city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tradition | ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച കാസർകോട് സാരി വമ്പൻ കുതിപ്പിലേക്ക്; പുതിയ ഡിസൈനർ എത്തി; നെയ്ത്തുശാലയിലേക്ക് പുതുതായി 20 പേർക്കുള്ള പരിശീലനം ഏപ്രിലിൽ തുടങ്ങും

Kasargod saree weaving process
KasargodVartha Photo

● പുത്തൻ ഡിസൈനുകൾ വിപണിയിൽ ലഭ്യമാകും.
● അലക്കുന്തോറും തിളക്കം കൂടുന്ന സാരി.
● കേരളത്തിന് അകത്തും പുറത്തും വലിയ ഡിമാൻഡാണ്.
● നൂതനമായ നാല് രൂപത്തിലുള്ള പുതിയ സാരികൾ പണിപ്പുരയിലാണ്.

കാസർകോട്: (KasargodVartha) ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കാസർകോട് സാരി വമ്പൻ കുതിപ്പിലേക്ക്. പുതിയ ഡിസൈനർ എത്തുകയും ഇരുപത് പേർക്ക് നെയ്ത്ത് ശാലയിൽ പരിശീലനം നൽകി സ്ഥാപനത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നതോടെ കാസർകോട് സാരിയുടെ മുഖച്ഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. അലക്കുംതോറും തിളക്കം കൂടുമെന്നതാണ് കാസർകോട് സാരിയുടെ പ്രധാന സവിശേഷത.

Kasargod saree weaving process

നെയ്യുന്നതിന് മുൻപ് പശ തേച്ച് പിടിപ്പിക്കുന്ന പരമ്പരാഗത രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായി നെയ്യുമ്പോഴും പശ തേച്ച് പിടിപ്പിക്കുന്ന സമ്പ്രദായമാണ് കാസർകോട് സാരിയുടെ ഗുണമേന്മയുടെ രഹസ്യം. മുപ്പത് വർഷം മുൻപ് താൻ വാങ്ങിയ കാസർകോട് സാരി ഇപ്പോഴും ഉടുത്ത് വരാറുണ്ടെന്നും ഒരു നൂലിഴ പോലും പൊട്ടുകയോ തിളക്കം മങ്ങുകയോ ചെയ്തിട്ടില്ലെന്ന് കാസർകോട് സാരിയിൽ മല്ലി ചുറ്റൽ ജോലി ചെയ്യുന്ന ബോവിക്കാനത്തെ സദാരമ പറയുന്നു.

Kasargod saree weaving process

നബാർഡിന്റെയും ബേക്കലിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഗേറ്റ് വേ ഹോട്ടലിന്റെയും സഹായത്തോടെ ഇരുപത് പേർക്ക് പുതുതായി പരിശീലനം നൽകി സ്ഥാപനത്തിന്റെ ഭാഗമാക്കുക എന്ന ദൗത്യമാണ് കാസർകോട് സാരിയുടെ ഉത്പാദകരായ കാസർകോട് കോ ഓപറേറ്റീവ് വീവേഴ്സ് സൊസൈറ്റി ലക്ഷ്യമിടുന്നതെന്ന് സെക്രടറി വി എൻ അനിത കാസർകോട് വാർത്തയോട് പറഞ്ഞു. 1938 ലാണ് കാസർകോട് വീവേഴ്സ് സൊസൈറ്റി ആരംഭിക്കുന്നത്. 

Kasargod saree weaving process

ചൂരിദാർ, മുണ്ട്, ലുങ്കി, ബനിയൻ, യൂണിഫോമുകൾ എന്നിവ അടക്കം നെയ്ത് സർകാരിനുൾപ്പെടെ നൽകുന്നുണ്ടെങ്കിലും കാസർകോട് സാരിക്കാണ് പ്രഥമ സ്ഥാനമെന്ന് തൊഴിലാളികൾ പറയുന്നു. ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഇരുപതോളം പേർക്ക് പരിശീലനം നൽകി കാസർകോട് സാരി കുതിപ്പിനൊരുങ്ങുന്നത്. കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖറിന്റെ നിർദേശപ്രകാരം ജില്ലാ ഭരണകൂടം മുൻകൈ എടുത്ത് കാസർകോട് സാരിയെ ഉന്നതിയിലെത്തിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ആദിൽ മുഹമ്മദ് എന്ന സ്പെഷ്യൽ ഓഫീസറെയും നിയമിച്ചിട്ടുണ്ട്.

Kasargod saree weaving process

ഇതുകൂടാതെ ഹാൻഡ്‌ലൂമിൽ നിന്നും പുതിയ ഡിസൈനറെയും കാസർകോട് സാരിയിൽ ഡെപ്യൂടേഷനിൽ നിയമിച്ചിട്ടുണ്ട്. പരമ്പരാഗത കരകൗശല വൈദഗ്ദ്ധ്യം തുളുമ്പുന്ന കാസർകോട് സാരിക്ക് കേരളത്തിന് അകത്തും പുറത്തും വലിയ ഡിമാന്റാണ് ഉള്ളത്. ഒരിക്കൽ ഉപയോഗിച്ചവർ വീണ്ടും വീണ്ടും കാസർകോട് സാരിയെ തേടിയെത്തുന്നു എന്നതും പ്രത്യേകതയാണ്. നൂതനമായ നാല് രൂപത്തിലുള്ള പുതിയ സാരികൾ പണിപ്പുരയിലാണെന്ന് ഡിസൈനറായ യുവതി പറഞ്ഞു. 50 വർഷത്തിലേറെ കാസർകോട് സാരിയുടെ നെയ്ത്ത് ശാല നിയന്ത്രിച്ചു വന്ന സദാശിവനും ചന്ദ്രശേഖരനുമാണ് പുതുതായി എത്തുന്നവർക്ക് പരിശീലനം നൽകുക. 

Kasargod saree weaving process

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലെ നാല് പഞ്ചനക്ഷത്ര ഹോടലുകളിലും നിരവധി ഹോംസ്റ്റേകളിലും എത്തുന്ന വിദേശികളടക്കമുള്ള സഞ്ചാരികളിലും കാസർകോട് സാരിയുടെ പ്രചാരം വർധിച്ചു വരികയാണ്. കേരള സർകാരിന്റെ കേരള ബ്രാൻഡിലും കാസർകോട് സാരി ഇടം പിടിച്ചിട്ടുണ്ട്. 1600 രൂപ മുതൽ 2500 രൂപ വരെയാണ് കാസർകോട് സാരിയുടെ വില. കാസർകോട് സാരിയുടെ പ്രധാന ഓഫീസിലും ഹാൻഡ്‌ലൂം ഷോറൂമുകളിലും സർകാരിന്റേതുമടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലും കാസർകോട് സാരി ലഭിക്കും. ഇതുകൂടാതെ ഓൺലൈൻ വഴി ബുക് ചെയ്ത് കാസർകോട് സാരി വാങ്ങാൻ കഴിയും. 

ചന്ദ്രഗിരി പുഴയുടെ അപ്പുറത്തുള്ള നെയ്ത്ത് രീതിയും ചന്ദ്രഗിരിക്ക് പുഴയുടെ ഇപ്പുറത്തുള്ള നെയ്ത്ത് രീതിയുമാണ് കാസർകോട് സാരിയെ വ്യത്യസ്തമാക്കുന്നത്. കാസർകോട് സാരി ഉടുത്തു കഴിഞ്ഞാൽ വൈകുന്നേരം വരെ അതിന്റെ പ്രസരിപ്പും പ്രസന്നതയും നിലനിൽക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കാസർകോട് ജില്ലയിലെ ടൂറിസം മേഖലയിലെ ഉയർച്ച വിനോദ സഞ്ചാരികൾക്കിടയിൽ കാസർകോട് സാരിയുടെ ജനപ്രീതി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. 

 Kasargod saree weaving process

കൈകാര്യം ചെയ്യാനുള്ള എളുപ്പവും പൊട്ടി പോകാതിരിക്കാനുള്ള പ്രതിരോധവും കൊണ്ട് ബെഡ്ഷീറ്റുകൾക്ക് സാധാരണയായി ഉപയോഗിക്കുന്ന കട്ടിയുള്ള നൂൽ ഉപയോഗിച്ചാണ് പുതുതായി എത്തുന്നവർക്ക് പരിശീലനം ആരംഭിക്കുക. മല്ലി ചുറ്റൽ, വൈൻഡിംഗ്, വീവിംഗ് എന്നിവയിലടക്കം തുടക്കത്തിൽ പരിശീലനം നൽകും. നെയ്ത്തിന്റെ അടിസ്ഥാന കാര്യങ്ങളിൽ പ്രാവീണ്യം നേടിക്കഴിഞ്ഞാൽ മാത്രമേ സാരി നിർമാണത്തിനുപയോഗിക്കുന്ന നേർത്തതും മൃദുവുമായ നൂലിലേക്ക് മാറാൻ കഴിയുകയുള്ളൂ. ഇതിന് ഇവർക്ക് ഒരു വർഷത്തിലധികം സമയം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

പരിശീലനം നൽകുന്നതിനായി ഇരുപതോളം മഗ്ഗവും ചർക്കയും സജ്ജമാക്കി കഴിഞ്ഞു. മഴക്കാലം, തണുപ്പുകാലം, ചൂടുകാലം എന്നിങ്ങനെയുള്ള സമയത്തെല്ലാം നൂലിൽ തേച്ചുപിടിപ്പിക്കുന്ന പശയ്ക്ക് വ്യത്യാസമുണ്ട്. നൊറിഞ്ഞുടുത്താൽ അതുപോലെ നിൽക്കുമെന്നത് കാസർകോട് സാരിക്ക് മാത്രമുള്ള മറ്റൊരു പ്രത്യേകതയാണ്. വിഷു, ഓണം തുടങ്ങിയ വിശേഷ നാളുകളിൽ കാസർകോട് സാരിക്ക് ഓർഡറുകൾ വൻതോതിൽ കിട്ടുന്നു. ഡിസൈനിൽ അടക്കം ആധുനികവത്കരണം നടത്തി കാസർകോടിന്റെ പ്രസക്തി വാനോളം ഉയർത്താനുള്ള ശ്രമമാണ് ഇപ്പോൾ നടന്നു വരുന്നത്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

 

Kasargod saree, after being included in the World Heritage List, is seeing a major boost with new training programs and a fresh designer to enhance its global reach.

#KasargodSaree #Heritage #Tradition #Design #Craftsmanship #Tourism

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia