city-gold-ad-for-blogger

അറവുശാലയിലേക്കു കൊണ്ടുവന്ന പോത്ത് വിരണ്ടോടി കടൽക്കരയിൽ കളിച്ചുകൊണ്ടിരുന്ന 12-കാരനെ ഇടിച്ചു തെറിപ്പിച്ചു; കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി

Kerala Government's Special Representative K V Thomas's 2023 Letter Supporting AIIMS for Kasargod Release
Photo: Arranged


● കാവുഗോളി കടപ്പുറത്തെ രാജേഷിന്റെ മകൻ അദ്വൈതിനാണ് പരിക്കേറ്റത്.
● വിരണ്ട പോത്ത് കുട്ടിയെ ഇടിച്ചു തെറിപ്പിച്ച് കടലിലേക്ക് വീഴ്ത്തുകയായിരുന്നു.
● അപകടത്തിൽ അദ്വൈതിൻ്റെ മൂക്കിന് പൊട്ടലും കൈക്കും കാലിനും പരിക്കേറ്റു.
● മംഗളൂറില്‍നിന്നു കൊണ്ടുവന്ന പോത്തിനെ മൊഗ്രാലിൽ ലോറിയിൽനിന്ന് ഇറക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്.
● അഗ്നി രക്ഷാ സേന വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും പോത്തിനെ ഇതുവരെ പിടികൂടാനായിട്ടില്ല.

കാസർകോട്: (KasargodVartha) അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്ത് വിരണ്ടോടുന്നതിനിടെ കടൽക്കരയിൽ കളിച്ചുകൊണ്ടിരുന്ന 12-കാരനെ ഇടിച്ചു തെറുപ്പിച്ചു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവം കാസർകോട് പ്രദേശത്ത് പരിഭ്രാന്തി പരത്തിയിരിക്കുകയാണ്.

കാവുഗോളി കടപ്പുറത്തെ രാജേഷിന്റെ മകൻ അദ്വൈതിനാണ് പരിക്കേറ്റത്. കുട്ടിയുടെ മൂക്കിന് പൊട്ടലുണ്ടെന്നും, കാലിനും കൈക്കും പരിക്കേറ്റതായും ഡോക്ടർമാർ അറിയിച്ചു. അടുക്കത്ത് ബയൽ സ്കൂളിലെ ഏഴാംതരം വിദ്യാർത്ഥിയാണ് അദ്വൈത്. അവധി ദിനമായ ഞായറാഴ്ച (19.10.2025) വൈകിട്ട് വീട്ടിനടുത്തുള്ള കടൽത്തീരത്ത് കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്.

മംഗളൂറിൽ നിന്നു അറവുശാലയിലേക്കു കൊണ്ടുവന്ന പോത്ത് മൊഗ്രാലിൽ ലോറിയിൽ നിന്നും ഇറക്കുന്നതിനിടയിലാണ് വിളറി പിടിച്ച് രക്ഷപ്പെട്ടത്. പോത്ത് റെയിൽവേ ട്രാക്ക് വഴി ഓടിയാണ് കാവുഗോളി കടപ്പുറത്തേക്ക് എത്തിയത്. അവിടെ കളിച്ചു കൊണ്ടിരുന്ന അദ്വൈതിനെ ഇടിച്ചു തെറിപ്പിച്ച പോത്ത് കുട്ടിയെ കടലിലേക്കു വീഴ്ത്തുകയായിരുന്നു.

കുട്ടി കടലിലേക്ക് വീണതിനെത്തുടർന്ന് അപകടം കണ്ട നാട്ടുകാർ ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം നടത്തുകയും കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അതേസമയം, വിവരം ലഭിച്ചതിനെത്തുടർന്ന് അഗ്നി രക്ഷാ സേന സ്ഥലത്തെത്തി. ഓഫീസർ സുകുവിൻ്റെ നേതൃത്വത്തിലുള്ള സംഘം പോത്തിനെ കണ്ടെത്താൻ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും അക്രമാസക്തനായ പോത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

സമീപപ്രദേശങ്ങളിലെ കാട്ടിൽ പോത്തിനെ കണ്ടതായി പ്രദേശവാസികൾ പറയുന്നുണ്ട്. പോത്ത് ഇനിയും നാട്ടിലിറങ്ങി അപകടമുണ്ടാക്കുമോയെന്ന പേടിയിലാണ് ജനങ്ങൾ. പോത്തിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക.

Article Summary: Twelve year old boy injured after being hit by a raging bull near Kasargod beach.

#Kasargod #BullAttack #Kavugoli #Advait #Hospitalized #FireForceSearch

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia