കൃഷ്ണ ചന്ദ്രയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു
Nov 4, 2012, 21:12 IST
ഉദുമ: നീലം ചുഴലിക്കാററില്‍പ്പെട്ട എണ്ണ കപ്പലില്‍ നിന്നും അപകടത്തില്‍ കടലില്‍ വീണ് മരണമടഞ്ഞ ഉദുമ പടിഞ്ഞാര്‍ അംബികാനഗറിലെ പി.സി. കൃഷ്ണ ചന്ദ്രയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
കഴിഞ്ഞ ബുധനാഴ്ച ചെന്നൈയില്‍ വെച്ചാണ് നീലം ചുഴലികാറ്റില്‍പ്പെട്ട പ്രതിഭാ കവേരി കപ്പലില്‍ നിന്നും രക്ഷപ്പെടുന്നതിനിടയില്‍ കൃഷ്ണ ചന്ദ്രയടക്കം 5 പേരെ കാണാതായത്. ഇതില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. കൃഷ്ണ ചന്ദ്രന്റെയും ബദിയഡുക്ക പളളത്തടുക്കിയിലെ ജോമോന്‍ ജോസഫിന്റെയും മൃതദേഹങ്ങള്‍ ശനിയാഴ്ച രാവിലെ മീഞ്ചൂരില്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കര്‍ണാടക വഴി റോഡ് മാര്‍ഗം ഇരുവരുടെയും മൃതദേഹങ്ങള്‍ ഞായറാഴ്ച വൈകുന്നേരത്തോടെ നാട്ടിലെത്തിക്കുകയായിരുന്നു.
ഉദുമ സര്‍വ്വീസ് സഹകരണ ബാങ്ക് മാങ്ങാട് ബ്രാഞ്ച് മാനേജരായ ചന്ദ്രശേഖരന്റെയും ഉദുമ ഗവ: എ.എല്‍.പി സ്‌കൂള്‍ അധ്യാപിക രമയുടെ മകനായ കൃഷ്ണചന്ദ്രയുടെ മൃതദേഹം അവസാനമായി ഒരു നോക്കുകാണായി ഞായറാഴ്ച ഉച്ചയോടെ തന്നെ നാനാതുറകളില്‍പെട്ട നൂറുകണക്കിനാളുകള്‍ അംബികാ നഗറിലേക്ക് ഒഴുകുകയായിരുന്നു. വൈകുന്നേരം ആറുമണിയോടെ മൃതദേഹം വീട്ടിലെത്തുമ്പോഴേക്കും കൂട്ട നിലവിളിയായിരുന്നു. ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടുവളപ്പിലാണ് സംസ്കാരം നടത്തിയത്.
കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, എം.എല്‍.എമാരായ കെ.കുഞ്ഞിരാമന്‍, സതീശന്‍ പാച്ചേനി, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കസ്തൂരി ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം പാദൂര്‍ കുഞ്ഞാമു ഹാജി, കോണ്‍ഗ്രസ്സ് നേതാക്കളായ പി. ഗംഗാധരന്‍ നായര്‍, വെളുത്തമ്പു, അഡ്വ.സി.കെ. ശ്രീധരന്‍, അഡ്വ. എ.സി. ജോസ്, നീലകണ്ഠന്‍, രാജേന്ദ്രന്, മുസ്ലിം ലീഗ് നേതാക്കളായ സി.ടി. അഹമ്മദലി. കെ.ഇ.എ. ബക്കര്‍, കെ.എ. മുഹമ്മദലി, പാറയില്‍ അബൂബക്കര്‍, ഹമീദ് മാങ്ങാട്, ടി.കെ. മൂസ, ബി.ജെ.പി നേതാക്കളായ അഡ്വ. ശ്രീകാന്ത്, തമ്പാന്‍, മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ശാന്തമ്മ ഫിലിപ്പ്, കോപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.കെ. നാരായണന്‍ നായര്‍, ജില്ലാ സെക്രട്ടറി പി.കെ. വിനയചന്ദ്രന്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ജോമോന്‍ ജോസഫിന്റെ മൃതദേഹം ബദിയഡുക്കയില്‍ അല്‍പസമയം പൊതു ദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കാരത്തിനായി കണ്ണൂരിലേക്ക് കൊണ്ടുപോയി.
Keywords: Ship Accident, Youth, Dead-body, Udma, Badiyadukka, Chennai, Nilam Cylone, Malayalam news, Kerala, Kasaragod,






