കൊടിയമ്മ-കഞ്ചിക്കട്ട പാലം: തകർച്ചയുടെ വക്കിൽ, നാട്ടുകാർ സമ്മർദ്ദത്തിൽ
● നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പാലം പണിയാനാണ് നീക്കം.
● മന്ത്രിമാരെ കണ്ട് നിവേദനം നൽകിയത് എംഎൽഎമാരുടെ നേതൃത്വത്തിലാണ്.
● ചെറുകിട ജലസേചന വകുപ്പാണ് ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചത്.
● സമീപകാല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇത് പ്രധാന വിഷയമാക്കാൻ സാധ്യതയുണ്ട്.
കുമ്പള: (KasargodVartha) കാലപ്പഴക്കം മൂലം സുരക്ഷിതമല്ലെന്ന് കണ്ട് ഏകദേശം ഒന്നര വർഷത്തോളമായി അടച്ചിട്ടിരിക്കുന്ന കുമ്പള കൊടിയമ്മ-കഞ്ചിക്കട്ട വിബിസി കം ബ്രിഡ്ജ് ഈ വർഷത്തെ തന്നെ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലയിലെ എംഎൽഎമാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉൾപ്പെടെയുള്ള നിവേദക സംഘം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരെ തിരുവനന്തപുരത്ത് വെച്ച് കണ്ട് ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.
സുരക്ഷിതമല്ലെന്ന് കണ്ട് ജില്ലാ കളക്ടർ നേരിട്ട് ഇടപെട്ട് കഞ്ചിക്കട്ട-കൊടിയമ്മ പാലം അടച്ചിട്ടതിനെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി ഈ പ്രദേശത്തെ വിദ്യാർത്ഥികളടക്കമുള്ള ജനങ്ങൾ നേരിടുന്ന യാത്രാദുരിതം നിവേദക സംഘം മന്ത്രിമാരെ ബോധിപ്പിച്ചു.
മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്‌റഫിന് പുറമെ തൃക്കരിപ്പൂർ എംഎൽഎ രാജഗോപാൽ, ഉദുമ എംഎൽഎ അഡ്വ. സി.എച്ച്. കുഞ്ഞമ്പു, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറാ-യൂസഫ്, വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, പഞ്ചായത്തംഗം യൂസഫ് ഉളുവാർ, ആക്ഷൻ കമ്മിറ്റി അംഗങ്ങളായ മഞ്ജുനാഥ ആൾവ, ബി.എ. സുബൈർ, യോഗിഷ കെ., അഷ്‌റഫ് കൊടിയമ്മ എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
നേരത്തെ തന്നെ ഈ വിഷയത്തിൽ മഞ്ചേശ്വരം എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും, മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരുകയും ചെയ്തിരുന്നു. ചെറുകിട ജലസേചന വകുപ്പിൽ നിന്ന് പുനർനിർമ്മാണത്തിനാവശ്യമായ ഡി.പി.ആർ. സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തതാണ്. 27 കോടി അടങ്കൽ ചെലവുള്ള ഈ പാലത്തിന്റെ പുനർനിർമ്മാണം വേഗത്തിലാക്കണമെന്നാണ് ഇപ്പോൾ നാട്ടുകാർ ആവശ്യപ്പെടുന്നത്.
പാലം നിർമ്മാണം വൈകുന്നത് മൂലം കൊടിയമ്മയിലെ പൊതുപ്രവർത്തകൻ അബ്ദുസ്സലാം എ.പി. വിവരാവകാശ നിയമപ്രകാരം ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിന്ന് വിവരം ആരാഞ്ഞിരുന്നു.
ഇതിന് മറുപടിയായി, പുതിയ വിസിബി കം ബ്രിഡ്ജ് നിർമ്മാണത്തിനായി 27 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നബാർഡിലേക്ക് സമർപ്പിക്കുന്നതിനായി ഇറിഗേഷൻ ചീഫ് എഞ്ചിനീയർക്ക് നൽകിയതായി അറിയിച്ചിരുന്നു. സർക്കാരിന്റെ താലൂക്ക് തല അദാലത്തിൽ നൽകിയ പരാതിയിലും മറുപടിയിൽ ഇതേ കാര്യം സൂചിപ്പിച്ചിരുന്നു.
ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിഷയം ഉയർത്തിക്കൊണ്ടുവരുവാൻ നാട്ടുകാർ നീക്കം നടത്തുന്നതിനിടയിലാണ് ഇപ്പോൾ എംഎൽഎമാരുടെ നേതൃത്വത്തിൽ മന്ത്രിമാരെ കണ്ട് നിവേദനം നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
കൊടിയമ്മ-കഞ്ചിക്കട്ട പാലത്തിന്റെ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kodiyamma-Kanjikatta bridge reconstruction demanded due to dilapidation.
#KodiyammaBridge #KasaragodNews #KeralaInfrastructure #BridgeReconstruction #LocalDemand #MLAInitiative






