Achievement | കാസർകോട്ടെ യുവ അധ്യാപകന് മെന്റലിസത്തിൽ ലോക റെകോർഡ്; അഭിമാനമായി ഹാമിദ് സഈദ് ഹിമമി സഖാഫി
● വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി.
● റോപ് എസ്കേപ് അവതരിപ്പിച്ചാണ് നേട്ടം.
● വിദ്യാനഗർ ലാംഗ്വേജ് അക്കാദമിയിലെ പ്രിൻസിപ്പലാണ്
കാസർകോട്: (KasargodVartha) ജില്ലയ്ക്ക് അഭിമാനമായി യുവ അധ്യാപകൻ മെന്റലിസത്തിൽ ലോക റെക്കോർഡ് കരസ്ഥമാക്കി. ആലംപാടി സ്വദേശി ഹാമിദ് സഈദ് ഹിമമി സഖാഫി ആണ് വേൾഡ് ബുക്ക് ഓഫ് റെകോർഡ്സിൽ ഇടം നേടിയത്. കേരള സ്കൂൾ ഓഫ് മെന്റലിസത്തിലൂടെ മെന്റലിസം എഫക്ട് ആൻഡ് റോപ് എസ്കേപ് എന്ന ഇനം അവതരിപ്പിച്ചാണ് ഈ ശ്രദ്ധേയമായ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്.
കേരളത്തിൽ പ്രഗത്ഭരായ നിരവധി മെന്റലിസ്റ്റുകൾ ഉണ്ടെങ്കിലും, ഒരു മദ്രസ അധ്യാപകൻ ഈ രംഗത്ത് ലോക റെകോർഡ് നേടുന്നത് ഇതാദ്യമാണ്. വിദ്യാനഗറിലെ ലാംഗ്വേജ് അക്കാദമി എന്ന സ്ഥാപനത്തിലെ പ്രിൻസിപൽ കൂടിയാണ് ഹാമിദ് സഈദ്. അദ്ദേഹത്തിന്റെ അസാധാരണമായ കഴിവും കഠിനാധ്വാനവുമാണ് ഈ ഉന്നത നേട്ടത്തിന് പിന്നിൽ.
വിദ്യാഭ്യാസ രംഗത്തും സജീവമാണ് ഹാമിദ് സഈദ്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ബിരുദവും, ടി.എസ്.എസ്.ആർ കൗൺസിലിന് കീഴിൽ കൗൺസിലിങ്ങിൽ ഡിപ്ലോമയും അദ്ദേഹം നേടിയിട്ടുണ്ട്. പുത്തിഗെ മുഹിമ്മാത്ത്, കാരന്തൂർ മർകസു സഖാഫതി സുന്നിയ്യ എന്നിവിടങ്ങളിൽ നിന്ന് മത ബിരുദവും കരസ്ഥമാക്കി. പഠനത്തോടുള്ള അദ്ദേഹത്തിന്റെ താല്പര്യം ഇവിടെ അവസാനിക്കുന്നില്ല. നിലവിൽ മൗലാന ആസാദ് നാഷണൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ സൈകോളജി ബിരുദവും പഠിച്ചു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം എറണാകുളം അങ്കമാലിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് ഹാമിദ് സഈദിന് റെക്കോർഡ് സർട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചത്. മുൻ സൈനിക ഓഫീസർ മേജർ രവി റെക്കോർഡ് സർട്ടിഫിക്കറ്റും, പ്രശസ്ത ബ്രാൻഡ് കിംഗ് മുകേഷ് എം നായർ മെഡലും സമ്മാനിച്ചു.
കാസർകോട് ജില്ലാ മുസ്ലിം ഓർഫനേജ് പ്രസിഡന്റ് എസ്എ അബ്ദുൽ ഹമീദ് മുസ്ലിയാർ ആലംപാടി - ബന്തടുക്ക പടുപ്പ് സ്വദേശിനി ഖദീജ ദമ്പതികളുടെ മകനാണ് ഹാമിദ് സഈദ്. ചെറുപ്പത്തിൽത്തന്നെ അസാമാന്യ കഴിവുകൾ പ്രകടിപ്പിച്ചിരുന്ന ഹാമിദ്, തന്റെ കഠിനാധ്വാനം കൊണ്ടും സ്ഥിരോത്സാഹം കൊണ്ടും ലോകത്തിന്റെ നെറുകയിൽ എത്തുകയായിരുന്നു
#Mentalism #WorldRecord #Kasargod #Kerala #India #Achievement