Delay | കോട്ടിക്കുളം മേൽപ്പാലം വൈകുന്നു; ജനകീയ കൂട്ടായ്മ നിയമ പോരാട്ടത്തിലേക്ക്

● കോട്ടിക്കുളം മേൽപ്പാലം നിർമ്മാണം വൈകുന്നു.
● ടെൻഡർ നടപടികൾ പൂർത്തിയാകാത്തതിൽ പ്രതിഷേധം.
● ജനകീയ കൂട്ടായ്മ നിയമനടപടിക്ക് ഒരുങ്ങുന്നു.
● ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകാൻ തീരുമാനം.
● പാലക്കുന്നിൽ വിപുലമായ പൊതുയോഗം നടത്തും.
(KasargodVartha) കോട്ടിക്കുളം റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമ്മാണം ദീർഘകാലമായി വൈകുന്നതിൽ പ്രതിഷേധിച്ച് കൂടുതൽ ശക്തമായ ജനകീയ ഇടപെടലുകൾ ആസൂത്രണം ചെയ്യാനും ഭാവി നടപടികൾ ചർച്ച ചെയ്യാനും ജനകീയ കൂട്ടായ്മ യോഗം ചേർന്നു.
മേൽപ്പാലം വിഷയത്തിൽ എംപി, എംഎൽഎ എന്നിവർ രക്ഷാധികാരികളായി പ്രവർത്തിക്കുന്നതും പഞ്ചായത്ത് പ്രസിഡൻ്റ് നേതൃത്വം നൽകുന്നതുമായ സർവകക്ഷി ആക്ഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് യോഗം പൂർണ്ണ പിന്തുണ അറിയിച്ചു.
രണ്ട് പതിറ്റാണ്ടിലേറെ കാത്തിരിപ്പിന് ശേഷം റെയിൽവേ ഏറ്റെടുത്ത ഭൂമിയിൽ മേൽപ്പാലം നിർമ്മിക്കാൻ അനുമതി ലഭിച്ചിട്ട് രണ്ടുവർഷവും മൂന്നുമാസവും പിന്നിട്ടിട്ടും ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ ഒപ്പുവെക്കാൻ പോലും സാധിക്കാത്തതിൻ്റെ കാരണം ആക്ഷൻ കമ്മിറ്റി അന്വേഷിച്ച് പൊതുജനങ്ങളെ അറിയിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
റെയിൽവേയുടെ അനുമതിയും ഫണ്ടും, കിഫ്ബി ഫണ്ടും ലഭ്യമായിട്ടും, നിർമ്മാണത്തിന് ആവശ്യമായ ഭൂമി നാട്ടുകാർ വിട്ടുനൽകിയിട്ടും യഥാസമയം ടെൻഡർ നടപടികൾ പൂർത്തിയാക്കാത്തത് പ്രതിഷേധാർഹമാണെന്ന് യോഗം വിലയിരുത്തി. ടെൻഡർ ഷെഡ്യൂൾ അനുസരിച്ച് മേൽപ്പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കേണ്ട സമയം അതിക്രമിച്ചിട്ടും പദ്ധതി അനിശ്ചിതമായി നീണ്ടുപോകുന്നതിൽ പൊതുജനങ്ങൾക്കുള്ള ആശങ്കയും യോഗം രേഖപ്പെടുത്തി.
മേൽപ്പാലം വിഷയത്തിൽ പ്രദേശത്തെ സാമൂഹ്യ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടികൾ, ക്ലബ്ബുകൾ, ക്ഷേത്ര-പള്ളി കമ്മിറ്റികൾ എന്നിവരെ ഒന്നിപ്പിച്ച് ശക്തമായ സമ്മർദ്ദം ചെലുത്തുന്നതിനുള്ള കാര്യങ്ങൾ ചെയ്യാൻ യോഗം തീരുമാനിച്ചു.
മേൽപ്പാലത്തിൻ്റെ ടെൻഡറും നിർമ്മാണവും സംബന്ധിച്ച നിലവിലെ അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തിൽ കേരള ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്യുന്നതിന് നിയമോപദേശം തേടാനും യോഗം തീരുമാനിച്ചു.
സമയബന്ധിതമായി ടെൻഡർ നടപടികൾ പൂർത്തിയാക്കി മേൽപ്പാലത്തിൻ്റെ നിർമ്മാണം ആരംഭിക്കാത്ത പക്ഷം എല്ലാ മേഖലകളിലെയും ജനങ്ങളെ പങ്കെടുപ്പിച്ച് പാലക്കുന്നിൽ വിപുലമായ ഒരു പൊതുയോഗവും തുടർന്ന് പ്രത്യക്ഷ സമര പരിപാടികളും സംഘടിപ്പിക്കാൻ യോഗത്തിൽ നിർദ്ദേശമുണ്ടായി.
പൊതു വികസന കാര്യങ്ങളിൽ ജനങ്ങൾക്കിടയിലുള്ള ഐക്യമില്ലായ്മയും അറിവില്ലായ്മയും കോട്ടിക്കുളം മേൽപ്പാലം പോലുള്ള പ്രധാനപ്പെട്ട പദ്ധതികൾ വൈകാൻ കാരണമാകുന്നതിനാൽ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും തീരുമാനിച്ചു. ഇതിൻ്റെ ആദ്യപടിയായി മേൽപ്പാലം പരിധിയിലെ വാർഡുകളിൽ സോഷ്യൽ മീഡിയ വഴി മേൽപ്പാലത്തെക്കുറിച്ച് ജനകീയ ബോധവൽക്കരണം നടത്താനും യോഗത്തിൽ ധാരണയായി.
ഇന്നത്തെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും, മുന്നോട്ടുള്ള ജനകീയ കൂട്ടായ്മയുടെ തുടർ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും, യഥാസമയം ഇടപെടുന്നതിനുമായി ഒരു ജനകീയ കർമ്മ സമിതി കോർഡിനേഷൻ ടീമിന് യോഗം രൂപം നൽകി.
ശ്രീ. എ. കെ. പ്രകാശ് സ്വാഗത പ്രസംഗത്തിൽ മേൽപ്പാലത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ വിശദീകരിച്ചു. ശ്രീ. ബി. ടി. ജയറാം യോഗത്തിൽ അധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി കൺവീണർ എം എ ഖാദർ മേൽപ്പാലം പദ്ധതിയിൽ എംഎൽഎയും ആക്ഷൻ കമ്മിറ്റിയും നടത്തിയ പ്രവർത്തനങ്ങളും മേൽപ്പാലത്തിൻ്റെ ഇതുവരെയുള്ള ചരിത്രവും വിശദീകരിച്ചു.
യോഗത്തിൽ വാർഡ് മെമ്പർമാർ ആയ സൈനബ, ബഷീർ പാക്യാര, കെപിസിസി മെമ്പർ ഹക്കീം കുന്നിൽ, കോട്ടിക്കുളം ജുമാ മസ്ജിദ് വൈസ് പ്രസിഡൻ്റ് താജുദ്ദീൻ എംക്കെ, ഉദുമ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ ബി എം ഷരീഫ്, കോൺഗ്രസ് ഉദുമ മണ്ഡലം പ്രസിഡന്റ് ശ്രീധരൻ വയലിൽ , എസ്.എൻ.ഡി.പി നേതാവ് ജയാനന്ദൻ പാലക്കുന്ന്, TASC തിരുവക്കോളി സെക്രട്ടറി ഹാരിസ്, ജനശ്രീ ഉദുമ മണ്ഡലം ചെയർമാൻ ശ്രീ.പി.വി.ഉദയ്കുമാർ, റിയൽ ഫ്രണ്ട് ക്ലബ് പ്രതിനിധി രതീഷ് കരിപ്പോടി എന്നിവർ സംസാരിക്കുകയും, മുന്നോട്ടുള്ള എല്ലാ ജനകീയ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.
അഡ്വക്കേറ്റ് വിദ്യാധരൻ നമ്പിയാർ നിയമ നടപടികളെയും പൊതുതാൽപ്പര്യ ഹർജിയുടെ സാധ്യതകളെയും കുറിച്ച് വിശദീകരണം നൽകി. യോഗത്തിൽ പങ്കെടുത്ത 50 ലധികം അംഗങ്ങൾ ചർച്ചയിൽ സജീവമായി പങ്കെടുത്തുകൊണ്ട് മേൽപ്പാലം നിർമ്മാണത്തിലെ വീണ്ടും വന്ന അനിശ്ചിതത്വത്തിലും, ഉത്തരവാദിത്തപ്പെട്ടവർ സർക്കാർ വെബ്സൈറ്റിലെ വിവരങ്ങൾ പോലും അവഗണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതിലും ആശങ്ക പ്രകടിപ്പിച്ചു.
സി കെ കണ്ണൻ പാലക്കുന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുകയും യോഗം അവസാനിക്കുകയും ചെയ്തു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Frustrated by the prolonged delay in the construction of the Kottikulam railway overbridge, the local community held a meeting and decided to pursue legal action, including filing a PIL in the Kerala High Court. The meeting expressed solidarity with the all-party action committee and resolved to raise public awareness and organize protests if the tender process is not expedited.
#KottikulamOverbridge #RailwayProject #Delay #PublicProtest #LegalAction #KeralaDevelopment