city-gold-ad-for-blogger

ദുരിതത്തിന് മേൽ ദുരിതം: സംരംഭകന്റെ കോഴിവളർത്തൽ കേന്ദ്രം നായ്ക്കൾ തകർത്തു

Damaged poultry farm after a stray dog attack in Kasaragod, showing dead chickens.
Photo: Arranged

● പുലർച്ചെ 5.30 ഓടെയായിരുന്നു നായകളുടെ ആക്രമണം.
● 5000 രൂപ വിലമതിക്കുന്ന 6 പൂവൻകോഴികളും നഷ്ടപ്പെട്ടു.
● മുൻപ് കൈകൾക്ക് അപകടം പറ്റി ഇലക്ട്രീഷ്യൻ ജോലി നഷ്ടപ്പെട്ടു.
● സർക്കാർ സഹായത്തോടെ ഹാച്ചറി ആരംഭിക്കാൻ ശ്രമിച്ചിരുന്നു.
● തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണം.

കാസർകോട്: (KasargodVartha) മധൂരിലെ കോഴിവളർത്തൽ കേന്ദ്രത്തിൽ തെരുവുനായ്ക്കൂട്ടം നടത്തിയ ആക്രമണത്തിൽ അമ്പതോളം കോഴികളെയും താറാവുകളെയും നഷ്ടപ്പെട്ട് സംരംഭകൻ സഫ്‌വാൻ കണ്ണീരിലായി. 

വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. മധൂർ പട്‌ള ചെന്നിക്കൂടലിലെ തോട്ടത്തിനകത്ത് സഫ്‌വാൻ നടത്തിവന്ന കോഴിവളർത്തൽ കേന്ദ്രത്തിലാണ് നായ്ക്കൾ കൂട്ടത്തോടെയെത്തി നാശം വിതച്ചത്. ഏകദേശം 5000 രൂപ വിലമതിക്കുന്ന ആറ് പൂവൻകോഴികളും ചത്തവയിൽപ്പെടുന്നു.

വ്യാഴാഴ്ച വൈകുന്നേരം തീറ്റയും വെള്ളവും നൽകി കോഴിക്കൂട് അടച്ചുപോയ സഫ്‌വാൻ പിറ്റേന്ന് പുലർച്ചെ സമീപവാസികൾ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് നായ്ക്കളുടെ പരാക്രമം കാണുന്നത്. വടിയെടുത്ത് ഓടിച്ചാണ് മറ്റ് കോഴികളെ രക്ഷിച്ചത്. ഏകദേശം അര ലക്ഷം രൂപയുടെ നഷ്ടമാണ് സഫ്‌വാന് കണക്കാക്കുന്നത്.

ഇലക്ട്രീഷ്യനായിരുന്ന സഫ്‌വാന് ഏതാനും വർഷം മുമ്പ് കട്ടർ മെഷീൻ ഉപയോഗിച്ച് ജോലി ചെയ്യുമ്പോൾ വലിയ അപകടം സംഭവിച്ചിരുന്നു. വൈദ്യുതി പ്രവാഹം നിലച്ചപ്പോൾ മെഷീൻ മാറ്റിവെക്കുന്നതിനിടെ വീണ്ടും വൈദ്യുതി വന്ന് മെഷീൻ പ്രവർത്തിക്കുകയും ഇരുകൈകളും അറ്റുതൂങ്ങുകയും ചെയ്തു. 25 ലക്ഷത്തോളം രൂപയുടെ ചികിത്സയിലൂടെയാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

ഇലക്ട്രീഷ്യൻ ജോലി തുടരാൻ കഴിയാതെ വന്നതോടെയാണ് സഫ്‌വാൻ നാടൻ കോഴിവളർത്തൽ കേന്ദ്രം ആരംഭിച്ചത്. സർക്കാരിന്റെ സഹായത്തോടെ ഹാച്ചറി ഉൾപ്പെടെ സ്ഥാപിച്ച് കോഴിവളർത്തലും മുട്ട ഉൽപ്പാദനവും വിപുലീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്. 

തന്റെ പ്രതീക്ഷകളെയാണ് തെരുവുനായ്ക്കൾ തകർത്തതെന്നും, ജീവിതോപാധികളെയും ജനങ്ങളുടെ ജീവനും ഭീഷണിയുയർത്തുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്നും സഫ്‌വാൻ ആവശ്യപ്പെട്ടു.

ഈ വാർത്ത പങ്കുവയ്ക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക

  

Article Summary: Entrepreneur's poultry farm destroyed by stray dogs in Kasaragod.

#StrayDogAttack #Kasaragod #PoultryFarm #Entrepreneur #AnimalAttack #KeralaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia