city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ശമ്പളം വെട്ടിക്കുറച്ച നടപടി: കെ.ജി.എം.ഒ.എ. പ്രക്ഷോഭത്തിലേക്ക്, 5ന് ഡി.എം.ഒ ഓഫീസ് ധര്‍ണ

കാസര്‍കോട്: (www.kasargodvartha.com 03.04.2016) സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് അഞ്ചിന് ഡി.എം.ഒ ഓഫീസ് ധര്‍ണ നടത്താന്‍ കെ.ജി.എം.ഒ.എ തീരുമാനിച്ചു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കുറവും മറ്റു അപര്യാപ്തതകളും പാവപ്പെട്ട രോഗികള്‍ക്ക് പ്രയാസം ഉണ്ടാക്കുന്നു. കേരളത്തിലെ മൂന്നരക്കോടിയോളം വരുന്ന ജനങ്ങള്‍ക്ക് ആരോഗ്യവകുപ്പിനു കീഴില്‍ ചികിത്സയും ഭരണ നിര്‍വഹണവും നടത്തുന്നതിന് 4,500 ഓളം ഡോക്ടര്‍മാരുടെ തസ്തികകള്‍ മാത്രമേ നിലവിലുള്ളൂ.

ഇതില്‍ തന്നെ 400-ല്‍ അധികം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. 1962-ലെ സ്റ്റാഫ് പാറ്റേണ്‍ പ്രകാരമുള്ള ഇത് ജനസംഖ്യാനുപാതികമായി നാളിതുവരെയും പരിഷ്‌കരിച്ചിട്ടില്ല. ഒരു ഡോക്ടര്‍ക്ക് ഓരോ ദിവസവും 200 മുതല്‍ 400 വരെ രോഗികളെ പരിശോധിക്കേണ്ടിവരുന്നു. തന്മൂലം രോഗികള്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും മറ്റ് അപര്യാപ്തതകള്‍ മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ക്കും പഴി കേള്‍ക്കേണ്ടി വരുന്നത് ഡോക്ടര്‍മാരാണ്. ആശുപത്രി ആക്രമണവും ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെയുള്ള കയ്യേറ്റങ്ങളും ഇതിന്റെ അനന്തര ഫലങ്ങളാണ്.

ആകര്‍ഷകമായ സേവന വേതന വ്യവസ്ഥകളും മെച്ചപ്പെട്ട തൊഴിലിടങ്ങളും ഇല്ലാത്ത ഒരു തൊഴിലിനും ഇന്നു മികച്ച തൊഴിലാളികളെ കിട്ടാന്‍ പ്രയാസമായിരിക്കും. ഇക്കാരണം കൊണ്ടാണ് സര്‍ക്കാര്‍ മേഖലയിലേക്ക് ഡോക്ടര്‍മാര്‍ കയറി വരാന്‍ മടിക്കുന്നത്. അല്ലാതെ കേരളത്തില്‍ ഡോക്ടര്‍മാരുടെ ക്ഷാമം ഉള്ളതു കൊണ്ടല്ല. 1980 മുതല്‍ കെ.ജി.എം.ഒ.എ നടത്തിയ നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്തതാണ് നിലവിലെ ഡോക്ടര്‍മാരുടെ അടിസ്ഥാന ശമ്പളവും അലവന്‍സുകളും. 2016ല്‍ സമരം ചെയ്തു ലഭിച്ച കോമണ്‍ സ്‌പെഷ്യല്‍ അലവന്‍സ് 2011ല്‍ അടിസ്ഥാന ശമ്പളത്തോട് ലയിപ്പിച്ചിരുന്നു. ഈ വര്‍ധിപ്പിച്ച തുകയാണ് പത്താം ശമ്പള പരിഷ്‌കരണത്തിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വെട്ടിക്കുറച്ചിരിക്കുന്നത്. വിവിധ കേഡറുകളില്‍ അടിസ്ഥാന ശമ്പളത്തില്‍ നിന്നും 4,750 രൂപ, 8,400 രൂപ, 10,500 രൂപ, 12,400 രൂപ എന്നിങ്ങനെയാണ് കുറവുണ്ടായിരിക്കുന്നത്.

സിവില്‍ സര്‍ജന്‍ അസിസ്റ്റന്‍ഡ് സര്‍ജന്‍ അനുപാതം 1 : 3 വേണമെന്ന് ശമ്പള പരിഷ്‌കരണ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും നിലവില്‍ 1 : 11 എന്ന അനുപാതം പോലും ഇല്ലാത്ത അവസ്ഥയാണ്. അസിസ്റ്റന്‍ഡ് സര്‍ജന്‍ ആയി ജോയിന്‍ ചെയ്ത് അസിസ്റ്റന്‍ഡ് സര്‍ജന്‍ ആയിത്തന്നെ വിരമിക്കേണ്ട അവസ്ഥയാണ് ഇന്ന് പല സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും ഉള്ളത്. സ്‌പെഷ്യലിസ്റ്റുകളുടെ അടിസ്ഥാന ശമ്പളത്തില്‍ വര്‍ധനവ് ഉണ്ടാകണമെന്ന നിര്‍ദേശത്തേയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേഡര്‍ രൂപീകരിക്കണമെന്ന കമ്മീഷന്‍ നിര്‍ദേശത്തേയും സര്‍ക്കാര്‍ അവഗണിച്ചു.

രോഗ, പ്രതിരോധ പ്രവര്‍ത്തനവും സ്‌പെഷ്യാലിറ്റി സര്‍വീസും ഉള്‍പെടുന്ന പൊതുജനാരോഗ്യ മേഖല പാവപ്പെട്ട ജനങ്ങള്‍ക്ക് ഉതകുന്ന തരത്തില്‍ നിലനിന്നു പോകണമെന്ന നയം സര്‍ക്കാരിനില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. പത്താം ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കി. ഫെബ്രുവരി 29ന് കെ ജി എം ഒ എ ഒരു മണിക്കൂര്‍ അധികം ജോലി ചെയ്തുകൊണ്ട് പ്രതിഷേധിച്ചു.

ഇക്കാര്യത്തില്‍ യാതൊരു അനുകൂല നടപടികളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇതോടെയാണ് സംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ധര്‍ണ നടത്താന്‍ കെ ജി എം ഒ എ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. അഞ്ചിന് കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് ഡി എം ഒ ഓഫീസിനു മുമ്പില്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ 10 മണി വരെ പ്രതിഷേധ ധര്‍ണ നടത്തും.

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ശമ്പളം വെട്ടിക്കുറച്ച നടപടി: കെ.ജി.എം.ഒ.എ. പ്രക്ഷോഭത്തിലേക്ക്, 5ന് ഡി.എം.ഒ ഓഫീസ് ധര്‍ണ

Keywords : Kasaragod, Doctor, Govt.Hospital, Job, KGMOA.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia