city-gold-ad-for-blogger

കാസർകോട് മുന്നോട്ട്: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയും അതിദാരിദ്ര്യ മുക്തിയും കൈവരിച്ച ആദ്യ ജില്ല!

Kasaragod District Panchayat achieving digital literacy award
KasargodVartha Photo

● വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ 62 കോടി രൂപയുടെ വികസനം.
● കാർഷിക-മൃഗസംരക്ഷണ മേഖലകളിൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ പ്രത്യേക പദ്ധതികൾ നടപ്പാക്കി.
● ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളുടെ വികസനത്തിനും ഊന്നൽ.
● റോഡ്, കെട്ടിട നിർമ്മാണങ്ങൾ, കളിസ്ഥലങ്ങൾ, കുടിവെള്ള പദ്ധതികൾ എന്നിവ വിജയകരമായി പൂർത്തിയാക്കി.
● ജില്ലയുടെ തനതു പക്ഷി, ജീവി, പൂവ്, മരം എന്നിവ പ്രഖ്യാപിച്ചു.

കാസർകോട്: (KasargodVartha) വികസനരംഗത്ത് നിരവധി സുപ്രധാന ഇടപെടലുകളിലൂടെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരിക്കുകയാണ് കാസർകോട് ജില്ല പഞ്ചായത്ത്. സാമൂഹിക വികസന സൂചികകളിൽ മുന്നിൽ നിൽക്കുമ്പോഴും അടിസ്ഥാന വികസന കാര്യങ്ങളിലെ വിടവുകൾ നികത്തുന്നതിന് 2020 മുതൽ ജില്ല പഞ്ചായത്ത് നിർണ്ണായകമായ ശ്രമങ്ങൾ ഏറ്റെടുത്തു. വിജ്ഞാന സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തി തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും ജില്ലയെ നിക്ഷേപ സംരംഭ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലും ജില്ലാ ആസൂത്രണ സമിതിയുടെ മേൽനോട്ടത്തിലും കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കിയത്.

അതിദാരിദ്ര്യ മുക്തിയും ജലബജറ്റും

കർമ്മ പദ്ധതികൾ തയ്യാറാക്കി ജില്ലയെ അതി ദാരിദ്ര്യ മുക്തമാക്കി. ജല ലഭ്യതയും ആവശ്യകതയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി രാജ്യത്ത് ആദ്യമായി മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി ജലബജറ്റ് തയ്യാറാക്കിയ ജില്ലയും കാസർകോടാണ്. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലാ ജലബജറ്റും ജല സുരക്ഷാ പ്ലാനും തയ്യാറാക്കി സമർപ്പിച്ചു. മണ്ണ് സംരക്ഷണ രംഗത്തും ജില്ല മാതൃകയായി. ജലജീവനം വിസിബി കുളം നിർമ്മാണം തുടങ്ങിയ ജലസംരക്ഷണ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കി.

കാർഷിക മൃഗസംരക്ഷണ മേഖലകളിൽ

കൃഷി ഫാമുകളുടെ സംരക്ഷണത്തിലൂടെ ഉത്പാദനക്ഷമതയും കാർഷികോല്പാദനവും വർദ്ധിപ്പിക്കുന്ന സവിശേഷ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടന്നത്. ജില്ലയുടെ ഭൂവിസ്തൃതിയുടെ മൂന്നിലൊന്ന് ഭാഗം കൃഷിക്കായി ഉപയോഗിക്കുന്നു. കർഷകരെ മണ്ണറിഞ്ഞ് കൃഷി ചെയ്യാൻ പര്യാപ്തമാക്കാനും തരിശുഭൂമി കൃഷിയുക്തമാക്കാനും പച്ചക്കറി നെൽകൃഷി മില്ലറ്റ് കൃഷി എന്നിവയുടെ വ്യാപനത്തിനുമുള്ള പദ്ധതികൾ നടപ്പാക്കി. ക്ഷീര വികസന മേഖലയിൽ സംസ്ഥാന സർക്കാരിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു. രണ്ട് ലക്ഷത്തി എട്ട് ആയിരം മെട്രിക് ടൺ പാൽ ഉത്പാദിപ്പിക്കുന്ന ജില്ലയിൽ ക്ഷീര കർഷകർക്ക് പാലിന് സബ്‌സിഡി പ്രവാസി സംരംഭക ഗ്രൂപ്പുകൾക്ക് മിനി ഡയറി ഫാം ക്ഷീരസംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് തുടങ്ങിയ പ്രോജക്റ്റുകൾക്ക് പ്രാധാന്യം നൽകി. മൃഗ സംരക്ഷണ മേഖലയിൽ എ.ബി.സി പദ്ധതി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവയ്ക്ക് നേതൃത്വം നൽകി. മത്സ്യ മേഖലയിൽ ഫൈബർ വള്ളം വല ഗിൽനെറ്റ് മത്സ്യകുഞ്ഞ് നിക്ഷേപം തുടങ്ങിയ പദ്ധതികളും നടപ്പാക്കി.

