Tourism | കുമ്പളയിലെ ആദ്യത്തെ ടൂറിസം പദ്ധതിയായ 'കിദൂർ പക്ഷി ഗ്രാമം' ഉദ്ഘാടനത്തിനൊരുങ്ങി; നിർമാണം അന്തിമഘട്ടത്തിൽ
● കിദൂർ പക്ഷി ഗ്രാമത്തിലെ ഡോർമെറ്ററി നിർമ്മാണം 90% പൂർത്തിയാക്കി
● ജൈവവൈവിധ്യങ്ങളെ സംരക്ഷിച്ച് ടൂറിസം വികസനത്തിന് ഉദാഹരണം
കുമ്പള: (KasargodVartha) നൂറുകണക്കിന് പ്രകൃതിസ്നേഹികളും, പക്ഷി നിരീക്ഷകരുമെത്തുന്ന കുമ്പള ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ടൂറിസം പദ്ധതിയായ കിദൂർ പക്ഷി ഗ്രാമത്തിലെ ഡോർമെറ്ററിയുടെ നിർമ്മാണം പൂർത്തിയാവുന്നു. 90% ജോലികളും പൂർത്തിയായ ഡോർമെറ്ററിയുടെ ഉദ്ഘാടനം താമസിയാതെ നടക്കും. ഇനി മിനുക്ക് പണികൾ മാത്രമാണുള്ളത്.
ജൈവവൈവിധ്യങ്ങളുടെ കലവറയാണ് കിദൂർ ഗ്രാമം. 174 വ്യത്യസ്ത ഇനത്തിൽപ്പെട്ട പക്ഷികളെ ഇവിടെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പക്ഷികളെ കണ്ടെത്താനുള്ള നിരീക്ഷണം ഇപ്പോഴും നടന്നുവരുന്നുമുണ്ട്. കൊടും വേനലിലും വറ്റാത്ത 'കാജൂർപള്ളം' പക്ഷി ഗ്രാമത്തിലെ പ്രധാന ആകർഷക കേന്ദ്രമാണ്. പക്ഷിക്കൂട്ടം ഉല്ലസിക്കുന്നതും ഇവിടെ തന്നെയാണ്.
ഏറെക്കാലത്തെ മുറവിളിക്കൊടുവിൽ 2020ലാണ് ഡോർമെറ്ററി നിർമാണത്തിന് തുടക്കമിട്ടത്. നിർമ്മാണം പൂർത്തിയാക്കാൻ നാലുവർഷമെടുത്തു. ജോലി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉടലെടുത്തിരുന്നു. അനുവദിച്ച ഫണ്ട് യഥാസമയം ലഭിക്കാത്തത് നിർമ്മാണ പ്രവൃത്തിയെ ബാധിച്ചു എന്നാണ് അധികൃതരുടെ വാദം.
അന്യസംസ്ഥാനങ്ങളിൽ നിന്ന് പോലും പക്ഷി ഗ്രാമത്തിലെത്തുന്ന പക്ഷി നിരീക്ഷകരും, ഗവേഷകരും, വിദ്യാർത്ഥികളുമൊക്കെ ഒട്ടനവധി പരിപാടികളാണ് കിദൂർ പക്ഷി ഗ്രാമത്തിൽ സംഘടിപ്പിച്ചു വരുന്നത്. കുമ്പള ഗ്രാമപഞ്ചായത്തും ഒട്ടനവധി പരിപാടികൾ ഇവിടെ സർക്കാർ സഹകരണത്തോടെ സംഘടിപ്പിച്ചിരുന്നു. പ്രകൃതി രമണീയമായ സ്ഥലമായതുകൊണ്ട് തന്നെ ടെന്റ് കെട്ടി ക്യാമ്പുകൾ വരെ ഇവിടെ സംഘടിപ്പിച്ചു വരുന്നുണ്ട്.
ഇത്തരത്തിലുള്ള പരിപാടികൾക്കാണ് ഡോർമെറ്ററി നിർമ്മാണം തുടങ്ങിയത്. ഇതിനായി കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപയുടെ പദ്ധതിയാണ് അനുവദിച്ചിരുന്നത്. നിർമ്മാണം പൂർത്തിയായ ഡോർമെറ്ററിയിൽ സ്ത്രീകൾക്കും, പുരുഷന്മാർക്കുമായി താമസത്തിന് വെവ്വേറെ മുറികൾ, മീറ്റിംഗ് ഹാൾ, ശുചി മുറി, അടുക്കള, ഓഫീസ് മുറി എന്നിവയാണ് പ്രാരംഭഘട്ടത്തിൽ നിർമ്മിച്ചിരിക്കുന്നത്.
സർക്കാറിന്റെ നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. കിദൂരിലെ പക്ഷി ഗ്രാമം ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തൊട്ടടുത്തുള്ള ആരിക്കാടി കോട്ട, അനന്തപുരം തടാക ക്ഷേത്രം, ഷിറിയ പുഴ അണക്കെട്ട് തുടങ്ങിയവ ടൂറിസം പദ്ധതികളിൽ ഇടം പിടിക്കുമെന്ന് നാട്ടുകാർ കരുതുന്നുണ്ട്.
#EcoTourism #BirdWatching #KidoorBirdVillage #KumblaTourism #Biodiversity #Kasaragod