Achievement | എസ്എസ്എഫ് ദേശീയ സാഹിത്യോത്സവിൽ തിളങ്ങി കാസർകോട്ടെ മിസ്ഹബും മുഹ്സിനും
● വിവിധ മത്സരങ്ങളിൽ മികച്ച സ്ഥാനങ്ങൾ നേടി
● യൂണിറ്റ് മുതൽ ദേശീയ തലം വരെ മികച്ച പ്രകടനം
കാസർകോട്: (KasargodVartha) ഗോവയിൽ നടന്ന എസ്എസ്എഫ് ദേശീയ സാഹിത്യോത്സവത്തിൽ തിളങ്ങി കാസർകോട്ടെ പ്രതിഭകൾ. ചെർക്കള സൈനബ് ബി എഡ് സെന്റർ വിദ്യാർഥിയായ മിസ്ഹബ് അബ്ദുൽ മജീദ് കോട്ടക്കുന്നിന് കാമ്പസ് ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും ദേളി ജാമിഅ സഅദിയ്യ അറബിയ്യ ഹിഫ്സുൽ ഖുർആൻ കോളജ് വിദ്യാർത്ഥിയായ മുഹ്‌സിൻ പള്ളങ്കോട് ജൂനിയർ വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തിൽ രണ്ടാം സ്ഥാനവും നേടി.
യൂണിറ്റ്, സെക്ടർ, ഡിവിഷൻ, ജില്ല, സംസ്ഥാന മത്സരങ്ങളിലൂടെയാണ് ഇരുവരും ദേശീയ സാഹിത്യോത്സവിന് യോഗ്യത നേടിയത്. നിരവധി ക്വിസ് മത്സരങ്ങളിൽ മുമ്പും സമ്മാനങ്ങൾ നേടിയിട്ടുള്ള മൊഗ്രാൽ പുത്തൂർ കോട്ടക്കുന്നിലെ മിസ്ഹബ്, അടുത്ത് നടന്ന കേരള കേന്ദ്ര സർവകലാശാല വിദ്യാഭ്യാസ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എൻലൈറ്റൻഡ് 2കെ24 ലെ ക്വിസ് മത്സരത്തിലും രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. മർകസുൽ മൈമൻ പൂർവ വിദ്യാർത്ഥിയായ മിസ്ഹബിനെ മർകസുൽ മൈമൻ അഭിനന്ദിച്ചു.
മുഹ്‌സിൻ പള്ളങ്കോട് കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനിയുടെ മകനാണ്. കൂടാതെ ജനറൽ വിഭാഗം ഇംഗ്ലീഷ് പദ്യം പാരായണ മത്സരത്തിൽ സഅദിയ്യ ശീഅത്ത് കോളേജ് വിദ്യാർത്ഥി കർണാടകയിലെ ജഅഫർ ഒന്നാം സ്ഥാനം നേടി. കാമ്പസ് വിഭാഗം മാഗസിൻ മത്സരത്തിൽ (ഗേൾസ്) സഅദിയ്യ അറബിക് കോളജ് വിദ്യാർഥിനികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
എസ്എസ്എഫ് കാസർകോട് ജില്ലാ കമ്മിറ്റി നേട്ടങ്ങൾക്ക് അഭിനന്ദനം അറിയിച്ചു. രണ്ടുദിവസമായി നടന്ന ദേശീയ സാഹിത്യോത്സവിൽ 25 സംസ്ഥാനങ്ങളിൽനിന്നും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 1500- ലധികം പ്രതിഭകൾ മത്സരിച്ചു. യൂണിറ്റ് മുതൽ സംസ്ഥാനതലം വരെ മത്സരിച്ച് വിജയികളായവരായിരുന്നു ദേശീയ സാഹിത്യോത്സവിലെ മത്സരാർഥികൾ.
#SSF #LiteratureFestival #Kasargod #Kerala #India #Students #Achievement