വിദ്യാഭ്യാസ ആരോഗ്യ മേഖല

ജില്ലാ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം രോഗി സൗഹൃദമാക്കുന്നതിനും ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പദ്ധതികൾ തയ്യാറാക്കി. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള എൺപത്തി നാല് വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യ വികസനം കെട്ടിട നിർമ്മാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി അറുപത്തി രണ്ട് കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി വിജയശതമാനം ഉയർത്താൻ സ്മാർട്ട് ക്ലാസ് വിതരണ പദ്ധതി നടപ്പാക്കി. ആർ.ഒ. പ്ലാന്റുകൾ സ്റ്റീം കുക്കർ ഉൾപ്പെടുത്തിയുള്ള അടുക്കളകൾ സോളാർ കളിസ്ഥലം എന്നിവ ഒരുക്കി വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങൾ ആക്കി.

സാമൂഹിക ക്ഷേമവും ഡിജിറ്റൽ മുന്നേറ്റവും

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ ജില്ലയായി മാറാൻ കാസർകോടിന് കഴിഞ്ഞു. സാക്ഷരതാ മിഷന്റെ ഇടപെടലിലൂടെ തുല്യതാ പാഠപുസ്തകങ്ങൾ കന്നട ഭാഷയിലേക്ക് തർജ്ജമ ചെയ്തു. കാഴ്ച പരിമിതി ഉള്ളവർക്ക് ബ്രയിൽ സാക്ഷരത പദ്ധതിയും നടപ്പിലാക്കി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനാണ് സവിശേഷ ശ്രദ്ധ നൽകിയത്. ഭിന്നശേഷി സൗഹൃദ ജില്ലയായി മാറാൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി. അഗതിരഹിത കേരളം പദ്ധതിക്ക് നേതൃത്വം നൽകി. വയോജന ക്ഷേമം മുൻനിർത്തി പോഷകാഹാരം നൽകുന്ന പാഥേയം പകൽ വിശ്രമകേന്ദ്രം മരുന്നും ചികിത്സയും പദ്ധതികൾ നടപ്പാക്കുന്നു. കുടുംബശ്രീയുമായി ചേർന്ന് വനിതാക്ഷേമ രംഗത്ത് ദർപ്പണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

മറ്റു നേട്ടങ്ങൾ

വ്യവസായ പാർക്ക് മെച്ചപ്പെടുത്തി ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ചു. അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുമായി സഹകരിച്ച് പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. ബേക്കൽ ടൂറിസം കാർണിവൽ സംഘടിപ്പിച്ചു. ഖാദി കേന്ദ്രങ്ങൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കി. ജില്ല ജൈവവൈവിധ്യ പരിപാലന സമിതിക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. ജില്ലയുടെ തനത് പക്ഷി ജീവി പൂവ് മരം എന്നിവയും കാർഷിക രംഗത്ത് തനതു തെങ്ങും വളർത്തു മൃഗവും പ്രഖ്യാപിച്ചു. പ്രകൃതി സംരക്ഷണത്തിന് ജൈവവൈവിധ്യ പരിപാലനത്തിനും പ്രത്യേക പുരസ്‌കാരങ്ങൾ ഏർപ്പെടുത്തി. അംഗൻവാടി കെട്ടിടങ്ങൾക്കുള്ള തുകയും ലൈഫ് ഭവന പദ്ധതിയിൽ ഇരുപത്തി മൂവായിരത്തി മുപ്പത് പേർക്കുള്ള ധനസഹായത്തിൽ ജില്ലാ പഞ്ചായത്തിന്റെ വിഹിതവും കൃത്യമായി നൽകി. ജെറിയാട്രിക് ഫുഡ് നിർമ്മാണം വനിതാ തൊഴിൽ സംരംഭങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് എന്നിവ നൽകി. അഞ്ഞൂറ്റി ഇരുപതിൽ കൂടുതൽ റോഡ് പ്രവർത്തികളും അഞ്ഞൂറ്റി ഇരുപത്തി അഞ്ച് കെട്ടിട നിർമ്മാണ പ്രവർത്തികളും ഇരുപത്തി എട്ട് കളിസ്ഥലങ്ങളും കുടിവെള്ള ജലസേചന പദ്ധതികളും നടപ്പാക്കി. കാസർകോടിന്റെ ബഹുസ്വരതയെ സംരക്ഷിച്ച് വികസനത്തിൽ തുല്യ നീതി ഉറപ്പാക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ജില്ല പഞ്ചായത്ത് ഇപ്പോൾ മുന്നോട്ട് പോകുന്നതെന്ന് അധികൃതർ അറിയിച്ചു.

ഈ വികസന വാർത്ത സുഹൃത്തുക്കളുമായി പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. 

Article Summary: Kasaragod becomes first district with full digital literacy, extreme poverty eradication, and water budget.

#Kasaragod #DigitalLiteracy #KeralaDevelopment #WaterBudget #ExtremePovertyEradication #DistrictPanchayat

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia