Education News | കെപിഎസ്ടിഎ റവന്യൂ ജില്ലാ സമ്മേളനം ജനുവരി 18, 19 തീയതികളില്‍ ഉദുമയില്‍

● എല്ലാ മേഖലകളിലും സര്‍ക്കാരിന്റെ സമാനതകളില്ലാത്ത വഞ്ചന തുടരുന്നു.
● ഉച്ചഭക്ഷണം നല്‍കാനായി പ്രധാനാധ്യാപകര്‍ നെട്ടോട്ടമോടുന്നു.
● എയിഡഡ് സ്‌കൂള്‍ അധ്യാപകരും മാനസിക സംഘര്‍ഷം അനുഭവിക്കുന്നു.
കാസര്‍കോട്: (KasargodVartha) കെപിഎസ്ടിഎ റവന്യൂ ജില്ലാ സമ്മേളനം ജനുവരി 18, 19 തീയതികളില്‍ ഉദുമയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ എട്ടര വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ചരിത്രത്തിലൊരിക്കലും ഉണ്ടാകാത്ത തരത്തിലുള്ള നീതി നിഷേധത്തിനും ആനുകൂല്യ നഷ്ടങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
ക്ഷാമബത്ത, ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കല്‍, മെഡിസെപ്പ് തുടങ്ങി ജീവനക്കാരെ നേരിട്ട് ബാധിക്കുന്ന എല്ലാ മേഖലകളിലും സമാനതകളില്ലാത്ത വഞ്ചന തുടരുന്നു. പൊതുവിദ്യാഭ്യാസ രംഗം കെടുകാര്യസ്ഥത മൂലവും ഉന്നത വിദ്യാഭ്യാസ രംഗം നാഥനില്ലാക്കളരിയായും മാറി. ഉച്ചഭക്ഷണം നല്‍കാനായി നെട്ടോട്ടമോടുന്ന പ്രധാനാധ്യാപകരും വര്‍ഷങ്ങളായി അപ്രൂവല്‍ ലഭിക്കാതെ ദിവസക്കൂലിക്കാരായി മാറിയ എയിഡഡ് സ്‌കൂള്‍ അധ്യാപകരും മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
മുമ്പൊരിക്കലുമില്ലാത്ത വിധം കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും പൊതുവിദ്യാഭ്യാസ രംഗം താറുമാറാക്കുകയാണ്. പാഠ്യപദ്ധതി പരിഷ്‌ക്കരണവും പരീക്ഷാ നടത്തിപ്പും പൊതു സമൂഹത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി. അധ്യാപകരുടെ മനോവീര്യം കെടുത്തുന്ന ഉത്തരവുകള്‍ അടിക്കടിയുണ്ടാകുന്നു. കെപിഎസ്ടിഎ നടത്തിയ സംഘടിതമായ സമരപരിപാടികളും നിയമപോരാട്ടവുമാണ് അധ്യാപക സമൂഹത്തിന്റെ പരിരക്ഷയായത്. ഇക്കാര്യങ്ങളെല്ലാം റവന്യൂ ജില്ലാ സമ്മേളനം ചര്‍ച്ച ചെയ്യുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനും അധ്യാപക സമൂഹത്തിന്റെ മനോവീര്യം വീണ്ടെടുക്കാനുമായി പാലക്കുന്ന് മാഷ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന കാസറഗോഡ് റവന്യൂ ജില്ലാ സമ്മേളനത്തെ പങ്കാളിത്തം കൊണ്ട് ധന്യമാക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
18-ന് രാവിലെ 10 മണിക്ക് റവന്യൂ ജില്ലാ കൗണ്‍സില്‍ യോഗവും തുടര്‍ന്ന് പ്രതിനിധി സമ്മേളനവും നടക്കും. സംസ്ഥാന പ്രസിഡണ്ട് കെ രമേശന്‍ ഉദ്ഘാടനം ചെയ്യും.
2 മണിക്ക് സര്‍ഗലയം അധ്യാപക കലാപരിപാടകള്‍ ചലച്ചിത്ര സംഗീത സംവിധായകനും, എസ്.സി.ആര്‍.ടി. മുന്‍ റിസര്‍ച്ച് ഓഫീസറുമായ ഡോക്ടര്‍ മണക്കാല ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
19 ശനിയാഴ്ച രാവിലെ 10 മണിക്ക് പതാക ഉയര്‍ത്തും തുടര്‍ന്ന് റവന്യൂ ജില്ലാ കള്‍ചറല്‍ ഫോറം നടത്തുന്ന സ്വാഗത ഗാനത്തോടെ ഉദ്ഘാടന പരിപാടി ആരംഭിക്കും. സംസ്ഥാന പ്രസിഡണ്ട് കെ. അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസവും യുവജനങ്ങളും എന്ന വിഷയത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ക്ലാസെടുക്കും.
ഉച്ചകഴിഞ്ഞ് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാതലങ്ങളും സംസ്ഥാന തലങ്ങളിലും പ്രതിഭ തെളിയിച്ച അധ്യാപകരെ മുന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍ നന്ദികേശന്‍ ആദരിക്കും. ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതാണ്.
ജില്ലാ വൈസ് പ്രസിഡണ്ട് കെ സുഗതന്‍, ജില്ലാ സെക്രടറി പി ടി ബെന്നി, സംസ്ഥാന സമിതി അംഗം അശോകന്‍ കോടോത്ത്, ജില്ലാ ജോയിന്റ് സെക്രടറിമാരായ എ ജയദേവന്‍, കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
#kpsta #teachers #education #kerala #conference #kasaragod