Library | ലൈബ്രറിയെ പുനരുജ്ജീവിപ്പിക്കാന്‍ കാസര്‍കോട് നഗരസഭ
പ്രമുഖ എഴുത്തുകാരെയും സാംസ്‌കാരിക നായകരെയും സ്‌കൂള്‍ അധികൃതരെയും ലൈബ്രറിയിലെ മെമ്പര്‍മാരെയും ഉള്‍പ്പെടുത്തി കാസര്‍കോട് നഗരസഭ 'പുനര്‍ജനി' എന്ന പേരില്‍ യോഗം സംഘടിപ്പിച്ചു
കാസര്‍കോട്: (KasargodVartha) 1930 ല്‍ കാസര്‍കോട് താലൂക്ക് ബോര്‍ഡ് ലൈബ്രറിയായി ആരംഭിക്കുകയും പിന്നീട് 1990 ഒക്ടോബര്‍ 27ന് റഫറന്‍സ് ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ ഓഫ് ദി മഹാത്മാ ഗാന്ധി സെന്റിനറി മെമോറിയല്‍ മുനിസിപ്പല്‍ ലൈബ്രറിയായി മാറുകയും ചെയ്ത മുനിസിപ്പല്‍ ലൈബ്രറിയെ പുനരുജ്ജീവിപ്പിക്കാന്‍ വിവിധ പദ്ധതികളുമായി കാസര്‍കോട് നഗരസഭ. ഇതിന്റ ഭാഗമായി പ്രമുഖ എഴുത്തുകാരെയും സാംസ്‌കാരിക നായകരെയും സ്‌കൂള്‍ അധികൃതരെയും ലൈബ്രറിയിലെ മെമ്പര്‍മാരെയും ഉള്‍പ്പെടുത്തി കാസര്‍കോട് നഗരസഭ 'പുനര്‍ജനി' എന്ന പേരില്‍ യോഗം സംഘടിപ്പിച്ചു. യോഗത്തില്‍ മുനിസിപ്പല്‍ ലൈബ്രറിയെ സജീവമാക്കുന്നതിനും വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും വായനാ ലോകത്തേക്കും ലൈബ്രറിയിലേക്കും ആകര്‍ഷിക്കുന്നതിനും വിവിധ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നു.
നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. എന്‍ എ. നെല്ലിക്കുന്ന് എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. റഹ് മാന്‍ തായലങ്ങാടി മുഖ്യപ്രഭാഷണം നടത്തി. കാസര്‍കോട് നഗരസഭ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എ അബ്ദുല്‍ റഹ് മാന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, കൗണ്‍സിലര്‍മാരായ പി രമേശ്, ലളിത എം, കാസര്‍കോട് സാഹിത്യ വേദി പ്രസിഡന്റ് പത്മനാഭന്‍ ബ്ലാത്തൂര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ദാമോദരന്‍, കാസര്‍കോട് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, സന്തോഷ് ഹുബാഷിക, രേഖ, കുമാരന്‍ മാഷ്, കെ എച്ച് മുഹമ്മദ്, വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍, പി ടി എ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് സ്വാഗതവും മുനിസിപ്പല്‍ എഞ്ചിനീയര്‍ ദിലീഷ് എന്‍ ഡി നന്ദിയും പറഞ്ഞു.