Clarification | ഹെർണിയ ശസ്ത്രക്രിയക്ക് പകരം ഞരമ്പ് മുറിച്ചോ? ആരോപണത്തിൽ വിശദീകരണവുമായി ഗവ. ഡോക്ടർമാരുടെ സംഘടന
● കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 10 വയസുകാരനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
● ശസ്ത്രക്രിയയ്ക്കിടെ സിര മുറിയുകയായിരുന്നുവെന്നാണ് പറയുന്നത്.
● കുട്ടി സുഖം പ്രാപിച്ച് വരുന്നതായി കെജിഎംഒഎ.
കാസർകോട്: (KasargodVartha) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 10 വയസുകാരന് ഹെർണിയ ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്ടർ കുട്ടിയുടെ പ്രധാന ഞരമ്പ് മുറിച്ചുവെന്ന പരാതിയിൽ വിശദീകരണവുമായി കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (KGMOA). യഥാർത്ഥ വസ്തുതകൾ പുറത്തുവരുന്നതിനു മുൻപ്, മാധ്യമങ്ങൾ വഴി ഡോക്ടറെ അപമാനിക്കുന്ന രീതിയിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് ഉചിതമായ നടപടിയല്ലെന്നും ഇത്തരം പ്രവൃത്തികൾ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും മനോവീര്യം തകർക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
സെപ്റ്റംബർ 19ന്, 10 വയസുള്ള ഒരു കുട്ടിക്ക് ഡോ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ വലതുഭാഗത്തെ ഇംഗ്വിനൽ ഹെർണിയ (കുടലിറക്കം) ശസ്ത്രക്രിയ നടത്തിയിരുന്നു. മറ്റേതൊരു ശസ്ത്രക്രിയയിലെന്നപോലെ, ഹെർണിയ ശസ്ത്രക്രിയയിലും അപകടസാധ്യതകൾ ഉണ്ട്. ഈ ശസ്ത്രക്രിയയിൽ സിര (വെയിൻ) മുറിയുകയും, ഡോക്ടർ ഉടൻ തന്നെ അത് തുന്നികെട്ടുകയും ചെയ്തു. തുടർന്ന്, വിദഗ്ധ അഭിപ്രായത്തിനായി കാർഡിയോവാസ്കുലർ സർജനുള്ള ആസ്റ്റർ മിംസ് കണ്ണൂരിലേക്ക് കുട്ടിയെ മാറ്റി.
ആസ്റ്ററിലെ ഡിസ്ചാർജ് സമ്മറി പ്രകാരം, കുട്ടിക്ക് ആവശ്യമായ എല്ലാ ചികിത്സകളും നൽകിയിട്ടുണ്ടെന്നും, കൂടുതൽ ഒന്നും ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കുന്നു. കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചിരിക്കുന്നു. ഒരു ഹെർണിയ ശസ്ത്രക്രിയയിൽ ആകസ്മികമായ സങ്കീർണതകളിൽ ഒന്നു മാത്രമാണ് ഇത്. ഈ സങ്കീർണത പരിഹരിക്കുന്നതിനുള്ള എല്ലാ നടപടികളും ഡോക്ടർ സ്വീകരിച്ചിട്ടുണ്ട്. ഈ സംഭവത്തിൽ ബന്ധുക്കൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, അതിൽ നീതിപൂർവമായ ഒരു അന്വേഷണം കെജിഎംഒഎ സ്വാഗതം ചെയ്യുന്നുവെന്നും ജില്ലാ പ്രസിഡണ്ട് ഡോ. എ ടി മനോജ്, സെക്രട്ടറി ഡോ. വി കെ ഷിൻസി, ട്രഷറർ ഡോ. രാജു മാത്യു സിറിയാക്ക് എന്നിവർ പറഞ്ഞു.
#medicalnegligence #kerala #surgery #hernia #doctor #allegation #kanhangad #kgmoa