Budget | സമഗ്ര വികസനം ലക്ഷ്യമിട്ട് കാസര്‍കോട് നഗരസഭാ ബജറ്റ്; വീടില്ലാത്തവർക്ക് ഭവന പദ്ധതിക്ക് 2.25 കോടി രൂപ; നെല്ലിക്കുന്നില്‍ 'ബീച്ച് ഫെസ്റ്റ്'

● റോഡ്, ഓവുചാൽ, നടപ്പാത എന്നിവയുടെ പുനരുദ്ധാരണത്തിനായി 6.17 കോടി രൂപ.
● മാലിന്യ നിർമാർജ്ജനത്തിനായി 3.53 കോടി രൂപ.
● അംഗീകൃത ക്ലബ്ബുകൾക്കും സ്കൂളുകൾക്കും സ്പോർട്സ് കിറ്റുകൾ നൽകും.
കാസർകോട്: (KasargodVartha) നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 2025-26 വർഷത്തേക്കുള്ള കാസർകോട് നഗരസഭയുടെ ബജറ്റ് വൈസ് ചെയർപേഴ്സൺ ശംസീദ ഫിറോസ് അവതരിപ്പിച്ചു. 73.79 കോടി രൂപ വരവും 67.24 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 6.54 കോടി രൂപ നീക്കിയിരിപ്പാണ് കണക്കാക്കുന്നത്. നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു.
നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകി എല്ലാ വാർഡുകളിലെയും റോഡ്, ഓവുചാൽ, നടപ്പാത എന്നിവയുടെ പുനരുദ്ധാരണത്തിനായി 6.17 കോടി രൂപയുടെ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെരുവുവിളക്കുകളുടെ പരിപാലനം, വൈദ്യുതി ചാർജ്, ലൈൻ ദീർഘിപ്പിക്കൽ എന്നിവയ്ക്കായി 2.63 കോടി രൂപ വകയിരുത്തി. കറന്തക്കാട് - റെയിൽവേ സ്റ്റേഷൻ റോഡിൽ വീതിയുള്ള ഭാഗങ്ങളിൽ ഡിവൈഡറുകൾ സ്ഥാപിക്കാനും അലങ്കാര ലൈറ്റുകൾ സ്ഥാപിക്കാനും നടപടികൾ സ്വീകരിക്കും.
കാർഷിക മേഖലയുടെ ഉന്നമനത്തിനായി 47 ലക്ഷം രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. തെങ്ങ്, കവുങ്ങ് എന്നിവയ്ക്ക് ജൈവവളം നൽകുന്നതിനും വാഴ, നെല്ല്, പച്ചക്കറി കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികളുണ്ട്. കൂടാതെ 'പാങ്ങുള്ള പഴത്തോട്ടം, ചേലുള്ള പൂന്തോട്ടം' എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിക്കും. തരിശായ കൃഷിഭൂമി പാട്ടത്തിനോ അല്ലാതെയോ കൃഷിക്കായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഡ്രാഗൺ ഫ്രൂട്ട്, റമ്പൂട്ടാൻ, പപ്പായ തുടങ്ങിയ ഫലങ്ങളും മുല്ലപ്പൂ, ചെണ്ടുമല്ലി തുടങ്ങിയ പൂക്കളും കൃഷി ചെയ്യും. അയൽക്കൂട്ടങ്ങളുടെ സഹായത്തോടെ കൃഷി ചെയ്യുകയും ആഴ്ചയിൽ ഒരു ദിവസം കാർഷിക ചന്ത നടത്തുകയും ചെയ്യും.
വിദ്യാഭ്യാസ മേഖലയിൽ സർക്കാർ സ്കൂളുകൾക്ക് എസ്.എസ്.കെ വിഹിതം നൽകൽ, അറ്റകുറ്റപ്പണികൾ, ഫർണിച്ചർ, പാത്രങ്ങൾ, ലൈബ്രറി പുസ്തകങ്ങൾ വാങ്ങൽ, വൈദ്യുതി ബിൽ അടയ്ക്കൽ എന്നിവയ്ക്ക് പുറമെ മത്സര പരീക്ഷാ പരിശീലനം, സ്റ്റുഡൻസ് പോലീസ് കേഡറ്റ് ധനസഹായം, 'ബീച്ച് ടു ബെഞ്ച്', 'ഇതൾ' തുടങ്ങിയ പദ്ധതികൾക്കായി 1.7 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി അലക്ക് യൂണിറ്റ്, ബാൻഡ് സെറ്റ്, ആഭരണ നിർമ്മാണ യൂണിറ്റ്, ടൈലറിംഗ് യൂണിറ്റ് തുടങ്ങിയവ ഉൾപ്പെടെ വിവിധ വനിതാ ക്ഷേമ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ഈ വർഷം വനിതകൾക്കായി ഒരു 'ഫുഡ് ഫെസ്റ്റ്' സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കായികരംഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അംഗീകൃത ക്ലബ്ബുകൾക്കും സ്കൂളുകൾക്കും സ്പോർട്സ് കിറ്റുകൾ നൽകും. സ്കൂളുകളിലെ ഗ്രൗണ്ടുകൾ നവീകരിക്കും. ക്രിക്കറ്റ് പരിശീലനത്തിന് നെറ്റ്സ് സ്ഥാപിക്കും. ചെയർമാൻസ് ട്രോഫി ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ മത്സരങ്ങളും സംഘടിപ്പിക്കും.
ആരോഗ്യ മേഖലയിൽ സാധാരണക്കാർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി അലോപ്പതി, ആയുർവേദം, ഹോമിയോ ആശുപത്രികളുടെ നിലവാരം ഉയർത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും മരുന്ന് വാങ്ങുന്നതിനും പാലിയേറ്റീവ് കെയറിനുമായി 2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അർബൻ പി.എച്ച്.സി പ്രവർത്തനത്തിനും മൂന്ന് അർബൻ ഹെൽത്ത് & വെൽനെസ് സെന്ററുകൾക്കുമായി 50 ലക്ഷം രൂപയും എച്ച്.ഐ.വി, ടി.ബി, ഡയാലിസിസ് രോഗികൾക്ക് സഹായധനവും നൽകും. ആയുർവേദ ആശുപത്രിയിൽ നെറ്റ്‌വർക്ക് സംവിധാനം സ്ഥാപിക്കാൻ 1.5 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
മാലിന്യ നിർമാർജ്ജനത്തിനായി കേളുഗുഡ്ഡെയിലെ ഡംപ്സൈറ്റ് ബയോറെമഡിയേഷൻ ചെയ്യുന്നതിന് 3.53 കോടി രൂപയും വിദ്യാനഗർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആർ.ആർ.എഫ്) നിർമ്മിക്കുന്നതിന് 97 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. നഗരത്തിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കാനും നടപടികൾ സ്വീകരിക്കും.
ഭിന്നശേഷിയുള്ളവർക്ക് പെൻഷൻ, സ്കോളർഷിപ്പ്, കോക്ലിയർ ഇംപ്ലാന്റ്, വീൽചെയർ തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുന്നതിനായി 30.5 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഭവന രഹിതർക്കായുള്ള പി.എം.എ.വൈ ലൈഫ് ഭവന പദ്ധതിക്കായി 2.32 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുവരെ 238 വീടുകൾ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ട്. ഫണ്ട് ലഭ്യതയിലെ കാലതാമസവും സാങ്കേതിക പ്രശ്നങ്ങളും കാരണം നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തവർക്ക് സഹായം നൽകും.
പട്ടികജാതി പട്ടികവർഗ കുടുംബങ്ങളുടെ ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 1.15 കോടി രൂപയും വിദ്യാർത്ഥികൾക്ക് പഠനമുറി ഒരുക്കുന്നതിന് 4 ലക്ഷം രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. നഗരസഭ വെറ്ററിനറി കേന്ദ്രത്തിന് 24 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിലൂടെ ഓഫീസ് ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങൽ, മരുന്നുകൾ വാങ്ങൽ, ധാതുലവണ മിശ്രിതങ്ങളും വിരമരുന്ന് വിതരണം ചെയ്യൽ, മൊബൈൽ വെറ്ററിനറി യൂണിറ്റ് ശക്തിപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കും.
തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്, ഫർണിച്ചർ തുടങ്ങിയവ വാങ്ങുന്നതിനുള്ള പദ്ധതിക്കായി 7.98 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വയോജനങ്ങളുടെ ക്ഷേമത്തിനായി ഉല്ലാസ യാത്ര, പോഷകാഹാരം തുടങ്ങിയ പദ്ധതികൾക്കായി 13 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ടൂറിസം വികസനത്തിന്റെ ഭാഗമായി നെല്ലിക്കുന്ന് ബീച്ചിൽ 1.755 കോടി രൂപയുടെ ബീച്ച് പാർക്ക് നിർമ്മിക്കാൻ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. തളങ്കര പടിഞ്ഞാർ പഴയ ഹാർബറിൽ റിസോർട്ട്, ഫുട്ബോൾ ഗ്രൗണ്ട്, കഫേ, ഫോട്ടോ പോയിന്റ് തുടങ്ങിയവ ഉൾപ്പെടുന്ന വലിയൊരു പദ്ധതിയും നഗരസഭ ലക്ഷ്യമിടുന്നു.
മഹാത്മാഗാന്ധി സെന്റിനറി ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങുന്നതിനും ലൈബ്രറി കൂടുതൽ ആകർഷകമാക്കുന്നതിന് ഓപ്പൺ റീഡിംഗ് റൂം നിർമ്മിക്കുന്നതിനും സാംസ്കാരിക പരിപാടികൾക്കായി സ്റ്റേജ് നിർമ്മിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. കൂടാതെ സാംസ്കാരിക തനിമ വിളിച്ചോതുന്ന രീതിയിൽ നെല്ലിക്കുന്ന് ബീച്ചിൽ 'ബീച്ച് ഫെസ്റ്റ്' സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സാംസ്കാരിക പരിപാടികൾ, ബുക്ക് ഫെയർ, കായിക മത്സരങ്ങൾ, ഫുഡ് ഫെസ്റ്റിവൽ എന്നിവ ഉണ്ടാകും.
അങ്കണവാടി കുട്ടികൾക്കായി കലോത്സവം, യൂണിഫോം, ബാഗ്, അങ്കണവാടികളിൽ എ.സി സ്ഥാപിക്കൽ തുടങ്ങിയവയ്ക്കായി 74 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മൃഗസംരക്ഷണം, വനിതാ വികസനം, കുടുംബശ്രീ, വിദ്യാഭ്യാസം, കായികം, ആരോഗ്യം, കലാ-സാംസ്കാരികം, ഭിന്നശേഷിക്കാരുടെ ക്ഷേമം, ചെറുകിട വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലെയും വികസനത്തിന് ഊന്നൽ നൽകുന്നതാണ് ബജറ്റ്. ബജറ്റ് അവതരണ ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി, എഞ്ചിനീയർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kasargod Municipality's budget for 2025-26 focuses on comprehensive development, housing schemes, beach fest, and many other welfare projects for various sectors.
#KasargodBudget #Development #BeachFest #HousingScheme #WelfareProjects #MunicipalBudget