Heavy Rain | കൊട്ടോടി ടൗണില്‍ വെള്ളം കയറി; ആരാധാനാലയങ്ങളും കടകളും വെള്ളപ്പൊക്ക ഭീഷണിയില്‍, ഹയര്‍ സെകന്‍ഡറി സ്‌കൂളിനും മദ്രസക്കും അവധി പ്രഖ്യാപിച്ചു
കനത്ത മഴയാണ് മലയോരത്ത് ഉണ്ടായത്.
കൊട്ടോടി ടൗണിലെ കടകളിലടക്കം വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
വ്യാപാരികള്‍ സാധനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ തുടങ്ങി.
രാജപുരം: (KasaragodVartha) കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടര്‍ന്ന് കള്ളാര്‍ പഞ്ചായതിലെ കൊട്ടോടി ടൗണിലും പരിസരപ്രദേശങ്ങളിലും വെള്ളം കയറി. കൊട്ടോടി മുസ്ലീം ജമാഅത്ത് പള്ളിയിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളിന് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖരന്‍ വ്യാഴാഴ്ച (27.06.2024) അവധി പ്രഖ്യാപിച്ചു. കൊട്ടോടി മദ്രസക്കും അധികൃതര്‍ അവധി നല്‍കി.
വിലേജ് ഓഫീസറുടെയും താലൂക് ഓഫീസറുടെയും റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുന്നതുമൂലം കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തുന്നുണ്ട്. ഇതും വെള്ളപ്പൊക്കത്തിന് കാരണമാണ്.
ബുധനാഴ്ച (26.06.2024) രാത്രി മുതല്‍ കനത്ത മഴയാണ് മലയോരത്ത് ഉണ്ടായത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മഴയ്ക്ക് അല്‍പം ശമനം ഉണ്ടായിരിക്കുന്നത്. കൊട്ടോടി ടൗണിലെ കടകളിലടക്കം വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊട്ടോടി പുഴയും തൊട്ടടുത്ത ചാലുകളും കരകവിഞ്ഞ് ഒഴുകുന്നതിനാലാണ് കടകളിലേക്ക് വെള്ളം കയറാന്‍ സാധ്യത ഉയര്‍ന്നിരിക്കുന്നത്. ഇതേതുടര്‍ന്ന് വ്യാപാരികള്‍ സാധനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. മഴ കാരണം മലയോരത്തെ വൈദ്യുതി ബന്ധവും താറുമാറായിട്ടുണ്ട്.