ട്രേഡ് യൂണിയനുകള്‍ 48 മണിക്കൂര്‍ പണിമുടക്കില്‍ നിന്ന് പിന്മാറണം: മന്ത്രി കൊടിക്കുന്നില്‍
Feb 16, 2013, 12:47 IST
കാസര്‍കോട്: രാജ്യതാല്‍പര്യം മാനിച്ച് സംയുക്ത ട്രേഡ് യൂണിയനുകള്‍ ഫെബ്രുവരി 20, 21 തീയ്യതികളില്‍ നടത്താന്‍ തീരുമാനിച്ച 48 മണിക്കൂര്‍ ദേശീയപണിമുടക്കില്‍ നിന്ന് പിന്‍മാറണമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അഭ്യര്‍ത്ഥിച്ചു. ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ഗസ്റ്റ് ഹൗസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
തൊഴില്‍ വകുപ്പിന് മാത്രം ഇടപെട്ട് പരിഹരിക്കാവുന്ന ആവശ്യങ്ങളല്ല ട്രേഡ് യൂണിയനുകള്‍ ഉന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയടക്കമുള്ള മറ്റ് മന്ത്രിമാരുമായി വിഷയം ചര്‍ച ചെയ്ത് പരിഹഹാരം കണ്ടത്തേണ്ടതുണ്ടെന്നും അതിനാല്‍ പണിമുടക്ക് മാറ്റിവെച്ച് സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
കാസര്‍കോട് ജില്ലയില്‍ സ്ഥലം ലഭ്യമാക്കിയാല്‍ ഇ.എസ്.ഐ ആശുപത്രി കെട്ടിടം നിര്‍മിച്ചുനല്‍കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. പി.എഫ് ആനുകൂല്യത്തിനായി തൊഴിലാളികളില്‍ നിന്നും വിഹിതം പിരിച്ചെടുക്കുകയും ആനുകൂല്യം നല്‍കാതിരിക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൊടിക്കുന്നില്‍ വ്യക്തമാക്കി.
കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജനമൈത്രി പോലീസ് പരിശീലന പരിപാടി മന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എസ്.പി.എസ്. സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഒ.ആര്‍ ശശികുമാര്‍, റിട്ട. ആര്‍.ഡി.ഒ ഇ. ചന്ദ്രശേഖരന്‍ നായര്‍, കാസര്‍കോട് സി.ഐ സി.കെ സുനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഗസ്റ്റ് ഹൗസില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. സി.കെ ശ്രീധരന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി. ഗംഗാധരന്‍ നായര്‍, പി.എ അഷ്‌റഫലി എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് സമ്മേളനം പൊയിനാച്ചിയില്‍ മന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് ജന്മശതാബ്ദി ഉദ്ഘാടനവും, 2.30 ന് ബദിയടുക്കയിലെ സായിറാം ഭട്ട് നിര്‍മിച്ചു നല്‍കുന്ന 203,204-മത്തെയും വീടുകളുടെ താക്കോല്‍ദാനവും തയ്യല്‍ മെഷീന്‍ വിതരണവും മന്ത്രി നിര്‍വഹിക്കും. വൈകിട്ട് നാലു മണിക്ക് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് (ഐ.എന്‍.ടി. യു.സി) സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ മന്ത്രി ഉദ്ഘാടനം ചെയ്യും.