city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയിലെ ഏറ്റവുംവലിയ പക്ഷിഗ്രാമമാകാന്‍ കിദൂര്‍ ചിറകുവിരിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 21.01.2019) ഹരിതഗേഹങ്ങളെ വെട്ടിത്തെളിച്ച് കോണ്‍ക്രീറ്റ് കാടുകള്‍ വ്യാപകമാകുന്ന ആധുനിക കാലത്ത് സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ ജില്ലയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് കിദൂര്‍ ഗ്രാമം. കുമ്പള ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് പക്ഷികള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ വിളനിലമൊരുങ്ങുന്നത്. ജനസമൂഹം വികസിക്കുന്നതിനനുസരിച്ച് വനപ്രദേശങ്ങള്‍ ചുരുങ്ങുകയും പക്ഷി മൃഗാദികള്‍ക്കുള്ള ആവാസവ്യവസ്ഥതന്നെ തകിടം മറിയുകയും ചെയ്യുന്ന വേളയിലാണ് പറവകള്‍ക്ക് വേണ്ടി കിദൂര്‍ ഗ്രാമം ചിറകുവിരിക്കുന്നത്.
കാസര്‍കോട് ജില്ലയിലെ ഏറ്റവുംവലിയ പക്ഷിഗ്രാമമാകാന്‍ കിദൂര്‍ ചിറകുവിരിക്കുന്നു

നെല്‍പാടങ്ങളും പാറപ്രദേശങ്ങളുള്ള ലാറ്ററൈറ്റ് ഭൂമിയും ചെറിയ വനപ്രദേശവുമുള്‍പ്പെടെ വ്യത്യസ്ത ഭൂപ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്ന കിദൂര്‍ ഗ്രാമത്തിന് പൊന്നരഞ്ഞാണം ചാര്‍ത്തിയൊഴുകിപ്പോകുന്ന ഷിറിയ പുഴയുടെ സാന്നിധ്യവും പക്ഷികളുടെ സ്വതന്ത്ര്യ വിഹാരത്തിന് അനുകൂലഘടകമായി വര്‍ത്തിക്കുന്നു. ഇതുവരെ ഈ പ്രദേശത്ത് നിന്നും 174 പക്ഷികളെയാണ് വിവിധ പക്ഷി നിരീക്ഷകരുടെ സഹായത്തോടെ തിരിച്ചറിഞ്ഞിട്ടുള്ളത്.

വംശനാശം നേരിടുന്ന ചാരത്തലയന്‍ ബുള്‍ബുള്‍, വെള്ളഅരിവാള്‍ കൊക്കന്‍, കടല്‍ക്കാട, ചേരക്കോഴി, വാള്‍കൊക്കന്‍ എന്നിയവയുള്‍പ്പടെ 38 ദേശാടനപ്പക്ഷികളെയാണ് കണ്ടെത്തിയത്. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന കൊമ്പന്‍ വാനമ്പാടി, ചാരത്തലയന്‍ ബുള്‍ബുള്‍, ഗരുഡന്‍ ചാരക്കാളി, ചെഞ്ചിലപ്പന്‍, ചാരവരിയന്‍ പ്രാവ് തുടങ്ങിയവയും ഇവിടെ കണ്ടുവരുന്നു. ഇന്ത്യയില്‍, ഈ പ്രദേശത്ത് മാത്രം കൂടുതലായി കണ്ടുവരുന്ന മഞ്ഞ വരിയന്‍ പ്രാവ് പ്രധാന ആകര്‍ഷണമാണ്. പക്ഷി നിരീക്ഷണത്തിനായി കുമ്പള പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രതിവര്‍ഷം എട്ടോളം ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ നവംബറില്‍ സോഷ്യല്‍ ഫോറസ്ട്രി, കാസര്‍കോട് ബേര്‍ഡേസ് കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കിദൂര്‍ബേര്‍ഡ്് ഫെസ്റ്റ് പക്ഷി നിരീക്ഷകരുടെ പ്രശംസ നേടിയിരുന്നു.

