Green Energy | കാസർകോട് അമ്പലത്തറയിൽ കൊച്ചി മെട്രോയുടെ പുതിയ സൗരോർജ പ്ലാന്റ് വരുന്നു; ഹരിതോർജ രംഗത്ത് വൻ കുതിപ്പ്
● കൊച്ചി മെട്രോ, ഹരിതോർജ രംഗത്ത് പുതിയൊരു പ്രദർശനത്തിനു തുടക്കം കുറിക്കുകയാണ്.
● കുറഞ്ഞ വിലയ്ക്ക് ഭൂമി ലഭ്യമാണ് എന്നതാണ് ഒരു പ്രധാന ഘടകം.
● കൊച്ചി മെട്രോയുടെ ചരിത്രത്തിൽ ഹരിതോർജത്തിന് വലിയ സ്ഥാനമുണ്ട്.
കാസർകോട്: (KasargodVartha) കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഹരിതോർജ രംഗത്ത് ഒരു പുതിയ അധ്യായം കുറിക്കാൻ ഒരുങ്ങുന്നു. ഊർജ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് ഒരു വലിയ ചുവടുവെപ്പുമായി കാസർകോട് അമ്പലത്തറയിൽ 10 മെഗാവാട് ശേഷിയുള്ള അത്യാധുനിക സൗരോർജ പ്ലാന്റ് സ്ഥാപിക്കാനാണ് കെഎംആർഎൽ പദ്ധതിയിടുന്നത്.
ഇതിനായുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സർകാർ തലത്തിൽ അതിവേഗം പുരോഗമിക്കുകയാണെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു. അമ്പലത്തറയുടെ തന്ത്രപരമായ സ്ഥാനമാണ് ഈ പദ്ധതിക്കായി തിരഞ്ഞെടുക്കാൻ പ്രധാന കാരണം. കുറഞ്ഞ വിലയ്ക്ക് ഭൂമി ലഭ്യമാണ് എന്നതാണ് ഒരു പ്രധാന ഘടകം. കൂടാതെ, കെഎസ്ഇബിയുടെ സോളാർ പ്ലാന്റിന് സമീപമാണ് ഈ സ്ഥലമെന്നതിനാൽ ഇവിടെ ഉത്പാദിപ്പിക്കുന്ന ഊർജം കെഎസ്ഇബി ഗ്രിഡിലേക്ക് എളുപ്പത്തിൽ കൈമാറ്റം ചെയ്യാനും സാധിക്കും.
കൊച്ചി മെട്രോയുടെ ചരിത്രത്തിൽ ഹരിതോർജത്തിന് വലിയ സ്ഥാനമുണ്ട്. മെട്രോ കമീഷൻ ചെയ്ത സമയത്ത് തന്നെ, രാജ്യത്ത് ആദ്യമായി തങ്ങളുടെ വൈദ്യുതി ആവശ്യകതയുടെ 25% സൗരോർജം ഉപയോഗിച്ച് നിറവേറ്റാൻ കെഎംആർഎലിന് സാധിച്ചിരുന്നു. പിന്നീട് വിവിധ സൗരോർജ പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയതിലൂടെ നിലവിൽ മെട്രോയുടെ വൈദ്യുതി ആവശ്യകതയുടെ 50% സൗരോർജത്തിലൂടെയാണ് നിറവേറ്റുന്നത്. കാസർകോട്ടെ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത് 45 ഏകർ സ്ഥലത്താണെന്നാണ് സൂചന.
2018-ൽ മെട്രോ സ്റ്റേഷനുകളുടെയും ഡിപോ കെട്ടിടങ്ങളുടെയും മേൽക്കൂരകളിൽ 2.7 മെഗാവാട് ശേഷിയുള്ള സൗരോർജ പാനലുകൾ സ്ഥാപിച്ചിരുന്നു. ഇത് പ്രതിവർഷം ഏകദേശം 37 ലക്ഷം യൂണിറ്റ് ഉത്പാദന നിരക്കിൽ മൊത്തം ഊർജ ആവശ്യകതയുടെ 18% നിറവേറ്റി. തുടർന്ന് 2019-ൽ രണ്ടാം ഘട്ടത്തിൽ കെഎംആർഎൽ ഡിപോയിൽ 2.7 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പാനലുകൾ കമ്മീഷൻ ചെയ്തു. ഇത് പ്രതിവർഷം ഏകദേശം 44 ലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കുകയും ഊർജ സ്വയംപര്യാപ്തത 30% വരെ ഉയർത്തുകയും ചെയ്തു.
2022ൽ കൊച്ചി മുട്ടത്ത് 1.8 മെഗാവാട് ശേഷിയുള്ള ഒരു സൗരോർജ നിലയം കെഎംആർഎൽ കമ്മീഷൻ ചെയ്തിരുന്നു. ഈ പ്ലാന്റ് കമ്പനിയുടെ ഊർജ ആവശ്യകതയുടെ 51% സ്വന്തം സൗരോർജ പ്ലാന്റുകളിൽ നിന്ന് ഉത്പാദിപ്പിക്കാൻ സഹായിച്ചു. മുട്ടത്തെ പ്ലാന്റിന്റെ ഒരു പ്രധാന പ്രത്യേകത, മെട്രോ ട്രാകുകൾക്ക് മുകളിലുള്ള തുറന്ന സ്ഥലത്തെ പ്രയോജനപ്പെടുത്തിയാണ് ഇത് നിർമിച്ചിരിക്കുന്നത് എന്നതാണ്. കെഎംആർഎൽ-ൻ്റെ മൂന്നാം ഘട്ട സൗരോർജ പദ്ധതിയുടെ ഭാഗമായാണ് 5.445 മെഗാവാട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പ്ലാന്റ് നിർമിച്ചിരിക്കുന്നത്.
ഹരിതോർജ സംരംഭങ്ങളിലൂടെ കാർബൺ ഡയോക്സൈഡ് ഉദ്‌വമനം കുറച്ച് 100% ഊർജ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള സാധ്യതയാണ് കൊച്ചി മെട്രോ പ്രധാനമായും ലക്ഷ്യമിടുന്നത്. കാസർകോട്ടെ പുതിയ പ്ലാന്റ് ഈ വലിയ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്.
#KochiMetro, #SolarPower, #GreenEnergy, #RenewableEnergy, #Kasargod, #SustainableEnergy