Achievement | നടന്നു നടന്ന് വേൾഡ്‌വൈഡ് ബുക് ഓഫ് റെകോർഡ്‌സിൽ ഇടം നേടി കാസർകോട് സ്വദേശി; വിസ്മയം തീർത്ത് ഹനീഫ് മുഹമ്മദ് ബെണ്ടിച്ചാൽ

● കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് വിജയിയെ നിർണയിച്ചത്.
● വർഷങ്ങളായി യുഎഇയിൽ പ്രൊഫഷണൽ രംഗത്ത് സജീവമാണ് ഹനീഫ് മുഹമ്മദ്.
● നിലവിൽ അബുദബി സേഹ (SEHA) യുടെ കീഴിലുള്ള ഹോസ്പിറ്റലിൽ കമ്മ്യൂണിക്കേഷൻ ടീം ലീഡറായും സേവനമനുഷ്ഠിക്കുന്നു.
അബുദബി: (KasargodVartha) നടന്നു നടന്ന് വേൾഡ്‌വൈഡ് ബുക് ഓഫ് റെകോർഡ്‌സിൽ ഇടം നേടി കാസർകോട് സ്വദേശി. ബെണ്ടിച്ചാലിലെ ഹനീഫ് മുഹമ്മദ് (57) ആണ് ഒരു കിലോമീറ്റർ ഏറ്റവും വേഗത്തിൽ നടന്നു തീർത്ത് അഭിമാന നേട്ടം കൈവരിച്ചത്. അബുദബിയിൽ പ്യൂർ ഹെൽത്ത് (SEHA) സംഘടിപ്പിച്ച ലോകത്തിലെ ഏറ്റവും വേഗതയേറിയ ഒരു കിലോമീറ്റർ നടത്ത മത്സരത്തിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിയാണ് ഹനീഫ് മികവ് തെളിയിച്ചത്.
2024 ഡിസംബർ 18-ന് നടന്ന വാശിയേറിയ മത്സരത്തിൽ വീഡിയോ റെകോർഡ്, ട്രാക്ക് ലൊകേഷൻ, സമയം തുടങ്ങിയ കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് വിജയിയെ നിർണയിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരാർഥികളെ പിന്തള്ളി, വെറും ഏഴ് മിനിറ്റിനുള്ളിൽ ഒരു കിലോമീറ്റർ ദൂരം പൂർത്തിയാക്കിയാണ് ഹനീഫ് ലോക റെകോർഡ് സ്ഥാപിച്ചത്.
വർഷങ്ങളായി യുഎഇയിൽ പ്രൊഫഷണൽ രംഗത്ത് സജീവമാണ് ഹനീഫ് മുഹമ്മദ്. ഇന്റർനാഷണൽ രജിസ്റ്റേർഡ് ഓഫ് സർട്ടിഫിക്കേറ്റഡ് ഓഡിറ്റർ (IRCA, CQI) ക്വാളിറ്റി/ഹെൽത്ത് ആൻഡ് സേഫ്റ്റി ലീഡ് ഓഡിറ്റർ എന്ന നിലയിൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിലവിൽ അബുദബി സേഹ (SEHA) യുടെ കീഴിലുള്ള ഹോസ്പിറ്റലിൽ കമ്മ്യൂണിക്കേഷൻ ടീം ലീഡറായും സേവനമനുഷ്ഠിക്കുന്നു.
ഹനീഫിന്റെ നേട്ടത്തിന് പിന്നിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനവും ഏറെ വലുതാണ്. ഭാര്യ സഹനാസും മക്കളായ മഹ്ഫൂസ (ആർക്കിടെക്ട്, അബുദബി), മസ്‌ന (ക്ലിനികൽ ഡയറ്ററ്റിക്സ് വിദ്യാർഥി, മംഗ്ളുറു), മൻസർ (ബഡ്‌സ് സ്കൂൾ, ഉദുമ) എന്നിവരടങ്ങിയ കുടുംബത്തിന്റെ സ്നേഹവും പിന്തുണയുമാണ് ഹനീഫിന് ഈ നേട്ടം കൈവരിക്കാൻ പ്രചോദനമായത്.
#WorldRecord #Kasargod #UAE #RecordBreaking #FastWalking #Achievement