Public Demand | അടിസ്ഥാന സൗകര്യങ്ങളില്ല; കാസർകോട് പാസ്‌പോർട്ട് സേവ കേന്ദ്രം അവഗണനയിൽ തന്നെ; നടപടി വേണമെന്ന് ആവശ്യം
● 2017-ൽ പ്രവർത്തനം ആരംഭിച്ച ഈ കേന്ദ്രം ഇപ്പോഴും രണ്ട് ചെറിയ മുറികളിലാണ് പ്രവർത്തിക്കുന്നത്.
● ഇരിക്കാനോ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ ഉള്ള സൗകര്യങ്ങളും ഇവിടെയില്ല.
● കൈക്കുഞ്ഞുങ്ങളുമടക്കമുള്ള സ്ത്രീകളും, പുരുഷന്മാരും, പ്രായമായവരും ടോകൺ വിളിക്കുന്നതുവരെ പുറത്ത് കാത്തുനിൽക്കണം.
കാസർകോട്: (KasargodVartha) അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം കാസർകോട് പാസ്‌പോർട്ട് സേവ കേന്ദ്രം അവഗണനയിൽ തുടരുന്നു. നിലവിൽ പാസ്പോർട്ട് സേവ കേന്ദ്രത്തിൽ അപേക്ഷകർക്ക് കാത്തിരിക്കാൻ പര്യാപ്തമായ സൗകര്യം ഇല്ലാത്തതിനാൽ പലപ്പോഴും പിഞ്ചു കുഞ്ഞുങ്ങൾ അടങ്ങുന്ന കുടുംബങ്ങൾക്ക് കനത്ത വെയിലും വാഹനങ്ങളിൽ നിന്നുള്ള പുകയും അല്ലെങ്കിൽ കോരിച്ചൊരിയുന്ന മഴയും ഏൽക്കേണ്ടി വരുന്ന അവസ്ഥയാണ്.
2017-ൽ പ്രവർത്തനം ആരംഭിച്ച ഈ കേന്ദ്രം ഇപ്പോഴും രണ്ട് ചെറിയ മുറികളിലാണ് പ്രവർത്തിക്കുന്നത്.
നൂറ് കണക്കിന് അപേക്ഷകർ ദിനംപ്രതി ഇവിടെ എത്തുന്നുണ്ട്. അവർക്ക് ഇരിക്കാനോ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ ഉള്ള സൗകര്യങ്ങളും ഇവിടെയില്ല. പോസ്റ്റ് ഓഫീസിലേക്ക് നടന്നുകയറുന്ന വഴിയിലാണ് സേവാകേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ അപേക്ഷകർ ക്യൂ നിൽക്കേണ്ടത്. കൈക്കുഞ്ഞുങ്ങളുമടക്കമുള്ള സ്ത്രീകളും, പുരുഷന്മാരും, പ്രായമായവരും ടോകൺ വിളിക്കുന്നതുവരെ പുറത്ത് കാത്തുനിൽക്കണം.
കെട്ടിടം മാറ്റാനുള്ള നിർദേശം നിലവിൽ
കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസിലെ മറ്റൊരു ഭാഗത്തേക്ക് പാസ്‌പോർട്ട് സേവ കേന്ദ്രം മാറ്റാനുള്ള ആലോചനകൾ നേരത്തെ ഉണ്ടായിരുന്നു. കോഴിക്കോട് ഉള്ള നോർത്ത് റീജിയൻ ഓഫീസ് ഇക്കാര്യം പരിശോധിച്ചിരുന്നു. കെട്ടിടം പരിശോധിച്ച് ഫിറ്റ്നസ് നൽകുന്നതിനായി എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ വന്നിരുന്നു. കെട്ടിടത്തിന്റെ തൂണുകൾ ഉറപ്പുള്ളതാണെന്ന് വിലയിരുത്തിയിരുന്നു.
മേൽഭാഗത്തുള്ള മുറികൾ ഉപയോഗശൂന്യമായി കിടന്നതിനാൽ മരത്തിന്റെ വേരുകൾ പടർന്നത് കാരണം അത് എടുത്തു മാറ്റാനും റീപ്ലാസ്റ്ററിങ് ചെയ്യാനുമുള്ള നടപടികൾക്ക് വേണ്ടി റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. എന്നാൽ തുടർന്നുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല.
ചെർക്കളയിൽ പുതിയ കെട്ടിടത്തിനുള്ള നിർദേശം
ചെർക്കളയിൽ തപാൽ വകുപ്പിന്റെ കയ്യിലുള്ള സ്ഥലത്ത് പുതിയ പോസ്റ്റ് ഓഫീസും പാസ്‌പോർട്ട് സേവ കേന്ദ്രവും നിർമ്മിക്കുന്നതിനുള്ള ഒരു നിർദേശം നേരത്തെ എംപി മുഖേന നൽകിയിരുന്നു. എന്നാൽ നിലവിൽ കുമ്പള പോസ്റ്റ് ഓഫീസിനുള്ള കെട്ടിട നിർമാണത്തിനാണ് അനുമതി ലഭിച്ചിട്ടുള്ളത്. 1.5 കോടിയോളം രൂപയാണ് കുമ്പള പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് വേണ്ടി അനുവദിക്കപ്പെട്ടിട്ടുള്ളത്.
പരിഹാരം വേണം
ഇതിനിടെ പാസ്‌പോർട്ട് സേവകേന്ദ്രത്തിലെ സൗകര്യക്കുറവിന് പരിഹാരം തേടി മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി നാസർ ചെർക്കളം നോർത്ത് റീജ്യൻ പോസ്റ്റ് മാസ്റ്റർ ജനറലിന് നിവേദനം നൽകി. കാസർകോട് ടൗണിലെ ഹെഡ് പോസ്റ്റ് ഓഫീസിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ അപേക്ഷകർക്ക് അനുഭവപ്പെടുന്ന അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയ നാസർ ചെർക്കളം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.
അധികൃതർ ഈ വിഷയത്തിൽ ഉടൻ തന്നെ ഇടപെടുകയും, കേന്ദ്രത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് പൊതുജനങ്ങളും ചൂണ്ടിക്കാട്ടുന്നു. ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ഒത്തൊരുമിച്ച് പ്രവർത്തിച്ച് ഈ പ്രശ്‌നത്തിന് സ്ഥിരമായ പരിഹാരം കാണണമെന്നാണ് ഉയരുന്ന ആവശ്യം.
#Kasargod #PassportServices #Infrastructure #PublicDemand #FacilitiesNeeded #KeralaNews