ഖസാക്കിന്റെ ഇതിഹാസം നാടകരൂപത്തില്‍ തൃക്കരിപ്പൂര്‍ എടാട്ടുമ്മലില്‍ 13 മുതല്‍ 15 വരെ
Sep 11, 2015, 13:40 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 11/09/2015) സാഹിത്യ രംഗത്തെ ക്ലാസിക് എന്ന വിശേഷണമുള്ള പ്രശസ്ത കഥാകാരന്‍ ഒ.വി.വിജയന്റെ നോവല്‍ ഖസാഖിന്റെ ഇതിഹാസം നാടകരൂപത്തില്‍ അരങ്ങിലെത്തുമ്പോള്‍ മറ്റൊരു അനുഭവം പ്രേക്ഷകര്‍ക്ക് ലഭിക്കുമെന്ന് അന്താരാഷ്ട്ര രംഗത്ത് ഒട്ടേറെ നാടകങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ സംവിധായകന്‍ ദീപന്‍ ശിവരാമന്‍. മൂന്ന് ദിവസങ്ങളിലായി തൃക്കരിപ്പൂരിലെ എടാട്ടുമ്മല്‍ ഗ്രാമത്തില്‍ നടക്കുന്ന നാടകാവതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നാടക സംവിധായകന്‍ കൂടിയായ അദ്ദേഹം പറഞ്ഞു.
ഒരു ഗ്രാമത്തിന്റെ പൂര്‍ണ്ണ പിന്തുണയിലാണ് വ്യത്യസ്താനുഭവം നല്‍കുന്ന നാടകം ഈ അരങ്ങേറുകയെന്ന് ദീപന്‍ പറഞ്ഞു. കളിക്കമ്പം മൂലം ഓരോ വീട്ടിലും ഒരു ഫുട്‌ബോള്‍ കളിക്കാരനെങ്കിലും ഉണ്ടെന്ന് കരുതുന്ന ഈ ഫുട്‌ബോള്‍ ഗ്രാമത്തില്‍ മൂന്ന് ഭാഗവും നാടക ആസ്വാദകരെ ഇരുത്തി മൂന്ന് മണിക്കൂര്‍ ഇരുപത് മിനിറ്റ് നേരം കഥാപാത്രങ്ങള്‍ ഇവിടെ ജീവിക്കുന്നതാണ് ഈ നാടകത്തിന്റെ പ്രത്യേകത.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് മാത്രമല്ല ഓസ്ട്രിയയിലെ വിയന്ന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും നടകാസ്വാദനത്തിനായി കലാകാരന്മാര്‍ എത്തും. അറുപതുകളിലെ ഖസാക്കിന്റെ ഇതിഹാസം അഞ്ചു പതീറ്റാണ്ട് പിന്നിട്ട് നാടക രൂപത്തില്‍ ജനങ്ങളില്‍ എത്തുമ്പോള്‍ അത് ഈ നാട്ടിലെ മണ്ണുമായി അലിഞ്ഞു ചേരുന്നതായി മാറുമെന്നും ദീപന്‍ ശിവരാമന്‍ പറഞ്ഞു. ഉത്തര മലബാറിന്റെ സ്വന്തം തെയ്യാട്ടവും തെക്കന്‍ മണ്ണിന്റെ തിറയും ചേര്‍ന്ന കളിയാട്ട പശ്ചാത്തലം പുത്തന്‍ നാടക സാങ്കേതമായി ജനങ്ങളിലേക്കിറങ്ങും. തൃക്കരിപ്പൂര്‍ കെ.എം.കെ. സ്മാരക കലാസമിതിയാണ് ഈ ഇതിഹാസത്തെ നാടക രൂപത്തില്‍ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. 13 മുതല്‍ 15 വരെ മൂന്നു ദിവസവും വൈകീട്ട് ഏഴിന് എടാട്ടുമ്മലിലാണ് നാടകം അവതരിപ്പിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ കെ.എം.കെ.കലാസമിതി ഭാരവാഹികളും സംഘാടകരുമായ ടി.വി.ബാലകൃഷ്ണന്‍, പി.പി.രഘുനാഥ്, വി.കെ.അനില്‍ കുമാര്‍, പി.വി.ദിനേശന്‍, കെ.ചന്ദ്രന്‍,കപ്പണക്കാല്‍ ഷാജി, ടി.ഭാസ്‌ക്കരന്‍, കെ.വി.കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Trikaripur, Kasaragod, Kerala, Drama, Khasakkinte Ithihasam drama on 13-15.