പരിശീലന ക്യാമ്പുകളില്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയടക്കമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പക്ഷിനിരീക്ഷകരുമാണ് പങ്കെടുക്കുന്നത്. പക്ഷി നിരീക്ഷണവുമായി ബന്ധപ്പെട്ട് കിദൂരിലെത്തുന്നവര്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ വിശാലമായ ഡോര്‍മിട്ടറി നിര്‍മിക്കുമെന്നും ജില്ലാകളക്ടര്‍ ഡോ.ഡി. സജിത്ത് ബാബുവിന്റെ പ്രത്യേക താല്‍പര്യപ്രകാരം 70 ലക്ഷം രൂപയുടെ പദ്ധതി തയ്യാറായി വരുന്നുണ്ടെന്നും കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എല്‍. പുണ്ഡരീകാക്ഷ പറഞ്ഞു. കുമ്പള കോട്ടയും തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമെന്നു വിശ്വസിക്കപ്പെടുന്ന അനന്തപുരം തടാക ക്ഷേത്രവുമടക്കം നിരവധി ശ്രദ്ധാ കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന കുമ്പളയില്‍ കിദൂര്‍ പക്ഷി സങ്കേതം ഉയര്‍ന്നുവരുന്നത് മേഖലയുടെ ടൂറിസം  സ്വപ്നങ്ങള്‍ക്ക് ഊര്‍ജം പകരുമെന്നും  അദ്ദേഹം പറഞ്ഞു.

കിദൂരില്‍ റവന്യു വിഭാഗത്തിന്റെ തരിശായികിടക്കുന്ന പത്തേക്കറിലാണ് ഡോര്‍മിട്ടറിയടക്കമുള്ള മൂന്നുനില കെട്ടിടം നിര്‍മിക്കുന്നത്. ഡി ടി പി സിയാണ് പദ്ധതി രൂപരേഖ തയ്യാറാക്കുന്നത്. 150 ഓളം പേര്‍ക്ക് താമസിക്കാവുന്ന കെട്ടിടത്തില്‍ മുളകള്‍ കൊണ്ടായിരിക്കും മുറികള്‍ വേര്‍തിരിക്കുന്നത്. കൂടാതെ സാംസ്‌കാരിക-കലാപരിപാടികള്‍ക്കായി ഓപ്പണ്‍ എയര്‍തിയേറ്ററും പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡി ടി പി സി സെക്രട്ടറി ബിജു രാഘവന്‍ പറഞ്ഞു. സൗന്ദര്യവല്‍ക്കരണത്തിനായി കൃഷിവകുപ്പുമായി സഹകരിച്ച് വഴികളില്‍ ചെറിചെടികളും ബാംബൂ ഗ്രാമം പദ്ധതി പ്രകാരം മുളകളും നട്ടുപിടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക വനവല്‍ക്കരണവിഭാഗത്തിന്റെ 'ബഡ്ഡിങ് ബേര്‍ഡേര്‍സ്' പദ്ധതി പ്രകാരം നല്‍കിയ പക്ഷി നിരീക്ഷണ പരിശീലനം വഴിയാണ് പക്ഷി നിരീക്ഷണ കൂട്ടായ്മകള്‍ ജില്ലയില്‍ ഉയര്‍ന്നു വന്നത്. പരിശീലന ക്യാമ്പുകളിലൂടെ സാങ്കേതികജ്ഞാനം നേടിയ പക്ഷിസ്നേഹികളാണ് ജില്ലയിലെ പക്ഷി നിരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പക്ഷി നിരീക്ഷകരുള്ളത് കിദൂര്‍ ഗ്രാമത്തിലാണ്. വനംവകുപ്പ്-സാമൂഹിക വനവല്‍ക്കരണവിഭാഗം ഉദ്യോഗസ്ഥരും പക്ഷി നിരീക്ഷകരും മാര്‍ഗദര്‍ശികളായി മുന്നില്‍ നില്‍ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ, പക്ഷി വിവരങ്ങള്‍ ശേഖരിക്കുന്ന പൊതുജന കൂട്ടായ്മയായ 'ഇ ബേര്‍ഡ്സില്‍'കിദൂരില്‍ നിന്നും 160 തരം പക്ഷി വര്‍ഗ്ഗങ്ങള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. സ്‌കൂള്‍ അധ്യാപകനായ രാജുകിദൂര്‍, എം.എസ്.സി വിദ്യാര്‍ഥിയായ മാക്സിം റോഡ്രിഗസ്, പ്രശാന്ത് കൃഷ്ണ, രായന്‍ പ്രദീപ്, പത്താംതരം വിദ്യാര്‍ഥി ഗ്ലാന്ഡ പ്രീതേഷ് തുടങ്ങിയവരാണ് മേഖലയിലെ പക്ഷി നിരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്. പക്ഷി സങ്കേതമുയര്‍ന്നു വരുന്നതിലൂടെ കാലങ്ങളായി കിദൂര്‍ ഗ്രാമം ഉയര്‍ത്തിപ്പിടിച്ച സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയ്ക്കാണ് അംഗീകാരം ലഭിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kidoor village ready for make the biggest bird sanctuary, Birds, Kasaragod, News, Birds.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia