലയില്‍ നിന്നും ചുരുക്കം ചിലര്‍ മാത്രമാണ് പങ്കെടുത്തത്. ഇത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. വി.എസിനെ പോലെ ആദര്‍ശം മുറുകെ പിടിക്കുന്ന ഗോപാലന്‍ മാസ്റ്റര്‍ക്കും കൂടെയുള്ളവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി അറച്ചു നില്‍ക്കുന്നതും വിമതരുടെ ശക്തി ബോധ്യപ്പെട്ടതു കൊണ്ടു മാത്രമാണ്.
പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച കുറ്റിക്കോല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ലോക്കല്‍ കമ്മിറ്റിയംഗവുമായ സജു അഗസ്റ്റിന്‍ സ്ഥാനങ്ങള്‍ രാജിവെച്ചതിന് പിന്നാലെ അദ്ദേഹത്തെ പാര്‍ട്ടി നേതൃത്വം സംഘടനയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഇത് ഔദ്യോഗിക പക്ഷവും വിമത പക്ഷവും തമ്മിലുള്ള പോര് ഒന്നുകൂടി മുറുകാന്‍ കാരണമായിരുന്നു.
സി. ബാലന്‍ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ബേഡകത്ത് ഔദ്യോഗിക പക്ഷവും വിമത പക്ഷവും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Bedakam, CPM, Kerala, P. Gopalan Master, Rajesh Babu, P. Divakaran.
Advertisement: