city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

76 കോടിയുടെ കിഫ്ബി പദ്ധതി കാസര്‍കോട്ടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവുന്നു

കാസര്‍കോട്: (www.kasargodvartha.com 18.05.2018) നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്‌നം ശശ്വതമായി പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കമാവുന്നു. കാസര്‍കാട് നഗരസഭയ്ക്കും ചെമ്മനാട് പഞ്ചായത്തിനും കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന കുടിവെള്ള പദ്ധതി കമീഷന്‍ ചെയ്യുന്നതോടെ ഈ പ്രദേശങ്ങളിലെ ശുദ്ധജല ക്ഷാമത്തിന് അറുതിയാവും. 76 കോടിയുടെ പദ്ധതി 1,47,000 പേര്‍ക്ക് കുടിവെള്ളം നല്‍കും. ഇതിനൊപ്പം ഇരുപത്തേഴര കോടി രൂപയുടെ ബാവിക്കര പദ്ധതി കൂടി വരുന്നതോടെ കാസര്‍കോട് മേഖലയിലെ കുടിവെള്ള പ്രതിസന്ധി തീരും.

കാസര്‍കോട് നഗരസഭയിലെ തളങ്കര, അടുക്കത്ത്ബയല്‍, കാസര്‍കോട്, ചെമ്മനാട് പഞ്ചായത്തിലെ പെരുമ്പള, ചെമ്മനാട്, തെക്കില്‍, കളനാട് വില്ലേജുകളിലെ കുടിവെള്ള വിതരണത്തിനുള്ള കിഫ്ബി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് പക്കേജിലുള്ള സമഗ്ര പദ്ധതി അടുത്ത വര്‍ഷം ഏപ്രിലില്‍ കാസര്‍കോട് ഭാഗത്ത് കമീഷന്‍ ചെയ്യും. നിലവില്‍ കാസര്‍കോട് നഗരസഭയില്‍ ഒന്നും ചെമ്മനാട്ട് പഞ്ചായത്തില്‍ അഞ്ചും ചെറുകിട ജലസേചന പദ്ധതികളുണ്ട്. കിഫ്ബി കുടിവെള്ള പദ്ധതിയിലേക്കുള്ള വെള്ളം ബാവിക്കരയിലെ കിണറില്‍ നിന്നാണ് ശുദ്ധീകരണ ശാലയില്‍ എത്തിക്കുന്നത്.

76 കോടിയുടെ കിഫ്ബി പദ്ധതി  കാസര്‍കോട്ടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവുന്നു

55 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ശുദ്ധീകരണ ശാലയാണ് പുതിയ പദ്ധതിക്കായി വിഭാവനം ചെയ്തിട്ടുള്ളത്. ചെങ്കള, മൂളിയാര്‍ പദ്ധതിയുടെ 30 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ശുദ്ധീകരണ ശാലയടക്കമാണിത്. കാസര്‍കോട് നഗരസഭയിലെ ജലവിതരണത്തിന് നിലവിലുള്ള പദ്ധതിക്കായി മാറ്റി സ്ഥാപിക്കുന്ന 10,505 മീറ്റര്‍ ഗ്രാവിറ്റി മെയിന്‍ ജലവിതരണ കുഴലുകളും പുതിയ പദ്ധതിക്കായി പ്രയോജനപ്പെടുത്തും.

പദ്ധതി നാലുഘട്ടങ്ങളിലായാണ് നടപ്പാക്കുക.ആദ്യ ഘട്ടത്തില്‍ 350 കുതിര ശക്തിയുള്ള മൂന്ന് മോട്ടോറുകള്‍, 1000 കെവി, 100 കെവി ട്രാന്‍സ്‌ഫോമര്‍, സബ്‌സ്‌റ്റേഷന്‍ കെട്ടിടം, റോ വാട്ടര്‍ പമ്പിങ് മെയിന്‍, ക്ലിയര്‍ വാട്ടര്‍ പമ്പിങ് മെയിന്‍, 11 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിന്റെ നിര്‍മാണം എന്നിവ നടക്കും. രണ്ടാംഘട്ടത്തില്‍ 55 ദശലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജല ശുദ്ധീകരണശാല നിര്‍മിക്കും. മൂന്നാംഘട്ടത്തില്‍ വിദ്യാനഗറിലും പുലിക്കുന്നിലും അഞ്ച് ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക് നിര്‍മാണം. വിദ്യാനഗറില്‍ നിന്ന് പുലിക്കുന്ന് ടാങ്കിലേക്ക്  3420 മീറ്റര്‍ നീളത്തില്‍ വിതണകുഴല്‍ സ്ഥാപിക്കല്‍. നാലാംഘട്ടത്തില്‍ ദേളിക്കുന്ന് പാറയില്‍  26 ലക്ഷം ലിറ്ററും  ചട്ടഞ്ചാല്‍ കുന്നുപാറയില്‍ 17 ലക്ഷം ലിറ്ററും സംഭരണശേഷിയുള്ള ടാങ്കുകള്‍ സ്ഥാപിക്കും.

കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ കുടിവെള്ള വിതരണ പൈപ്പ്‌ലൈന്‍ പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. ബോവിക്കാനം പ്രീ സെറ്റിലിങ് ടാങ്ക് മുതല്‍ ചെര്‍ക്കള ജങ്ഷന്‍ വരെ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചത്. അതിനാല്‍   ബോവിക്കാനം മുതല്‍ ചെര്‍ക്കള ജങ്ഷന്‍ വരെ ഇനി പൈപ്പ് പൊട്ടി വെള്ളം ചോരില്ല.

1974ല്‍ സ്ഥാപിച്ച  സിമന്റ് പൈപ്പാണ് മാറ്റിസ്ഥാപിച്ചത്.  350 മില്ലിമീറ്റര്‍ സിമന്റ് പൈപ്പിന് പകരം 450 മില്ലിമീറ്ററിന്റെ ഡെക്കാത്തേല്‍ അയേണ്‍ (ഡിഐ) പൈപ്പാണ് ഉപയോഗിക്കുന്നത്. ചോര്‍ച്ച തീരെയുണ്ടാവില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. സിമന്റ് പൈപ്പ് പൊട്ടി വ്യാപകമായി വെള്ളം ചോര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വാട്ടര്‍ അതോറിറ്റി പൈപ്പ് മാറ്റിസ്ഥാപിച്ചത്.  5.300 കിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പിട്ടിട്ടുള്ളത്. രണ്ടുഘട്ടമായി പത്തുകോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.

മൊത്തം 10.700 കിലോമീറ്റര്‍ പൈപ്പാണ് പുതുതായി സ്ഥാപിക്കുന്നത്. ബോവിക്കാനം മുതല്‍ ചെര്‍ക്കള ജംങ്ഷന്‍ വരെയുള്ള ആദ്യ റീച്ചിന് അഞ്ചുകോടി രൂപയാണ് ചെലവഴിച്ചത്. ചെര്‍ക്കള മുതല്‍ വിദ്യാനഗര്‍ വരെയുള്ള രണ്ടാമത്തെ റീച്ചിനും അഞ്ചുകോടി രൂപയാണ് നീക്കിവച്ചത്. വിദ്യാനഗര്‍ മുതല്‍ കാസര്‍കോട് ടൗണ്‍ വരെ രണ്ടുവര്‍ഷം മുമ്പ് ഡിഐ പൈപ്പിട്ടിരുന്നു. ദേശീയപാത അധികൃതരുടെ അനുമതി ലഭിക്കാത്തതിനാലാണ് രണ്ടാംഘട്ട പൈപ്പിടല്‍ മുടങ്ങിയത്. ദേശീയപാത വികസിപ്പിക്കുന്നതിനാലാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് വൈകുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Kasaragod, Panchayath, KIIFB, Allowed, Drinking Water, KIIFB allowed 76 Cr for Kasargod drinking water facility 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia