Drug Crisis | ലഹരിക്കെതിരെ കാസർകോട് ഒന്നിക്കുന്നു; യുദ്ധം പ്രഖ്യാപിച്ച് ജില്ലാ പഞ്ചായത്തും സംയുക്ത ജമാഅത്തുകളും സംഘടനകളും; കോടതി നിരീക്ഷണവും ശ്രദ്ധേയം; പൊലീസ് നടപടിയും കരുത്തേകും

● ജില്ലാ പഞ്ചായത്ത് 'ലഹരിമുക്ത ജില്ല' ലക്ഷ്യമിടുന്നു.
● റമദാനിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്താൻ ജമാഅത്ത് തീരുമാനം.
● 'ഓപ്പറേഷൻ ഡി ഹണ്ട്' വഴി നിരവധി ലഹരി വിൽപ്പനക്കാർ പിടിയിൽ.
കാസർകോട്: (KasargodVartha) വർധിച്ചുവരുന്ന ലഹരി വാഴ്ചക്കെതിരെ സമൂഹം ഉണരുന്നു. ഇനിയും പിടിച്ചു കെട്ടിയില്ലെങ്കിലാവില്ലെന്ന വിലയിരുത്തലിലാണ് തദ്ദേശ ഭരണസമിതികളും, ജമാഅത്ത് കമ്മിറ്റികളും, സംഘടനകളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും, നാട്ടുകാരും.
കാസർകോട് ജില്ലാ പഞ്ചായത്ത് ലഹരിക്കെതിരെ സമഗ്ര പദ്ധതിയൊരുക്കാൻ ഇതിനകം തീരുമാനിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അടുത്ത അധ്യയന വർഷം മുതൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. 'ലഹരിമുക്ത ജില്ല'യാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്. ഇതിന് ജില്ലയിലെ സന്നദ്ധ സംഘടനകളുടെയും, വിവിധ വകുപ്പുകളുടെയും പിന്തുണ ഉറപ്പുവരുത്തും.
കാസർകോട് സംയുക്ത ജമാഅത്തും ലഹരിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു രംഗത്ത് വന്നിട്ടുണ്ട്. റമദാൻ മാസത്തിലെ പവിത്രത കാത്തുസൂക്ഷിച്ച് വ്രത ശുദ്ധിയോടെ ലഹരിക്കെതിരെ വ്യാപക ബോധവൽക്കരണത്തിന് ജമാഅത്ത് കമ്മിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട കേസിൽ പിടിക്കുന്നവർക്കെതിരെ ജമാഅത്ത് തലത്തിൽ പുറത്താക്കൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാനാണ് നിർദേശം.
കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി ലഹരി ഉപയോഗത്തിനും വിൽപനക്കുമെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കഞ്ചാവ് കേസിൽ അറസ്റ്റിലായ സമീർ എന്ന വ്യക്തിയെ മഹല്ല് ജമാഅത്ത് അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ലഹരി ഇടപാടുകാരുമായുള്ള എല്ലാ സഹകരണവും ഒഴിവാക്കാൻ നാട്ടുകാർക്കിടയിൽ ശക്തമായ ബോധവൽക്കരണം നടത്തും. കൗമാരക്കാർ രാത്രി വൈകിയും കവലകളിലും മറ്റു സംശയകരമായ ഇടങ്ങളിലും സംശയ സാഹചര്യങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കാൻ ജാഗ്രതാസമിതി രൂപീകരിച്ച് പരിശോധന നടത്തും. അടുത്ത ദിവസം മത, രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ സംഘടനകൾ, ക്ലബുകൾ, കൗമാരക്കാർ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും ജമാഅത്ത് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. സമാന രീതിയിൽ പല മഹല്ല് കമ്മിറ്റികളും കർമ്മ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്.
ജില്ലാ പൊലീസും, എക്സൈസ് വകുപ്പും ഇതിനകം തന്നെ ലഹരി വിൽപ്പനക്കാർക്കെതിരെയും, ഉപയോഗിക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ ഓപ്പറേഷൻ ഡി ഹണ്ടിൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി നൂറുകണക്കിന് ലഹരി വില്പനക്കാരെ പിടികൂടിയിട്ടുണ്ട്. ജില്ലയിലേക്ക് ലഹരി എത്തുന്ന ഉറവിടം കണ്ടെത്താൻ പൊലീസ്- എക്സൈസ് നടപടി ശക്തമാക്കാനാണ് തീരുമാനം.
ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു വരുന്നുണ്ട്. ലഘുലേഖ വിതരണം, നാടകം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നു വരുന്നുണ്ട്. സംഘടനകൾക്കുള്ളിൽ ലഹരി മാഫിയയുടെ സ്വാധീനവും പൊലീസും, സന്നദ്ധ പ്രവർത്തകരും നിരീക്ഷിച്ചുവരുന്നുമുണ്ട്. അതോടൊപ്പം ഹൈകോടതിയും ലഹരിമരുന്ന് മാഫിയകളുടെ വിഷപ്പല്ലുകൾ സ്കൂൾ കുട്ടികളിലേക്കും നീങ്ങുന്നതിൽ കടുത്ത നടപടി വേണമെന്ന് നിരീക്ഷിച്ചു.
2024ൽ മാത്രം മയക്കുമരുന്ന് കേസിൽ സംസ്ഥാനത്ത് നടന്നത് 24,517 അറസ്റ്റുകളാണ്. ലഹരി മരുന്ന് നിരോധന നിയമത്തിൽ കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് വധശിക്ഷ വരെ വ്യവസ്ഥ ചെയ്തിട്ടുണ്ട്. രാജ്യം അത്ര ഗൗരവത്തോടെ കാണുന്ന കുറ്റകൃത്യമാണിത്. സമൂഹത്തിന്റെ താൽപ്പര്യം ഹനിച്ചുകൊണ്ടാകരുത് മറ്റൊരാളുടെ സ്വാതന്ത്ര്യമെന്നും ജസ്റ്റിസ് വിജി അരുൺ വ്യക്തമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ ജാമ്യ കാലയളവിൽ കുറ്റം ആവർത്തിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിലാണ് ഹൈകോടതി നിരീക്ഷണം. ഈ നിരീക്ഷണം ലഹരി വിരുദ്ധ പോരാട്ടത്തിന് ശക്തി പകരുന്നുമുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kasargod unites against drug use and sales with coordinated actions from local authorities, Jamaat Committees, and law enforcement.
#KasargodAgainstDrugs #DrugFreeKasaragod #CommunityAction #DrugAwareness #JamaatCommittees #KasaragodNews