Wild Elephant | മാലോം പുഞ്ചയില്‍ കാട്ടാനകൂട്ടം ഇരുചക്രവാഹനം എടുത്തെറിഞ്ഞു, കാര്‍ഷിക വിളകളും നശിപ്പിച്ചു
സുധീഷ് പുങ്ങംചാല്‍
വെള്ളരിക്കുണ്ട്: (KasargodVartha) ബളാല്‍ പഞ്ചായതിലെ മാലോം വലിയപുഞ്ചയില്‍ ശനിയാഴ്ച രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം ഇരുചക്ര വാഹനം എടുത്തെറിഞ്ഞു. നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ക്കും ആനകൂട്ടം നാശനഷ്ടം വരുത്തി.
വീടിനോട് ചേര്‍ന്ന റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന വലിയപുഞ്ചയിലെ വരിക്കാമുട്ടില്‍ ബിബിന്‍ സ്‌ക്കറിയയുടെ സ്‌കൂടിയാണ് ആന ചുഴറ്റി എറിഞ്ഞത്. ഞായറാഴ്ച (30.06.2024) രാവിലെ ആറുമണിയോടെ സ്‌കൂടി എടുക്കാന്‍ വന്നപ്പോഴാണ് ബിബിന്‍ ആനയുടെ പരാക്രമം കണ്ട് നടുങ്ങിയത്.
നിര്‍ത്തിയിട്ടിരുന്ന സ്ഥലത്തുനിന്നും സ്‌കൂടി ചവിട്ടി മെതിച്ച് എടുത്തെറിഞ്ഞ നിലയിലാണ്. സമീപത്തെ
നരിവേലില്‍ മേരിയുടെ വാഴ, കവുങ്ങ്, ചേരിയില്‍ ജോളിയുടെ അഞ്ചോളം തെങ്ങ്, ബെന്നിയുടെ തെങ്ങ്, മാലോം റസാക്കിന്റെ തെങ്ങ്, മുതുകാട്ടില്‍ കുട്ടിച്ചന്റെ തെങ്ങ്, തങ്കച്ചന്‍ ചേരിയില്‍, ഷാജി കളപ്പുര, ജോര്‍ജ് പാറക്കൂടിയില്‍ എന്നിവരുടെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാര്‍ഷിക വിളകളും ആനകൂട്ടം നശിപ്പിച്ചു. വലിയ പുഞ്ചയിലെ അനില്‍ വര്‍മ്മയുടെ കാര്‍ഷിക വിളകള്‍ക്കും കാട്ടാനകൂട്ടം നാശം വരുത്തി.
ബളാല്‍ പഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം, സ്ഥിരം സമിതി അംഗം അലക്‌സ് നെടിയകാലയില്‍, വെള്ളരിക്കുണ്ട് സി ഐ ഷിജു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ലക്ഷ്മണന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.