Initiative | കാസർകോട് നഗരത്തിൽ എത്തുന്നവർക്ക് ഫോട്ടോ എടുക്കാൻ സൗകര്യം ഒരുങ്ങുന്നു; പുതിയ ബസ് സ്റ്റാൻഡിന് സമീപം സെൽഫി പോയിന്റ് ഉടൻ

● പുതിയ ബസ് സ്റ്റാൻഡിന് അടുത്താണ് സെൽഫി പോയിന്റ് ഒരുക്കുക
● നഗരസഭയുടെ ‘പാങ്ങുള്ള ബജാർ, ചേലുള്ള ബജാർ’ പദ്ധതിയുടെ ഭാഗമായാണ് ഇത്
● നഗരത്തിന്റെ സൗന്ദര്യവും ആകർഷണീയതയും വർദ്ധിപ്പിക്കും.
കാസർകോട്: (KasargodVartha) പുതിയ പദ്ധതികളിലൂടെ കാസർകോട് നഗരത്തിന്റെ മുഖച്ഛായ മാറ്റാനും കൂടുതൽ ആകർഷകമാക്കാനുമുള്ള ശ്രമങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാൻഡിന് സമീപം സെൽഫി പോയിന്റ് വരുന്നു. ഇനി കാസർകോട്ടെത്തുന്ന ഏതൊരാൾക്കും ഈ മനോഹരമായ പശ്ചാത്തലത്തിൽ സ്വന്തം ചിത്രങ്ങൾ പകർത്തി മടങ്ങാം.
നഗരസഭയുടെ 'പാങ്ങുള്ള ബജാർ, ചേലുള്ള ബജാർ' എന്ന നഗര സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ സെൽഫി പോയിന്റ് സ്ഥാപിക്കുന്നത്. നഗരത്തിന്റെ സൗന്ദര്യവും ആകർഷണീയതയും വർധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. നഗരത്തിലെത്തുന്ന സന്ദർശകർക്കും നാട്ടുകാർക്കും ഒരുപോലെ ആസ്വദിക്കാനും ഓർമകൾ സൂക്ഷിക്കാനുമുള്ള ഒരിടം എന്ന നിലയിലാണ് സെൽഫി പോയിന്റ് വിഭാവനം ചെയ്തിരിക്കുന്നത്. ഉടൻ തന്നെ നഗരസഭ ഭരണസമിതി യോഗത്തിൽ സെൽഫി പോയിന്റ് പദ്ധതിക്ക് അനുമതി നൽകുമെന്നാണ് സൂചന.
അടുത്തിടെ സ്ഥാപിച്ച പുതിയ ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിനരികിലായിരിക്കും ഈ സെൽഫി പോയിന്റ് ഒരുക്കുകയെന്നാണ് വിവരം. പുതിയ ബസ് സ്റ്റാൻഡ് കോംപ്ലക്സിന്റെ നവീകരണത്തിന്റെ ഭാഗമായി നിർമിച്ചിട്ടുള്ള പ്രവേശന കവാടം തന്നെ ഏറെ ശ്രദ്ധേയമാണ്. ഈ കവാടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സെൽഫി പോയിന്റ് നഗരത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടും. നഗരസഭ ചെയർമാൻ അബ്ബാസ് ബീഗമാണ് പുതിയ കവാടം ഉദ്ഘാടനം ചെയ്തത്.
ഈ പദ്ധതിയുടെ ഭാഗമായി ഡിവൈഡറിൽ അലങ്കാര ചെടികളും മറ്റ് അലങ്കാര വസ്തുക്കളും സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഈ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ കാസർകോട് നഗരം കൂടുതൽ മനോഹരമാവുകയും നഗരത്തിന് ഒരു പുതിയ രൂപവും ഭാവവും കൈവരികയും ചെയ്യും.
നഗരത്തിലെ പ്രധാന പാതയായ എം ജി റോഡിൽ സ്ഥാപിച്ചിട്ടുള്ള ആകർഷകമായ സ്ട്രീറ്റ് ലൈറ്റുകൾ നഗരത്തിന് രാത്രിയിൽ പ്രത്യേക ഭംഗി നൽകുന്നുണ്ട്. പുതിയ ബസ് സ്റ്റാൻഡ് ജംഗ്ഷൻ മുതൽ പഴയ ബസ് സ്റ്റാൻഡ് വരെ എം ജി റോഡ് ഡിവൈഡറിലാണ് പുതുതായി തെരുവുവിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ അഡ്വ. വി എം മുനീർ ചെയർമാൻ ആയിരുന്ന സമയത്താണ് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടം നവീകരിക്കുന്നതിനുള്ള പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചത്. ഈ പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രവേശന കവാടം യാതാർഥ്യമായത്.
#Kasargod, #SelfiePoint, #KeralaTourism, #CityDevelopment, #TravelKerala, #BeautifulKasargod