Traffic Violations | ഗതാഗത നിയമലംഘനത്തിൽ ഇരുചക്ര വാഹനങ്ങൾ മുന്നിൽ; കഴിഞ്ഞവർഷം മാത്രം പിഴ ചുമത്തിയത് 22,733 യാത്രക്കാർക്ക്; ഖജനാവിലേക്ക് എത്തിയത് 130 കോടി രൂപ

● രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ് അധികവും പിടിക്കപ്പെട്ടത്.
● സ്കൂൾ പരീക്ഷകൾ അടുത്തെത്തുന്നതിനാൽ പരിശോധന ശക്തമാക്കും.
● കർശന നടപടികളുമായി മുന്നോട്ട് പോകാൻ അധികൃതരുടെ തീരുമാനം
തിരുവനന്തപുരം: (KasargodVartha) ഗതാഗത നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ കർശന നടപടികളുമായി പൊലീസും, മോട്ടോർ വാഹന വകുപ്പും. ഒരുതരത്തിലും വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് പൊലീസും, മോട്ടോർ വാഹന വകുപ്പും സ്വീകരിക്കുന്നത്. വാഹന അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടികൾ.
2024ൽ സംസ്ഥാനത്ത് നിയമം ലംഘിച്ചതിന് 22,733 ഇരുചക്ര വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്. മന്ത്രി ഗണേഷ് കുമാർ നിയമസഭയിൽ അറിയിച്ച വിവരമാണ് ഇത്. കേസുകൾ പലവിധമാണ് ചുമത്തിയിട്ടുള്ളത്. അമിതവേഗതയിൽ 290 കേസുകൾ മാത്രമാണുള്ളത്. രൂപ മാറ്റത്തിനാണ് ഏറെയും പിഴ. മഡ്ഗാഡ്, ഇൻഡിക്കേറ്റർ, സൈലൻസർ, നമ്പർ പ്ലേറ്റ് തുടങ്ങിയവയുടെ രൂപ മാറ്റത്തിനാണ് ഏറെയും പിഴ ഈടാക്കിയത്. ഓരോരുത്തരിൽ നിന്നായി 5000 രൂപയാണ് പിഴ ചുമത്തിയത്. ഇതുവഴി സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്ക് എത്തിയ തുക 130 കോടി രൂപയാണ്.
ഈ കണക്ക് ഇരുചക്ര വാഹനങ്ങളുടേത് മാത്രമാണ്. മറ്റുള്ള ഒട്ടനവധി വാഹനങ്ങൾക്കും പിഴ ചുമത്തിയിട്ടുമുണ്ട്. ഈ വർഷവും തുടക്കത്തിലെ നിരവധി വാഹനങ്ങൾ ഗതാഗത നിയമലംഘനത്തിന്റെ പേരിൽ പിടികൂടിയിട്ടുണ്ട്. ഇനിയും നടപടി കടുപ്പിക്കാനാണ് പൊലീസ്, മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. ഇരുചക്രവാഹനക്കാർ ഏറെയും വിദ്യാർത്ഥികളും, യുവാക്കളുമാണ്.
സ്കൂൾ പരീക്ഷകളും, സെന്റ് ഓഫ് പാർട്ടികളും അടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കാനാണ് തീരുമാനം. വാഹനം പിടികൂടിയാൽ യാതൊരുവിധ ഇടപെടലിനും ചെവി കൊടുക്കേണ്ടതില്ലെന്ന നിർദേശമാണ് മുകളിൽ നിന്ന് പൊലീസിനും, മോട്ടോർ വാഹന വകുപ്പിനും നൽകുന്നത് എന്നാണ് വിവരം.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
In Kerala, 22,733 two-wheeler riders were fined for traffic violations in 2024, generating ₹130 crore in revenue for the state government. Most fines were for vehicle modifications, not speeding. Authorities are intensifying enforcement, especially with upcoming school events.
#TrafficViolations, #KeralaFines, #TwoWheelerSafety, #RoadSafety, #MVDEnforcement, #VehicleModifications