Honors | ഡോക്ടേഴ്‌സ് ദിനം: ആരോഗ്യമേഖലയിൽ നിറസാന്നിധ്യമായി തിളങ്ങി നിൽക്കുന്ന ഡോക്ടർ ദമ്പതികളായ മഞ്ജുനാഥ് ഷെട്ടിക്കും വീണയ്ക്കും കാസർകോട് വാർത്തയുടെ ആദരം
പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യവും നിറഞ്ഞ സദസും ചടങ്ങിന് മിഴിവ് പകർന്നു
കാസർകോട്: (KasaragodVartha) ഡോക്ടേഴ്‌സ് ദിനത്തിന്റെ ഭാഗമായി കാസർകോടിന്റെ ആരോഗ്യമേഖലയിൽ നിറസാന്നിധ്യമായി തിളങ്ങി നിൽക്കുന്ന ഡോക്ടർ ദമ്പതികളായ മഞ്ജുനാഥ് ഷെട്ടിക്കും വീണ മഞ്ജുനാഥിനും കാസർകോട് വാർത്തയുടെ ആദരം. 'സ്റ്റാർസ് 2024' പരിപാടിയിലായിരുന്നു സ്നേഹാദരവ് സമ്മാനിച്ചത്. പതിറ്റാണ്ടുകളായി കാസർകോടിന്റെ ആരോഗ്യ മേഖലയിൽ മികച്ച സംഭാവനകളാണ് ഡോക്ടർ ദമ്പതിമാർ ജനങ്ങൾക്ക് നൽകി വരുന്നത്.
വൈദ്യശാസ്ത്ര രംഗത്ത് നിസ്വാർഥ സേവനം നടത്തിവരികയാണ് യൂറോളജിസ്റ്റായ മഞ്ജുനാഥ് ഷെട്ടി. മൂത്രനാളി, വൃക്കകൾ, വൃഷണങ്ങൾ തുടങ്ങിയ മൂത്രവ്യവസ്ഥയുടെയും പുരുഷ പ്രത്യുത്പാദന വ്യവസ്ഥയുടെയും നിരവധി ഗുരുതരമായ പ്രശ്നങ്ങളുമായി എത്തുന്ന അനേകം പേർക്ക് ചികിത്സയിലൂടെ സാന്ത്വനമേകാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ദേശീയ തലത്തിലും അന്താരാഷ്‌ട്ര തലത്തിലും സിമ്പോസിയങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ച കാസർകോട്ടെ അപൂർവം ഡോക്ടർമാരിലൊരാളാണ് മഞ്ജുനാഥ് ഷെട്ടി. കാസർകോട്ടെ പ്രമുഖ ആശുപത്രിയായ യുനൈറ്റഡ് മെഡികൽ സെന്ററിന്റെ ഡയറക്ടറാണ്. അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട അസുഖങ്ങൾ ചികിത്സിച്ച് ഭേദമാക്കാൻ ഡോക്ടർക്ക് കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്.
ജില്ലയിലെ പ്രമുഖയായ ഗൈനകോളജിസ്റ്റ് ആണ് ഡോ. വീണ മഞ്ജുനാഥ്. സ്ത്രീരോഗ ചികിത്സയിലൂടെ അനേകായിരം കുഞ്ഞിക്കാലുകൾ തലോടാൻ ഭാഗ്യം സിദ്ധിച്ച ഇവരും കാസർകോട് യുനൈറ്റഡ് ആശുപത്രിയുടെ ഡയറക്ടറാണ്. ഒരു കുട്ടിക്ക് ജന്മം നൽകുക എന്നത് സ്വപ്‌നമായി കരുതുന്ന നിരവധി പേർക്ക് ചികിത്സയിലൂടെ ഫലപ്രാപ്തി നൽകാൻ കഴിഞ്ഞ വ്യക്തിത്വത്തിന് ഉടമയാണ്.
കുട്ടികളാകാത്തതിന് സങ്കടപ്പെട്ട് നിൽക്കുന്ന നിരവധി ദമ്പതികൾക്ക് ആശ്വാസം പകരാൻ കഴിഞ്ഞ വീണ മഞ്ജുനാഥിന് കാസർകോടിന്റെ പ്രിയ ഡോക്ടറായി മാറാൻ കഴിഞ്ഞത് അർപണബോധവും ചികിത്സാ രംഗത്തെ കഴിവും കൊണ്ടാണ്. അനേകം വെല്ലുവിളികളെ അതിജീവിച്ചു പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും അത്താണിയായി വർത്തിക്കാൻ കഴിഞ്ഞുവെന്നത് ഡോ. വീണയെ വ്യത്യസ്തയാക്കുന്നു.
ഒരായുസ് മുഴുവൻ സ്ത്രീരോഗ ചികിത്സയ്ക്കായി മാറ്റിവെച്ച ഡോക്ടറെ ഓരോ മാതാവും സ്നേഹത്തോടെയാണ് കാണുകയും പെരുമാറുകയും ചെയ്യുന്നത്. തന്റെ ചികിത്സ വീണയുടെ അടുക്കലായിരുന്നുവെന്നും മകളെയും വീണയുടെ അടുത്ത് തന്നെയാണ് കാണിക്കാറുള്ളതെന്നും കാസർകോട് വാർത്തയുടെ 'സ്റ്റാർസ് 2024' പരിപാടിക്ക് എത്തിയപ്പോൾ ഒരു വീട്ടമ്മ പ്രതികരിച്ചത് തന്നെ അവരുടെ ചികിത്സാ നൈപുണ്യത്തിന് മാറ്റ് കൂട്ടുന്നതായി മാറി.
ഊണും ഉറക്കവും ഒഴിഞ്ഞാണ് ഈ ദമ്പതിമാർ ഓരോ രോഗിയുടെയും കണ്ണീരൊപ്പുന്നത്. ഈ മഹത്തായ സേവനങ്ങൾ കണക്കിലെടുത്താണ് കാസർകോട് വാർത്ത ഇരുവരെയും ആദരിച്ചത്. ചടങ്ങിൽ നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഡോക്ർ ദമ്പതികളെ പൊന്നാട അണിയിച്ചും മെമന്റോ നൽകിയും ഉപഹാരങ്ങൾ സമ്മാനിച്ചും ആദരിച്ചു. പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യവും നിറഞ്ഞ സദസും ചടങ്ങിന് മിഴിവ് പകർന്നു.
എൻമകജെ ഗ്രാമപഞ്ചായത് പ്രസിഡന്റ് ജെ എസ് സോമശേഖര, വ്യവസായികളായ ഹംസ മധൂർ, എം എ ലത്വീഫ്, കാസർകോട് വാർത്ത ഗ്രീവൻസ് ഓഫീസർ അഡ്വ. കുമാരൻ നായർ, സാമൂഹ്യ പ്രവർത്തകരായ മജീദ് തെരുവത്ത്, നാസർ ചെർക്കളം, സാംസ്‌കാരിക പ്രവര്‍ത്തകരായ ഹമീദ് കാവിൽ, പൊതുപ്രവർത്തകൻ റഹീം ചൂരി, മുതിർന്ന മാധ്യമ പ്രവർത്തകൻ എരിയാൽ ശരീഫ്, കരാട്ടെ പരിശീലകൻ എ കെ മുഹമ്മദ് കുഞ്ഞി, എഴുത്തുകാരൻ ശാഹുൽ ഹമീദ് കളനാട്, കെവാർത്ത എഡിറ്റർ അബ്ദുൽ മുജീബ്, കാസർകോട് വാർത്ത ഗൾഫ് ടീം അംഗം അസ്‌ലം സീനത്ത്, കാസർകോട് വാർത്ത ന്യൂസ് എഡിറ്റർ കുഞ്ഞിക്കണ്ണൻ മുട്ടത്ത്, സീനിയർ റിപോർടർ സുബൈർ പള്ളിക്കാൽ, പ്രോഗ്രാം കോർഡിനേറ്റർ അബ്ദുൽ റാശിദ്, കൺവീനർ ബി എ ലത്വീഫ് ആദൂർ തുടങ്ങിയവർ പങ്കെടുത്തു.