യാത്രാദുരിതത്തിന് ആശ്വാസം: കാസർകോട്-മംഗളൂരു റൂട്ടിൽ കൂടുതൽ ബസുകളുമായി കേരള കെഎസ്ആർടിസി
● കഴിഞ്ഞ മാസം കർണാടക കെഎസ്ആർടിസി രണ്ട് അൾട്രാ ഡിലക്സ് വോൾവോ ബസുകൾ ഇറക്കിയിരുന്നു.
● കർണാടക ബസുകൾക്ക് കാസർകോട്-മംഗളൂരു ടിക്കറ്റ് ചാർജ് 100 രൂപയാണ്.
● കേരള കെഎസ്ആർടിസി കഴിഞ്ഞ ഒരു മാസത്തിനിടെ ലിങ്ക് ബസ്, ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെ അഞ്ചോളം പുതിയ ബസുകൾ സർവീസ് തുടങ്ങി.
● പുതിയ സർവീസുകളിൽ യാത്രക്കാർക്ക് 15 മിനിറ്റ് വരെ ലാഭിക്കാൻ കഴിയുന്നു.
കാസർകോട്: (KasargodVartha) കാസർകോട്-മംഗളൂരു റൂട്ടിൽ കൂടുതൽ ബസുകളിറക്കി കേരള കെഎസ്ആർടിസിയും. കർണാടക കെഎസ്ആർടിസി ഈ റൂട്ടിൽ കൂടുതൽ ബസുകൾ ഇറക്കിയതിന് പിന്നാലെയാണ് കേരള കെഎസ്ആർടിസിയും അധിക സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. ഇത് ഈ റൂട്ടിൽ നിലനിന്നിരുന്ന യാത്രാദുരിതത്തിന് നേരിയ ആശ്വാസമായിട്ടുണ്ട്.
കർണാടക കെഎസ്ആർടിസി നിലവിൽ ഓടിക്കൊണ്ടിരുന്ന ബസുകൾക്ക് പുറമെ കഴിഞ്ഞ മാസം രണ്ട് അൾട്രാ ഡിലക്സ് വോൾവോ ബസുകൾ കൂടി (രാജഹംസ) നിരത്തിലിറക്കിയിരുന്നു. ഈ സർവീസുകൾക്ക് കാസർകോട്-മംഗളൂരിലേക്ക് 100 രൂപയാണ് ടിക്കറ്റ് ചാർജ് ഈടാക്കുന്നത്.
ഇതിന് യാത്രക്കാരിൽ നിന്ന് നല്ല പ്രതികരണമാണുണ്ടായത്. കാസർകോട് കഴിഞ്ഞാൽ കുമ്പള, ബന്തിയോട്, കൈക്കമ്പ, ഉപ്പള, ഹൊസങ്കടി, മഞ്ചേശ്വരം, തലപ്പാടി തെക്കോട്ട് എന്നിവിടങ്ങളിൽ മാത്രമേ ഈ ബസുകൾ നിർത്തുകയുള്ളൂ. മറ്റു ബസ് സർവീസുകളെക്കാൾ യാത്രക്കാർക്ക് 15 മിനിറ്റ് ലാഭിക്കാനും സാധിക്കുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു.
കേരള കെഎസ്ആർടിസിയും കഴിഞ്ഞ ഒരു മാസത്തിനിടയിൽ കാസർകോട്-മംഗളൂരു റൂട്ടിൽ പുതുതായി അഞ്ചോളം ബസുകൾ സർവീസ് തുടങ്ങിയിട്ടുണ്ട്. ഇതിൽ ലിങ്ക് ബസും ഫാസ്റ്റ് പാസഞ്ചറും ഉൾപ്പെടും. ഈ ബസ് സർവീസുകൾക്കും കർണാടക ബസുകൾക്ക് സമാനമായാണ് കുറഞ്ഞ സ്റ്റോപ്പുകളുള്ളത്.
ഇതിൽ സൂപ്പർ ഫാസ്റ്റായി ഓടുന്ന ഒരു ബസ് കാഞ്ഞങ്ങാട് വരെ സർവീസ് നടത്തുന്നുണ്ട്. കാസർകോട്-കാഞ്ഞങ്ങാട് റൂട്ടിൽ പാലക്കുന്നിൽ മാത്രമാണ് ഇതിന് സ്റ്റോപ്പുള്ളത്. സാധാരണ നിരക്കിൽ നിന്ന് ടിക്കറ്റ് നിരക്കിൽ വർദ്ധനവ് ഈ സർവീസുകൾക്ക് ഉണ്ട്.
കാസർകോട്-മംഗളൂരു റൂട്ടിലെ യാത്രാപ്രതിസന്ധിക്ക് പരിഹാരമാകുമോ? നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: Kerala KSRTC starts five new bus services on Kasaragod-Mangalore route.
#KSRTC #Kasargod #Mangalore #KeralaBus #KarnatakaBus #Rajhamsa






