Protest | നുള്ളിപ്പാടിയിൽ അടിപ്പാതയ്ക്കായി കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി
● 'ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയവ ഒറ്റപ്പെട്ട നിലയിൽ'
● 'ആയിരക്കണക്കിന് ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നു'
● 'വിദ്യാർത്ഥികൾ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് സ്കൂളിൽ എത്തുന്നത്'
കാസർകോട്: (KasargodVartha) നുള്ളിപ്പാടി ദേശീയപാതയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. നാടിനെ രണ്ടായി വിഭജിച്ചുകൊണ്ടുള്ള ദേശീയപാത നിര്‍മ്മാണം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.
2024 ജനുവരി 11 മുതല്‍ പല ഘട്ടങ്ങളിലായി നടന്ന സമരങ്ങള്‍ക്ക് ശേഷമാണ് കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. അടിപ്പാത അനുവദിച്ചില്ലെങ്കിൽ പ്രതിസന്ധികൾ നിരവധിയാണ്. ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവ ഒറ്റപ്പെട്ട നിലയിലാണ്. വിദ്യാർത്ഥികൾ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് സ്കൂളിൽ എത്തുന്നത്. ആയിരക്കണക്കിന് ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതായിരിക്കുകയാണെന്നും മാര്‍ച്ചില്‍ പങ്കെടുത്തവർ പറഞ്ഞു.
പലഘട്ടങ്ങളിലും കലക്ടറേയും അധികാരികളെയും ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടും തീരുമാനമാകാതെ വന്നപ്പോഴാണ് നുള്ളിപ്പാടിയിലെ മുഴുവന്‍ ബഹുജനങ്ങളെയും അണിനിരത്തി കലക്ടറേറ്റ് മാര്‍ച്ചുമായി സമരസമിതി മുന്നോട്ട് പോയത്. അടിപ്പാതയുടെ കാര്യത്തില്‍ തീരുമാനമാകും വരെ സമരത്തില്‍ ഉറച്ചുനില്‍ക്കാനാണ് സമരസമിതിയുടെ തീരുമാനം.
നുള്ളിപ്പാടി ദേശീയപാതയില്‍ അടിപ്പാത നിര്‍മ്മാണം ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച് നടത്തിയ പ്രതിഷേധത്തിന് വന്‍ പങ്കാളിത്തമാണ് ലഭിച്ചത്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും അടിപ്പാത നിര്‍മ്മാണം അനിവാര്യമാണെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
മാർച് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി രമേശ് അധ്യക്ഷത വഹിച്ചു. അനിൽ ചെന്നിക്കര സ്വാഗതം പറഞ്ഞു. എ വേലായുധൻ, കെഎ മുഹമ്മദ് ഹനീഫ്, എം രാജീവൻ നമ്പ്യാര്‍, വി രാജൻ, ടി പി ഇല്ല്യാസ്, അസീസ് കടപ്പുറം, അമീർ പള്ളിയാന്‍, ഹാരിസ് നുള്ളിപ്പാടി, വരപ്രസാദ്, പി ശാരദ തുടങ്ങിയവർ പങ്കെടുത്തു.
#KasargodProtests #NationalHighway #Underpass #KeralaNews #IndiaNews #RoadConstruction