Legacy | കൊപ്പൽ അബ്ദുല്ല: ഓർമകളുടെ പുസ്തകം
● അഖിലേന്ത്യ ലീഗ്, മുസ്ലിം ലീഗ്, ഐഎൻഎൽ തുടങ്ങിയ പാർട്ടികളിൽ പ്രവർത്തിച്ചിട്ടുണ്ട്
● 25 വർഷത്തെ മുൻസിപ്പൽ കൗൺസിൽ പ്രവർത്തനങ്ങൾ
അബ്ദുല്ല കമ്പിളി തെരുവത്ത്
(KasargodVartha) കാസർകോടിൻ്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നിറസാനിധ്യമായിരുന്ന കൊപ്പൽ അബ്ദുള്ളയുടെ ഓർമ്മകൾക്ക് എട്ട് വർഷം പിന്നിട്ടിരിക്കുന്നു. സാധാരണക്കാർ സ്നേഹത്തോടെ വിളിച്ചിരുന്ന 'കൊപ്പൽച്ച' എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം, ഫിർദൗസ് ബസാറിലെ സഅദിയ ലോഡ്ജ് ബിൽഡിങ്ങിലെ 'കൊപ്പൽ എക്സ്പ്രസ്സ്' എന്ന സ്ഥാപനം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നു. ഈ സ്ഥാപനം രാഷ്ട്രീയ, മത വ്യത്യാസമില്ലാതെ എല്ലാവർക്കും തുറന്ന വാതിലായിരുന്നു. സർക്കാർ, വില്ലേജ്, മുൻസിപ്പൽ, പഞ്ചായത്ത് ഓഫീസുകളിൽ സമർപ്പിക്കേണ്ട അപേക്ഷകളുമായി നിരവധി പേർ അദ്ദേഹത്തെ സമീപിച്ചിരുന്നു.
മുസ്ലിം ലീഗിൻ്റെ വിദ്യാർഥി പ്രസ്ഥാനമായ എം.എസ്.എഫിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്ന കൊപ്പൽ അബ്ദുള്ള അഖിലേന്ത്യ ലീഗ്, മുസ്ലിം ലീഗ്, ഐഎൻഎൽ തുടങ്ങിയ പാർട്ടികളിൽ പ്രവർത്തിച്ചിട്ടുണ്ട്. 25 വർഷത്തോളം കാസർഗോഡ് മുൻസിപ്പൽ കൗൺസിലറായും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും ജനങ്ങളെ സേവിച്ച അദ്ദേഹം രാഷ്ട്രീയമോ മത വ്യത്യാസമോ കാണാതെ എല്ലാവരോടും ഒരുപോലെ പെരുമാറിയിരുന്നു. സേട്ടു സാഹിബിന്റെ സത്യസന്ധമായ ആദർശങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിരുന്നു.
ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി നിർവഹിക്കുക എന്നത് അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. മികച്ച ഒരു സംഘാടകനായിരുന്ന കൊപ്പൽച്ച എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കാറുള്ള ഒരു വ്യക്തിയായിരുന്നു.
ഒരിക്കൽ കൊപ്പൽച്ചയുടെ ബന്ധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് എറണാകുളത്ത് താമസിക്കേണ്ടി വന്നപ്പോൾ, അവിടെ ജോലി ചെയ്യുന്ന കാസർഗോഡ് സ്വദേശികൾക്ക് വേണ്ടി ഒരു കൂട്ടായ്മ രൂപീകരിച്ചു. കാവ്യ മാധവൻ ആയിരുന്നു ആ കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ വിവിധ മേഖലകളിലെ പ്രമുഖരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. കൊപ്പൽ അബ്ദുള്ളയെ ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കാൻ കഴിയാത്തത്ര വ്യക്തിത്വമായിരുന്നു അദ്ദേഹം.
കൊപ്പൽച്ചയുടെ വിയോഗം ആകസ്മികമായിരുന്നുവെങ്കിലും അദ്ദേഹം ചെയ്ത സേവനങ്ങൾ നമ്മുടെ മനസ്സിൽ എന്നും നിലനിൽക്കും. കൊപ്പൽ അബ്ദുള്ളയുടെ ജീവിതം തുറന്ന പുസ്തകം പോലെ ഒരു പൊതുസേവനത്തിന്റെ മാതൃകയായി നമുക്ക് മുന്നിലുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
#KoppalAbdullah #KasaragodLeader #PublicService #KeralaPolitics #SocialLeadership #Tribute