Discussion | പ്രവാസി ക്ഷേമം: കാലോചിതമായ മാറ്റങ്ങൾക്ക് നിർദ്ദേശം
● നോർക്ക, പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.
● കാസർകോട് ജില്ലയിലെ പ്രവാസികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്തു.
കാസര്‍കോട്: (KasargodVartha) പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗം കാസര്‍കോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്നു. സമിതി ചെയർമാൻ എ. സി. മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവാസി സംഘടനകളില്‍ നിന്നും വ്യക്തികളിൽ നിന്നും നിരവധി നിർദ്ദേശങ്ങൾ ലഭിച്ചു.
പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിവിധികളും അറിയുന്നതിനും സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിനുമാണ് പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയസഭാ സമിതി യോഗം നടത്തിയതെന്ന് സമിതി ചെയർമാൻ എ. സി. മൊയ്തീൻ എം.എല്‍.എ പറഞ്ഞു. നോർക്ക, പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ പ്രവർത്തനങ്ങളിൽ വേണ്ട മാറ്റങ്ങളെക്കുറിച്ചും വിശദമായ ചർച്ച നടന്നു. ലഭിച്ച നിർദ്ദേശങ്ങൾ സമിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തി സർക്കാരിന് സമർപ്പിക്കും.
സംഘടനകളും വ്യക്തികളും സമിതിയുടെയും വകുപ്പിന്റെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ തീരുമാനങ്ങൾ എടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. പ്രവാസി സമൂഹം നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് നിർണായകമായ സംഭാവനകൾ നൽകിയിട്ടുണ്ട്. എന്നാൽ, കാസര്‍കോട് ജില്ലയിൽ നിന്ന് പല പാവപ്പെട്ട പ്രവാസികളുടെയും വ്യക്തിഗത, സാമൂഹിക പ്രശ്‌നങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.
യോഗത്തിൽ സമിതി അംഗങ്ങളായ എംഎല്‍എമാർ എ.കെ.എം അഷ് റഫ്, സേവ്യര്‍ ചിറ്റിലപ്പള്ളി, ഇ.ടി ടെയ്‌സണ്‍ മാസ്റ്റര്‍, കെ.എന്‍ ഉണ്ണികൃഷ്ണന്‍, കാസർകോട് അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് പി. അഖില്‍, നിയമസഭ ഡപ്യൂട്ടി സെക്രട്ടറി ജി. ജയകുമാര്‍, കേരള പ്രവാസി ക്ഷേമ ബോര്‍ഡ് കോഴിക്കോട് റിജിയണല്‍ ഓഫിസ് ഡിസ്ട്രിക്ട് എക്സ്റ്റന്‍ഷണല്‍ ഓഫീസര്‍ എം. മുഹമ്മദ് ബഷീര്‍, നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ സി. രവീന്ദ്രന്‍, എല്‍.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം പള്ളിവിള, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ദിനേശ് ചന്ദന, പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുള്ള, പ്രവാസി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി പ്രകാശന്‍ പള്ളിക്കാപ്പില്‍, നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം ബേക്കല്‍, കേരള പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് ഒ. നാരായണന്‍, കെ.എം.സി.സി പ്രസിഡന്റ് കുന്നില്‍ അബ്ബാസ്, തിരികെയെത്തിയ പ്രവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
#KeralaExpats #NORKA #Welfare #LegislativeMeeting #Kasaragod