കര്‍ഷക കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കെ. കുഞ്ഞിരാമന്‍ എം.എല്‍.എ
Jun 18, 2012, 12:11 IST
പടുപ്പ്: നാലുപതിറ്റാണ്ടായി താമസിക്കുന്ന ഭൂമിയില്‍ നിന്നും കര്‍ഷക കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ ആവശ്യപ്പെട്ടു. 39 വര്‍ഷമായി താമസിക്കുന്ന സ്ഥലം മിച്ചഭൂമിയാണെന്ന് പറഞ്ഞ് 11 കുടുംബങ്ങളെ കുടിയിറക്കാനാണ് ശ്രമം. കരിവേടകം വില്ലേജില്‍ പടുപ്പില്‍ പത്തര ഏക്കര്‍ സ്ഥലമാണ് മിച്ചഭൂമിയാണെന്ന് പറഞ്ഞ് പതിച്ചുകൊടുക്കാന്‍ ശ്രമിക്കുന്നത്. ലാന്റ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ അനുവദിച്ച പട്ടയവും 2011-12 വര്‍ഷം വരെ നികുതിയടച്ചതിന്റെ രേഖകളും കൈവശമുള്ളവയാണ് കുടുംബങ്ങള്‍.
പ്രദേശത്തെ വീടുകളും കുടുംബാംഗങ്ങളെയും എംഎല്‍എ സന്ദര്‍ശിച്ചു. 1973 മുതല്‍ താമസം തുടങ്ങിയ ആലീസ് സ്‌കറിയ, ജയ്‌സണ്‍, ബെന്നി, ജോണ്‍സണ്‍, എം എ ജോസ്, എം എ ബേബി, സാബു, തോമസ്, വിജയന്‍, ലീലാമ്മ ജോസഫ്, ലൂസി തോമസ്, എം ടി ജോണ്‍ എന്നീ കുടുംബങ്ങളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം കലക്ടറെ ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികളെക്കുറിച്ച് സംസാരിച്ചു. കലക്ടറും റവന്യു അധികൃതരും സ്ഥലം സന്ദര്‍ശിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്. എംഎല്‍എ ആവശ്യപ്പെട്ടത് പ്രകാരം പ്രദേശത്ത് ആദ്യം ഭൂമി വാങ്ങി താമസം തുടങ്ങിയ സ്‌കറിയയുടെ ഭാര്യ ആലീസ് സ്‌കറിയയോട് കലക്ടര്‍ വി എന്‍ ജിതേന്ദ്രന്‍ ഫോണില്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
നാലുപതിറ്റാണ്ടായി ജീവിക്കുന്ന ഭൂമി നട്ഷപ്പെടുമെന്നും തങ്ങള്‍ വഴിയാധാരമാകുമെന്ന ചിന്തയില്‍ നാളുകളായി ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞ പ്രായം ചെന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങളോട് തങ്ങള്‍ കൃഷി ചെയ്തും വന്‍ സാമ്പത്തിക ബാധ്യതയില്‍ വീടുവെച്ചും താമസിക്കുന്ന ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ എല്ലാവിധ ഇടപെടലുകളും നടത്തുമെന്ന് എംഎല്‍എ അറിയിച്ചു. മിച്ചഭൂമിയെന്ന് പറഞ്ഞ് മുമ്പ് തന്നെ നീക്കിവെച്ചിരുന്ന തരിശുനിലവും എംഎല്‍എ സന്ദര്‍ശിച്ചു.
ശങ്കരംപാടിയിലെ അന്തുമാന്‍ എന്ന ജന്മിയുടെ പേരിലുണ്ടായിരുന്ന ഭൂമിയാണിത്. അദ്ദേഹത്തിന് കരിവേടകം വില്ലേജിലുണ്ടായിരുന്ന ഭൂമിയില്‍ 21.75 ഏക്കര്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. റി. സര്‍വ്വെ നമ്പര്‍ 36/1ല്‍ ഉണ്ടായിരുന്ന 24 ഏക്കര്‍ സ്ഥലത്തില്‍ 10.75 ഏക്കറും റി. സര്‍വ്വെ നമ്പര്‍ 1/1എ യില്‍ പെട്ട ഭൂമിയില്‍ നിന്നും ബാക്കിയുമാണ് മിച്ചഭൂമിയായി ഏറ്റെടുത്ത്. റി. സര്‍വ്വെ നമ്പര്‍ 36/1ല്‍ ബാക്കിയുള്ളതില്‍ പത്തര ഏക്കര്‍ സ്ഥലമാണ് വിവിധ വ്യക്തികള്‍ വിലയ്ക്കുവാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ താമസമുള്ള സ്ഥലമാണ് മിച്ചഭൂമിയായി സര്‍ക്കാറിലേക്ക് വിട്ടതെന്നാണ് റെവന്യു അധികൃതരുടെ വാദം.
വിവിധ വ്യക്തികള്‍ക്ക് വിറ്റ സ്ഥലം തന്നെ മിച്ചഭൂമിയായി സര്‍ക്കാറിലേക്ക് നല്‍കിയെന്ന നടപടി ക്രിമിനല്‍ കുറ്റമാണെന്നും ജന്മിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും കെ കുഞ്ഞിരാമന്‍ എംഎല്‍എ ആവശ്യപ്പെട്ടു. സിപിഐ എം ഏരിയാ കമ്മിറ്റിയംഗം കെ എന്‍ രാജന്‍, പടുപ്പ് ലോക്കല്‍ സെക്രട്ടറി ഇ കെ രാധാകൃഷ്ണന്‍, സജു അഗസ്റ്റിന്‍, വര്‍ഗീസ് മാമന്‍, പി പി ചാക്കോ എന്നിവരും എല്‍എല്‍എയോടൊപ്പമുണ്ടായിരുന്നു.
Keywords: K.Kunhiraman MLA, Visit Paduppil land, Kasaragod