Waste Management | മാലിന്യ മുക്ത യജ്ഞത്തില്‍ കേരളം പൂര്‍ണമായും മാലിന്യമുക്തമാകുമെന്ന് മുഖ്യമന്ത്രി; കെ എം സ്മാരക ജനകീയാസൂത്രണ രജത ജൂബിലി മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു

● 'ശുചീകരിച്ച ഇടങ്ങളില്‍ വീണ്ടും മാലിന്യം വലിച്ചെറിയരുത്'
● 'പൊതു ഇടങ്ങളും ചുറ്റുപാടുകളും ശുചിയായി പരിപാലിക്കണം'
● 'നവംബര്‍ ഒന്നിന് കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമാകും'
മടിക്കൈ: (KasargodVartha) കേരളത്തിലെ ജനങ്ങളുടെ മനോഭാവ മാറ്റത്തിലൂന്നിയുള്ള രണ്ടാം ഘട്ട മാലിന്യ മുക്ത യജ്ഞത്തില്‍ കേരളം പൂര്‍ണമായും മാലിന്യമുക്തമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ജില്ലാപഞ്ചായത്ത് മടിക്കൈ പഞ്ചായത്തിലെ എരിക്കുളത്ത് നിര്‍മ്മിച്ച കെ.എം സ്മാരക ജനകീയാസൂത്രണ രജത ജൂബിലി മന്ദിരം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ സമയം കേരളത്തിലെ ചുറ്റുപാടുകള്‍ മാലിന്യം വലിച്ചെറിഞ്ഞ് മാലിന്യ കൂമ്പാരങ്ങള്‍ നിറഞ്ഞതായിരുന്നു.
എന്നാല്‍ മാലിന്യ മുക്ത പരിപാടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കിയപ്പോള്‍ ഒരു പരിധിവരെ ഈ പ്രശ്‌നത്തില്‍ കുറവുണ്ടായി. എന്നാല്‍ പൂര്‍ണ്ണതയില്‍ എത്തിക്കുന്നതിനായി ഒരു ജനകീയ യജ്ഞം സംസ്ഥാനത്ത് നടന്നു വരികയാണെന്നും അതിന്റെ ഭാഗമായി കേരളം പൂര്‍ണ്ണ മാലിന്യ മുക്ത സംസ്ഥാനമായി തീരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശുചീകരിച്ച ഇടങ്ങളില്‍ വീണ്ടും മാലിന്യം വലിച്ചെറിയരുതെന്നും കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചകള്‍ കാണാനെത്തുന്ന വിനോദ സഞ്ചാരികളെ നമ്മുടെ നാട്ടിലേക്ക് പിന്നേയും ആകര്‍ഷിക്കുന്ന തരത്തില്‍ പൊതു ഇടങ്ങളും ചുറ്റുപാടുകളും ശുചിയായി പരിപാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാട്ടിന്‍പുറങ്ങളില്‍ രോഗബാധിതരായി ഒറ്റയ്ക്ക് താമസിക്കുന്നവരെ കണ്ടെത്തി പാലിയേറ്റീവ് കെയര്‍ നല്‍കുന്നതിന് പാലിയേറ്റീവ് ഗ്രിഡ് നടപ്പിലാക്കുമെന്നും കേരളത്തില്‍ ഒരിടത്തും ഒരാള്‍ക്കും പരിചരണം കിട്ടാതെ പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിചരണം ആവശ്യമുള്ള സമയത്ത് രോഗിക്ക് ഓണ്‍ലൈനായി വളണ്ടിര്‍മാരെ ബന്ധപ്പെടാന്‍ സാധിക്കും. ടെലി മെഡിസിന്‍ പദ്ധതി ഇതോടൊപ്പം നടപ്പിലാക്കും. നാട്ടിലെ സുമനസ്സുകള്‍ വളണ്ടിയര്‍മാരാകാന്‍ മുന്നോട്ട് വരുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും സ്വകാര്യ സംഘടനകളെ കൂടി ചേര്‍ത്ത് പദ്ധതിക്ക് നേതൃത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവംബര്‍ ഒന്നിന് കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമാകും. സംസ്ഥാന തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ 64006 കുടുംബങ്ങളെയാണ് അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും ഈവര്‍ഷം നവംബര്‍ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന നേട്ടം സ്വന്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് അതിദരിദ്രരില്ലാത്ത കേരളം പദ്ധതിക്ക് നേതൃത്വം നല്‍കി വരുന്നത്. കാസര്‍കോട് ജില്ലയില്‍ നേരത്തെ കണ്ടെത്തിയ 2768 കുടുംബങ്ങളില്‍ 1800 കുടുംബങ്ങളെ അതിദരിദ്രരുടെ പട്ടികയില്‍ നിന്നും മാറ്റി ഉയര്‍ത്തികൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. ബാക്കിയുള്ള കുടുംബങ്ങളെ കൂടി നവംബര്‍ ഒന്നിനകം ഉയര്‍ത്തി കൊണ്ടുവരാന്‍ കഴിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചേര്‍ന്ന ഗ്രാമസഭയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത മടിക്കൈ പഞ്ചായത്തില്‍ അതിന്റെ രജത ജൂബിലി കെട്ടിടം നിര്‍മ്മിച്ചത് ഏറ്റവും ഉചിതമായ തീരുമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മടിക്കൈയിലെ പൊതു പ്രവര്‍ത്തകനായ കെ.എം കുഞ്ഞിക്കണ്ണനെ മുഖ്യമന്ത്രി അനുസ്മരിച്ചു.
എം രാജാഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രവാസി വ്യവസായി മണികണ്ഠന്‍ മേലത്ത് മടിക്കൈ പാലിയേറ്റീവ് സൊസൈറ്റിക്ക് നല്‍കുന്ന ഹോം കെയര്‍ വാഹനത്തിന്റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുകയും മുഖ്യമന്ത്രി പാലിയേറ്റീവ് കെയര്‍ നേതൃത്വത്തിന് നല്‍കുകയും ചെയ്തു. മദര്‍ തെരേസ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ജേതാവ് മണികണ്ഠന്‍ മേലത്തിനെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ പഞ്ചായത്തിന്റെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ രാജ്യസഭാഗം പി.വി അബ്ദുള്‍ വഹാബ് വഹാബ് ഇന്‍ഡസ് മോട്ടോര്‍സ് തൊഴിലാളികള്‍ സമാഹരിച്ച 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
മുന്‍ എം.പി പി.കരുണാകരന്‍,കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.എന്‍. സരിത, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം മനു,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത, മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സി.ജെ. സജിത്ത്, ജോമോന്‍ ജോസ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീലത, മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശന്‍,കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ റഹ്‌മാന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ പത്മനാഭന്‍, മടികൈ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.സത്യ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി രാജന്‍,വാര്‍ഡ് മെമ്പര്‍ ഒ.നിഷ, ഒന്നാം വാര്‍ഡ് മെമ്പര്‍ വേലായുധന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്മാരായ എം രാജന്‍, സി.പ്രഭാകരന്‍, കെ.വി കുമാരന്‍, കെ.എം സ്മാരക വായനശാല പ്രസിഡണ്ട് പ്രൊഫസര്‍ വി.കുട്ട്യന്‍, ജനപ്രതിനിധികളായ ബംങ്കളം കുഞ്ഞികൃഷ്ണന്‍, കെ.എം ഷാജി,ശാര്‍ങധരന്‍ എന്നിവര്‍ സംസാരിച്ചു. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഹാബിറ്റാറ്റ് ഗ്രൂപ്പിലെ തങ്കച്ചന്‍, രതീഷ് എന്നിവര്‍ക്ക് ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ സ്വാഗതവും ജില്ലാപഞ്ചായത്ത് സെക്രട്ടറി ശ്യമലക്ഷ്മി നന്ദിയും പറഞ്ഞു.
കെ.എം സ്മാരക ജനകീയാസൂത്രണ രജത ജൂബിലി മന്ദിരം
കാസര്‍കോട് ജില്ലാ പഞ്ചായത്ത് 2021 -22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1 .50 കോടി രൂപ വകയിരുത്തിയാണ് കെ.എം സ്മാരക ജനകീയാസൂത്രണ രജത ജൂബിലി മന്ദിരം നിർമിച്ചത്. സ്വാതന്ത്ര്യ സമര സേനാനിയും ദീര്‍ഘകാലം മടികൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പ്രമുഖ സഹകാരിയും ആയിരുന്ന കെ.എം കുഞ്ഞിക്കണ്ണന്റെ പേരിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. എരിക്കുളം കോളിക്കുന്ന് റോഡ് ജംഗ്ഷനില്‍ കെ.എം സ്മാരക ലൈബ്രറി സൗജന്യമായി നല്‍കിയ 15 സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്. പരിസ്ഥിതി സൗഹൃദ നിര്‍മ്മാണത്തിന് മുന്‍തൂക്കം നല്‍കുന്ന നിര്‍മ്മാണ ഏജന്‍സിയായ ആയ ഹാബിറ്റാറ്റ് ടെക്നോളജി നിര്‍മ്മാണം പൂര്‍ത്തിയാക്കി.
രണ്ടു നിലകളിലായി 3945 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ഓഫീസ് മുറി, ലൈബ്രറി, റീഡിങ് റൂം, സ്റ്റേജോട് കൂടിയ ഹാള്‍, ടോയ്‌ലറ്റുകള്‍, ഇന്റര്‍ലോക്ക് പാകിയ മുറ്റം, ഗേറ്റോടു കൂടിയ ചുറ്റുമതില്‍, പൂന്തോട്ടം, കുഴല്‍ കിണര്‍ എന്നിവ ഉള്‍പ്പെടുന്നു. കെട്ടിടത്തിന്റെ പുറം ചുമരുകളുടെ മധ്യഭാഗത്തായി ഒന്നര മീറ്ററിലധികം വീതീയില്‍ ഒപ്പനയും കഥകളിയും തെയ്യവും ഉള്‍പ്പെടെ ജില്ലയുടെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന മ്യൂറല്‍ ചിത്രങ്ങള്‍ തയാറാക്കിയിരിക്കുന്നത് പയ്യന്നൂര്‍ സ്വദേശിയായ ബിജു പാണപ്പുഴയാണ്.
ഭാവിയിലെ ആസൂത്രണ -റെഫറന്‍സ് ലൈബ്രറിയും പരിശീലന കേന്ദ്രവും ആകണം എന്ന ലക്ഷ്യത്തോടെയാണ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച കെ.എം സ്മാരക ജനകീയാസൂത്രണ രജത ജൂബിലി മന്ദിരം ഒരുക്കിയിരിക്കുന്നത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ? കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ!
Kerala Chief Minister Pinarayi Vijayan has announced an ambitious plan to make Kerala a waste-free state. The government will implement new waste management programs and ensure public participation in keeping public spaces clean. The Chief Minister has urged people to cooperate with the government's efforts to create a cleaner and more beautiful Kerala.
#WasteFreeKerala #CleanKerala #SustainableKerala #PinarayiVijayan #KeralaGovernment #WasteManagement