കത്തിയെരിയുന്ന വിമാനത്തിൽ നിന്ന് ഒരു സീറ്റിന്റെ ദൂരം: കൃഷ്ണന്റെ ജീവിതം മാറ്റിമറിച്ച നിമിഷം

● വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തീഗോളമായി മറിഞ്ഞു.
● രണ്ട് മലയാളികൾ ഉൾപ്പെടെ 8 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
● ദുരന്തത്തിൽ തിരിച്ചറിയാനാകാത്ത 22 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക്.
● നിയമനടപടികൾ മങ്ങിയ നിലയിൽ, ദുരന്തബാധിതർ നീതിക്ക് പോരാട്ടത്തിൽ.
● നഷ്ടപരിഹാരം പൂർണ്ണമായി ലഭിക്കാത്തതിനെതിരെ പരാതികൾ നിലനിൽക്കുന്നു.
കാസർകോട്: (KasargodVartha) അടുത്തിടെയുണ്ടായ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ലണ്ടനിലെ ഇന്ത്യൻ വംശജനായ വിശ്വാസ് കുമാർ രക്ഷപ്പെട്ടത് ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. വാതിലിനടുത്ത സീറ്റിലുണ്ടായിരുന്ന വിശ്വാസ്, വിമാനം തകർന്ന് രണ്ടായി പിളർന്നപ്പോൾ സീറ്റ് ബെൽറ്റ് ഊരി പുറത്തേക്ക് ചാടിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
സമാനമായൊരു രക്ഷപ്പെടലിന്റെ കഥയാണ് പതിനഞ്ച് വർഷം മുൻപ് മംഗളൂരു വിമാന ദുരന്തത്തിൽ നിന്ന് അവിശ്വസനീയമായി രക്ഷപ്പെട്ട ഉദുമ മാങ്ങാട് കുളിക്കുന്നിലെ കൃഷ്ണനും പങ്കുവെക്കാനുള്ളത്. മിറാക്കിൾ പോലെ താൻ രക്ഷപ്പെട്ട നിമിഷങ്ങൾ അദ്ദേഹം ഓർത്തെടുക്കുന്നു.
ഒരു നിമിഷം കൊണ്ട് കത്തിയമർന്ന വിമാനത്തിൽ നിന്ന് പുറത്തുചാടാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ താനും ആ തീഗോളത്തിൽ അകപ്പെടുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
വീണ്ടുമൊരു വിമാന ദുരന്തം ഓർക്കാൻ കൂടി കഴിയുന്നില്ലെന്ന് കൃഷ്ണൻ വിഷമത്തോടെ പറഞ്ഞു. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ നേർക്കാഴ്ച ടിവിയിൽ കണ്ടപ്പോൾ ഭാര്യ പൊട്ടിക്കരയുന്നുണ്ടായിരുന്നു. പതിനഞ്ച് വർഷം മുൻപ് താൻ ഈ അവസ്ഥ അനുഭവിച്ചതാണെന്ന് കൃഷ്ണൻ പറയുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇടറിപ്പോയിരുന്നു.
അന്ന് ഇക്കോണമി ക്ലാസിലെ 17-ാം നമ്പർ സീറ്റിലായിരുന്നതുകൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ തൊട്ടടുത്തിരുന്നവർ പോലും നിമിഷനേരം കൊണ്ട് തീഗോളമായി മാറുന്നത് നിസ്സഹായനായി നോക്കിനിൽക്കാനേ തനിക്ക് കഴിഞ്ഞുള്ളൂവെന്ന് അദ്ദേഹം ഓർക്കുന്നു. വീണ്ടുമൊരു വിമാന ദുരന്തത്തെക്കുറിച്ച് കേൾക്കുമ്പോൾ അന്നത്തെ സംഭവങ്ങൾ ഓർമ്മയിൽ തികട്ടി വരികയാണെന്ന് കൃഷ്ണൻ പറയുന്നു.
മംഗളൂരു വിമാനദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളുമായി പതിനഞ്ചാം വാർഷികം മെയ് 22ന് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് രാജ്യം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തം ഉണ്ടായത്. രാജ്യം കണ്ട ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായിരുന്നു 2010 മെയ് 22ന് മംഗളൂരു ബജ്പെ വിമാനത്താവളത്തിലുണ്ടായത്. അന്ന് 158 പേരുടെ ജീവനാണ് പൊലിഞ്ഞത്. മരിച്ചവരിൽ 46 പേർ മലയാളികളായിരുന്നു.
ദുബൈയിൽ നിന്ന് വന്ന എയർ ഇന്ത്യയുടെ ഐ എക്സ് 812 എന്ന വിമാനം കർണാടകയിലെ മംഗളൂരു ബജ്പെ വിമാനത്താവളത്തിൽ രാവിലെ 6:30ന് ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ വിമാനം വിമാനത്താവളത്തിന് സമീപത്തെ കൊക്കയിലേക്ക് മറിഞ്ഞുവീണ് അഗ്നിഗോളമായി മാറുകയായിരുന്നു. അന്നത്തെ ദുഃഖം പേറി ജീവിക്കുന്ന നിരവധി കുടുംബങ്ങൾ ഇപ്പോഴുമുണ്ട്.
രണ്ട് മലയാളികളടക്കം എട്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടതായിരുന്നു ആകെയുള്ള ആശ്വാസം. ലാൻഡിംഗിലെ പിഴവാണ് അപകടകാരണമെന്നാണ് പിന്നീട് കണ്ടെത്തിയത്. ബ്ലാക്ക് ബോക്സിലും ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിരുന്നു.
വിമാനത്താവളം സ്ഥിതിചെയ്യുന്ന കുന്നിൻമുകളിൽ നിന്ന് 200 മീറ്റർ താഴ്ചയുള്ള കൊക്കയിൽ വീണ വിമാനം നാലായി പിളർന്ന് വലിയ തീപിടിത്തമുണ്ടായി. ദൂരെ തെറിച്ചുവീണ വിമാനത്തിന്റെ മധ്യഭാഗത്ത് തീപിടിക്കാതിരുന്നതിനാലാണ് അതിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്.
തിരിച്ചറിയാൻ കഴിയാത്ത 22 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന നടത്തിയാണ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. തിരിച്ചറിയൽ അടയാളങ്ങൾ അവശേഷിച്ചിട്ടില്ലാത്ത മൃതദേഹങ്ങളുടെ പേരിൽ അവകാശത്തർക്കവും മംഗളൂരിൽ ഉണ്ടായി.
തുടക്കത്തിൽ പല വാഗ്ദാനങ്ങളും നൽകിയിരുന്നുവെങ്കിലും പതിനഞ്ച് വർഷങ്ങൾക്കിപ്പുറവും വിമാന കമ്പനി നീതി കാണിച്ചില്ലെന്ന പരാതി ഇന്നും ഉയരുന്നുണ്ട്.
ആശുപത്രികളുടെ നഗരമായ മംഗളൂരിൽ ചരിത്രത്തിൽ ആദ്യമായി ആശുപത്രികളുടെ മോർച്ചറികൾ നിറഞ്ഞത് വിമാന ദുരന്ത സമയത്തായിരുന്നു. ഐസ് വെച്ച് സൂക്ഷിച്ചതും പാതിവെന്തതും പൂർണ്ണമായി കത്തിക്കരിഞ്ഞതുമായ മനുഷ്യ ശരീരങ്ങൾ പലരുടെയും മനസ്സിൽ ഇപ്പോഴും മായാതെ കിടക്കുന്നുണ്ട്. ഉറ്റവരെ തേടിയുള്ള തിരച്ചിലും ബന്ധുക്കളെ തിരിച്ചറിഞ്ഞവരുടെ നിലവിളിയും കാതോർത്താൽ ഇന്നും അവിടെ കേൾക്കാം.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 72 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ പലർക്കും ലഭിച്ചിട്ടില്ല. മോൺട്രിയൽ കൺവെൻഷൻ ഉടമ്പടി പ്രകാരമുള്ള ന്യായമായ നഷ്ടപരിഹാരത്തിനായി മംഗളൂരു എയർ ക്രാഷ് വിക്ടിംസ് ഫാമിലി അസോസിയേഷൻ 15 വർഷമായി നിയമ പോരാട്ടത്തിലാണ്.
എല്ലാം നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കിലും എയർ ഇന്ത്യ നിയോഗിച്ച ഏജൻസി നിശ്ചയിച്ച നാമമാത്ര തുകയാണ് ഇൻഷുറൻസ് കമ്പനി നൽകിയത്. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 75 ലക്ഷം രൂപയെങ്കിലും ഇടക്കാല നഷ്ടപരിഹാരമായി നൽകണമെന്ന് കേരള ഹൈക്കോടതി 2011 ജൂലൈ 20ന് വിധി പുറപ്പെടുവിച്ചിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Krishna’s miraculous survival from the 2010 Mangalore plane crash continues to haunt him as families still seek justice and compensation.
#MangaloreCrash #AirIndia #PlaneCrashSurvivor #KeralaNews #AviationAccident #JusticeForVictims