'എം.എല്‍.എ മാരുടെ ഫണ്ടില്‍ നിന്നും പട്ടിക വിഭാഗക്കാര്‍ക്ക് തുക നീക്കിവെക്കണം'
Nov 21, 2012, 20:46 IST
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നിയമസഭയുടെ പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ ക്ഷേമ സമിതി തെളിവെടുപ്പ് യോഗത്തിലാണ് പട്ടികജാതി-വര്‍ഗ സംഘടനാ പ്രതിനിധികള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചത്. യോഗത്തില്‍ സമിതി ചെയര്‍മാന്‍ പി.പി.സജീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരുടെ വികസന ഫണ്ടുകളില്‍ നിന്നും പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ വികസനത്തിനായി ഒരു ശതമാനം പോലും തുക അനുവദിക്കുന്നില്ലെന്ന് പരാതിപ്പെട്ടു.
പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് ജോലി ലഭ്യമാക്കുന്നതിന് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തണം. ഈ വിഭാഗക്കാര്‍ക്ക് നീക്കിവെച്ച നിരവധി തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഇതു സംബന്ധിച്ച് പ്രത്യേക കമ്മീഷനെ നിയോഗിച്ച് അര്‍ഹതയുള്ള തസ്തികകളില്‍ നിയമനം നടത്തണം. പട്ടികവിഭാഗക്കാര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ നീക്കിവെച്ച തസ്തികകളില്‍ നിയമനം നടന്നിട്ടുണ്ടോ എന്ന് സമഗ്രമായ അന്വേഷണം നടത്തണം. കൂടാതെ ഈ വിഭാഗക്കാര്‍ക്ക് ഏതൊക്കെ തസ്തികകളാണ് സംവരണം ചെയ്തിട്ടുള്ളതെന്ന് അന്വേഷിക്കണം. ജില്ലയിലെ പട്ടികവിഭാഗക്കാരുടെ ക്ഷേത്രങ്ങള്‍ക്ക് പ്രത്യേക സഹഹായാധനം നല്‍കാന്‍ ബജറ്റില്‍ തുക നീക്കിവെക്കണം.
പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് അവരുടെ കോളനികള്‍ക്ക് അരികില്‍ത്തന്നെ ശ്മശാനത്തിന് ഭൂമി ലഭ്യമാക്കണം. നിലവില്‍ ഈ വിഭാഗക്കാര്‍ വീട്ടുമുറ്റത്ത് തന്നെ ശവസംസ്‌കാരം ചെയ്തുവരുന്നു. നിര്‍മ്മാണം തടസ്സപ്പെട്ടു നില്‍ക്കുന്ന പട്ടികവര്‍ഗക്കാരുടെ വീടുകള്‍ക്ക് പ്രത്യേക ഗ്രാന്റ് അനുവദിച്ച് നിര്‍മാണം പൂര്‍ത്തീകരിക്കണം. കൊറഗ വിഭാഗക്കാരുടെ ദയനീയ സ്ഥിതിയെക്കുറിച്ച് പഠനം നടത്തി അവരുടെ ക്ഷേമ വികസന പദ്ധതികള്‍ നടപ്പിലാക്കണം.
പനത്തടി, കള്ളാര്‍ പഞ്ചായത്തുകളില്‍ കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചേര്‍ന്ന് കിടക്കുന്ന കര്‍ണാടകയുടെ മൂന്നോളം വിദേശ മദ്യഷാപ്പുകള്‍ അടച്ചിടാനോ അല്ലെങ്കില്‍ ആറേഴ് കി.മീ. അകലേക്ക് മാറ്റാനോ വേണ്ട നടപടി സ്വീകരിക്കണം. ജില്ലയില്‍ 40 ശതമാനത്തോളം പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമിക്ക് പട്ടയം ലഭിച്ചിട്ടില്ല. പട്ടയം ലഭ്യമാക്കാന്‍ നടപടി എടുക്കണം. 80 ശതമാനത്തോളം പട്ടികജാതിക്കാരെ എപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ നടപടി പുനപരിശോധിക്കണം.
ജില്ലയില്‍ ജനസംഖ്യാ അടിസ്ഥാനത്തില്‍ പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും വികസന പദ്ധതികള്‍ക്ക് തുക അനുവദിക്കണം. നിലവില്‍ 2001 വര്‍ഷത്തെ സെന്‍സസ് അനുസരിച്ചാണ് പട്ടികവര്‍ഗക്കാര്‍ക്ക് ഫണ്ട് അനുവദിക്കുന്നത്. എന്നാല്‍ 2001ന് ശേഷം മാവില വിഭാഗക്കാര്‍ പട്ടികവര്‍ഗത്തില്‍ ചേര്‍ന്നതോടെ ജില്ലയില്‍ പട്ടികജാതിക്കാരെക്കാള്‍ പട്ടികവര്‍ഗക്കാര്‍ക്ക് ഭൂരിപക്ഷമായി. എന്നാല്‍ വര്‍ധിച്ച ജനസംഖ്യയ്ക്ക് ആനുപാതികമായി ഫണ്ട് ലഭിച്ചിട്ടില്ല.
ജില്ലയില്‍ 41,000 ത്തോളം വരുന്ന പട്ടികജാതിക്കാരുടെ വികസന പദ്ധതികള്‍ക്കായി ജില്ലാ പഞ്ചായത്തിന് 2.98 കോടി രൂപ അനുവദിക്കേണ്ടിവന്നപ്പോള്‍ 47,000 ത്തോളം വരുന്ന പട്ടികവര്‍ഗക്കാര്‍ക്കായി 1.61 കോടി രൂപ മാത്രമാണ് അനുവദിക്കാന്‍ സാധിച്ചത്.
ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ ഒന്നുവീതം കോളനികളില്‍ വിജ്ഞാന്‍ വാടികള്‍ തുടങ്ങിയിട്ടുണ്ട്. 21 പഞ്ചായത്തുകളില്‍ക്കൂടി അനുവദിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവയില്‍ ഏഴെണ്ണത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേയും കോളനികളെ സ്വയം പര്യാപ്തമാക്കുന്നതിന് 50 ലക്ഷം രൂപ വീതം ചെലവഴിക്കും.
സിറ്റിംഗില്‍ എം.എല്‍.എ മാരായ പുരുഷന്‍ കടലുണ്ടി, എ.പി. അബ്ദുല്ലക്കുട്ടി, ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, എ.ഡി.എം എച്ച്. ദിനേശന്‍, പട്ടികജാതി വികസന ഓഫീസര്‍ കെ.കെ. കിഷോര്‍കുമാര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ പി.കെ. ഗോവിന്ദന്‍ തുടങ്ങി വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തെളിവുകള്‍ നല്‍കി. ഉച്ചയ്ക്ക് ശേഷം സമിതി പരവനടുക്കം എം.ആര്‍.എസ്, പോസ്റ്റ് മെട്രിക്, പ്രീമെട്രിക് ഹോസ്റ്റലുകള്‍ സന്ദര്‍ശിച്ചു.
Keywords: SC,ST, MLA, Fund, Sitting, Collectorate, Conference hall, Collector, P.S.Mohammed Sageer, Kasaragod, Kerala, Malayalam news, Keep some portion to minority from MLA fund