city-gold-ad-for-blogger

പോലീസ് മേധാവി അറിയുന്നുണ്ടോ? കുരുതിക്കളമായ കെ എസ് ടി പി റോഡില്‍ വെയിലും മഴയും കൊണ്ട് കാവല്‍ നില്‍ക്കുന്ന പോലീസുകാരുടെ കഷ്ടപ്പാട്

പ്രതിഭാ രാജന്‍

ഉദുമ: (www.kasargodvartha.com 01/09/2016) വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായ ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പീഡനം അനുഭവിക്കുന്നത് സാധാരണ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍. സ്പീഡ് ബ്രേക്കറായി ഉപയോഗിക്കുന്ന ബാരിക്കേഡിന് സമീപം 15 മുതല്‍ 24 മണിക്കൂര്‍ വരെ വെയിലും മഴയും കൊണ്ട് നില്‍ക്കാനാണ് ഈ പോലീസുകാരുടെ വിധി.

ജില്ലാ പോലീസ് ചീഫിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് അപകട സ്ഥലങ്ങളില്‍ 15 ഓളം പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ഇനി ഒരു ഉത്തരവില്ലാതെ കാവല്‍ ജോലി അവസാനിപ്പിക്കരുതെന്നാണ് എസ് പിയുടെ നിര്‍ദേശം. അപകട മരണങ്ങള്‍ സംഭവിച്ച സമയത്ത് ജനങ്ങളുടെ ഭാഗത്ത് നിന്നും വന്‍ പ്രതിഷേധമാണുണ്ടാകുന്നത്. അപകടം കുറക്കുന്നതിനായി എസ് പി ഇടപെട്ട് വിവിധ സ്ഥലങ്ങളില്‍ പോലീസുകാരെ കാവല്‍ നില്‍ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

അപകടം കുറക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടുന്നതിന് പകരം പോലീസുകാരെ ഇത്തരത്തില്‍ ജോലി ചെയ്യിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമായും ചൂണ്ടിക്കാണിക്കപ്പെടുന്നു. സുപ്രീം കോടതി നിരോധിച്ചിട്ടും വേറെ മാര്‍ഗമില്ലാത്തതു കൊണ്ടാണ് റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച് അപകടം കുറക്കാന്‍ പോലീസ് നിര്‍ബന്ധിതരാകുന്നത്. കാവല്‍ നിര്‍ത്തി പോലീസുകാരെ ബുദ്ധിമുട്ടിക്കുന്നതിന് പകരം കര്‍ക്കശമായ വാഹന പരിശോധന നടത്തിയാല്‍ ഒരു പരിധി വരെ അപകടങ്ങള്‍ കുറക്കാനും ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തുന്നവരെ പിടികൂടാനും സാധിച്ചേക്കും. എന്നാല്‍ പോലീസ് അതിനു മുതിരുന്നില്ല.

കെ എസ് ടി പി റോഡില്‍ അപകട മരണങ്ങള്‍ നിത്യ സംഭവങ്ങളാകുന്നത് ബേക്കല്‍ സ്‌റ്റേഷന്‍ പരിധിയിലാണ്. മിക്ക സ്ഥലങ്ങളിലും ഡിവൈഡറോ, തെരുവു വിളക്കുകളോ, വേഗത നിയന്ത്രിക്കാനുള്ള മറ്റു യാതൊരു സൗകര്യമോ എര്‍പെടുത്താതെയാണ് റോഡ് തുറന്നു കൊടുത്തത്. എത്രയും വേഗത്തില്‍ തെരുവുവിളക്കുകളും ക്യാമറയും മറ്റും സ്ഥാപിച്ച് ഗതാഗതം സുഗമമാക്കണമെന്ന ജനപ്രതിനിധികളുടെ അപേക്ഷ പോലും അധികൃതര്‍ ചെവിക്കൊണ്ടിട്ടില്ല. കെ എസ് ടി പി റോഡ് തുറന്നുകൊടുത്തതിന് ശേഷം 21 ജീവനുകളാണ് പൊലിഞ്ഞത്. ഓരോ അപകടമുണ്ടാകുമ്പോഴും പഴി കേള്‍ക്കേണ്ടിവരുന്നത് പോലീസാണ്. പോലീസ് സ്‌റ്റേഷന്‍ വളയുകയും റോഡ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പ്രതിഷേധങ്ങള്‍ താല്‍ക്കാലികമായി തണുപ്പിക്കുന്നതിനാണ് പോലീസ് കാവല്‍ എന്ന നിര്‍ദേശം വെച്ചതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് അത് വലിയ പീഡനമായി മാറിയിരിക്കുകയാണ്.

എസ് പി തന്നെ ഇടപെട്ട് ഇതിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്നാണ് ജനങ്ങളുടെയും പോലീസുകാരുടെയും പ്രതീക്ഷ.

പോലീസ് മേധാവി അറിയുന്നുണ്ടോ? കുരുതിക്കളമായ കെ എസ് ടി പി റോഡില്‍ വെയിലും മഴയും കൊണ്ട് കാവല്‍ നില്‍ക്കുന്ന പോലീസുകാരുടെ കഷ്ടപ്പാട്

Keywords : Kasaragod, Udma, Bekal, Accident, Police, Natives, Protest, Kind Attention to Police Chief.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia